Sorry, you need to enable JavaScript to visit this website.
Thursday , September   24, 2020
Thursday , September   24, 2020

സൗദാമിനി ടീച്ചർ ഇനിയും വാ കുരുവീ.. വരു കുരവീ ...എന്ന്  നീട്ടിച്ചൊല്ലണം

ചെറിയ ക്ലാസുകളിൽ  നിന്ന് മാതൃഭാഷ എടുത്തു മാറ്റാൻ സാധിച്ചാൽ തൽപ രകക്ഷികളുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെടും. കുട്ടികൾ ഹൈസ്‌കൂൾ കഌസിലെത്തുമ്പോൾ മാതൃഭാഷ മനസ്സിലാകാത്ത സ്ഥിതിയിലെത്തിക്കുകയാണ്  ഇവരുടെ ദീർഘകാല പരിപാടി.

മലയാള ഭാഷയോടുള്ള സമീപനത്തിലെ ഇരട്ടത്താപ്പ് പുതിയതൊന്നുമല്ല.
മാതൃഭാഷ നിർബന്ധിത പാഠ്യവിഷയമായിരിക്കണമെന്ന് വാ തോരാതെ പറയുന്നവർ തന്നെ ലഭ്യമാകുന്ന ആദ്യ അവസരത്തിൽ അത് നടപ്പാക്കാതിരിക്കാനുള്ള വഴി തേടുന്നത് ഏറെ പരിചിതമായ കേരളാനുഭവം.  പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലാകണമെന്നത് ഏറ്റവും പുതിയ  ദേശീയ വിദ്യാഭ്യാസ നയത്തിലും എഴുതിച്ചേർത്തിട്ടുണ്ട്. ഒരുപാട് പഠന മനനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അങ്ങനെയൊരു തീരുമാനത്തിൽ വിദ്യാഭ്യാസ വിചക്ഷണർ എത്തിച്ചേർന്നിട്ടുണ്ടാവുക എന്നുറപ്പ്.  ഇപ്പറഞ്ഞതിനെയെല്ലാം ഇല്ലാതാക്കിക്കളയുന്ന കുതന്ത്രമാണ് സമീപ കാലത്തായി പി.എസ്.സി എന്ന ഭരണഘടനാ സ്ഥാപനത്തിൽ നിന്നു പോലും ഉണ്ടാവുന്നത്.  
പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് മലയാള ഭാഷയിൽ സവിശേഷ പരിജ്ഞാനം  ആവശ്യമില്ലെന്ന പി.എസ്.സി തീരുമാനം ഞെട്ടിക്കുന്നതാണ്. മലയാളവുമായി ആത്മബന്ധമില്ലാത്ത അധ്യാപക തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുന്നവരുടെ ദുഷ്ടലാക്കിന് വലിയ മാനങ്ങളുണ്ടാകാം. 
മലയാളത്തിന്റെ മഹിത സംസ്‌കാരത്തിൽ വളരുന്ന, ആ ഭാഷയിൽ ചിന്തിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന  തലമുറയെ  ആരെങ്കിലും പേടിച്ചു തുടങ്ങിയോ? പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയുടെ പാഠ്യപദ്ധതിയിൽനിന്ന് മാതൃഭാഷയെ എന്നെന്നേക്കുമായി എടുത്തു മാറ്റാനുള്ള നീക്കം ഭാഷാസ്‌നേഹികളോടും തലമുറകളോടുമുള്ള  വെല്ലുവിളിയല്ലാതെ മറ്റൊന്നുമല്ല.   കേരള പാഠാവലി  എന്ന പാഠപുസ്തകം കേരളീയ തലമുറയെ ഭാഷാ വഴിയിൽ നേരെ നടത്തി വന്ന പുസ്തകമാണ്. ഇപ്പറഞ്ഞ പുസ്തകം സ്വാധീനിച്ചതു പോലെ മലയാളി തലമുറകളെ മറ്റൊരു പാഠപുസ്തകവും സ്വാധീനിച്ചിട്ടുണ്ടാവില്ല. 
പ്രൊഫസർ കൽപറ്റ നാരായണൻ 1985 ലെ  ബ്രണ്ണൻ കോളേജ് മാഗസിനിൽ എഴുതിയ   ചെറിയൊരു കുറിപ്പുണ്ട്. സെപ്റ്റംബർ അഞ്ച് എന്ന തലക്കെട്ടിലുള്ള കുറിപ്പിലെ പ്രധാന കഥാപാത്രം  ഒരധ്യാപികയാണ്. സൗദാമിനി ടീച്ചർ ഇപ്പോഴും രണ്ടിലാണ് എന്ന് തുടങ്ങുന്ന കുറിപ്പിൽ ടീച്ചർ എത്രയോ തലമുറകളെ വാ കുരുവീ, വരു കുരുവീ ...എന്ന് ചൊല്ലി പഠിപ്പിക്കുന്നുണ്ട്.   
കൽപറ്റയുടെ സൗദാമിനി ടീച്ചർ ഇപ്പോഴും സമസ്ത പദങ്ങൾ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. വർഷത്തിലൊരിക്കൽ ഒരു പ്രത്യേക ഋതുവിൽ പുറത്തേക്ക് നോക്കി വാ കുരവീ വരു കുരവീ...  എന്ന് പാടി നോക്കുന്ന ടീച്ചർക്കൊപ്പം കുട്ടികളും അവരാലാകും വിധം അങ്ങനെ പാടുകയാണ്.  ഇങ്ങനെയൊക്കെയാണ് മലയാളം എന്ന ഭാഷയും അതിന്റെ സംസ്‌കാരവും ലോകത്ത് നിലനിന്നത്.  
ഒരു കാലത്ത്  ടി.ടി.സി എന്നറിയപ്പെട്ട പരിശീലനം പൂർത്തിയാക്കിയ അധ്യാപകരായിരുന്നു ആത്മാവിൽ തൊടുംവിധം ഇങ്ങനെ ഭാഷ പഠിപ്പിച്ചത്.  ഇന്ന് ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ എന്നു പേരുള്ള കോഴ്‌സാണ് നിലവിലുള്ളത്. ആ  പാഠ്യപദ്ധതിയിലും  നാലു സെമസ്റ്ററിലും ഓരോ പേപ്പർ മലയാള ഭാഷയും സാഹിത്യവുമാണ് പഠിപ്പിച്ചുകൊണ്ടിരുന്നത്. പ്രൈമറി അധ്യാപക നിയമനത്തിന് 20 ശതമാനം ചോദ്യങ്ങൾ പി.എസ്.സി ഈ വിഭാഗത്തിൽനിന്ന് ഉൾപ്പെടുത്തി വന്നു. ഇനിയങ്ങനെ ഉണ്ടാകില്ല എൽ.പി വിഭാഗം അധ്യാപക നിയമനത്തിനുള്ള പി.എസ്.സി പരീക്ഷയിൽ പൊതുവിജ്ഞാനം, സമകാലീന കാര്യങ്ങൾ, സാമൂഹിക ശാസ്ത്രം, കേരള നവോത്ഥാനം, ജനറൽ സയൻസ്, കണക്ക്, വിദ്യാഭ്യാസ മനഃശാസ്ത്രം എന്നീ വിഷയങ്ങളിലാവും ഇനി ചോദ്യങ്ങൾ. മലയാള ഭാഷക്കും സാഹിത്യത്തിനും ഒരു സ്ഥാനവും ഉണ്ടാകില്ല. അതെ, സൗദാമിനി ടീച്ചർമാർ ഇനി വാ കുരവിയും വരു കുരുവിയും പോലുള്ള വരികൾ  ചൊല്ലില്ല. അവർ ഇനി മേലിൽ ബാ...ബാ..ബ്ലാക്ക് ഷീപ്പ് എന്ന് പഠിപ്പിക്കണമെന്നാണ് പുതിയകാല സായിപ്പന്മാരുടെ മോഹം.  പ്രാഥമിക കഌസുകളിൽ നിന്ന് മാതൃഭാഷയെ കുടിയിറക്കാനുള്ള ക്രൂരമായ ആസൂത്രണമല്ലാതെ മറ്റൊന്നുമല്ല. ഇതൊക്കെയെന്ന്  ആർക്കാണ് മനസ്സിലാകാത്തത്.
ചെറിയ ക്ലാസുകളിൽ  നിന്ന് മാതൃഭാഷ എടുത്ത് മാറ്റാൻ സാധിച്ചാൽ തൽപര കക്ഷികളുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെടും. കുട്ടികൾ ഹൈസ്‌കൂൾ കഌസിലെത്തുമ്പോൾ മാതൃഭാഷ മനസ്സിലാകാത്ത സ്ഥിതിയിലെത്തിക്കുകയാണ്  ഇവരുടെ ദീർഘകാല പരിപാടി.
പുതിയ തലമുറയെ മാതൃഭാഷയിൽ നിന്നകറ്റാൻ ഇതിൽപരം ഫലപ്രദമായ മറ്റൊരു മാർഗമുണ്ടാകില്ല. അധ്യാപക നിയമനത്തിന്റെ സിലബസിൽനിന്ന് ഭാഷാ പഠനത്തെ ഒഴിവാക്കാനുള്ള തൽപര കക്ഷികളുടെ കുതന്ത്രം തിരിച്ചറിഞ്ഞ ഐക്യമലയാള പ്രസ്ഥാനം പ്രക്ഷോഭ രംഗത്തിറങ്ങിയിട്ടുണ്ട്. പി.എസ്.സി നവംബറിൽ നടത്തുന്ന പ്രൈമറി അധ്യാപക നിയമന പരീക്ഷയിൽ മലയാള ഭാഷാ പരിജ്ഞാനം ഉൾപ്പെടുത്താതിനെതിരെയുള്ള ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമര മുൻനിരയിൽ  അടൂർ ഗോപാലകൃഷ്ണനെ പോലുള്ള പ്രമുഖരുണ്ട്. ആദ്യഘട്ടമായി ഓൺ ലൈനിൽ മുഖ്യമന്ത്രിക്ക് ഭീമ ഹരജി നൽകും. മലയാളത്തിനായുള്ള പോരാട്ടത്തിന്  ലോകത്തെങ്ങുമുള്ള മലയാള ഭാഷാ സ്‌നേഹികളുടെ പിന്തുണ അനിവാര്യം. അതുണ്ടാവുക തന്നെ ചെയ്യുമെന്ന് അനുഭവങ്ങൾ പറഞ്ഞു തരുന്നു.
 

Latest News