Sorry, you need to enable JavaScript to visit this website.

നാല് സംസ്ഥാനങ്ങളില്‍ അരലക്ഷത്തിലേറെ സജീവ കോവിഡ് കേസുകള്‍; ഓക്‌സിജന് ക്ഷാമമില്ല

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍  
അരലക്ഷത്തിലേറെ ആക്ടീവ് കേസുകള്‍.

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് കേസുകള്‍ 50 ലക്ഷത്തിലെത്തിയിരിക്കെ, നാല് സംസ്ഥാനങ്ങളില്‍ അരലക്ഷത്തിലേറെ ആക്ടീവ് കേസുകള്‍. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ 50,000-ലേറെ സജീവ കേസുകളാണുള്ളത്. 18 സംസ്ഥാനങ്ങളില്‍ 5,000 മുതല്‍ 50,000 വരെ സജീവ കേസുകളും 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും 5,000 ല്‍ താഴെ സജീവ കേസുകളുമുണ്ട്.

മൊത്തം സജീവ കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്ര (29.5%), കര്‍ണാടക (9.9%), ആന്ധ്രപ്രദേശ് (9.4%), ഉത്തര്‍പ്രദേശ് (6.8%), തമിഴ്‌നാട് (4.7%) എന്നീ സംസ്ഥാനങ്ങളിലാണെന്ന്  ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

കോവിഡ് ഗുരുതരമാകുന്ന രോഗികളില്‍ ആറു ശതമാനത്തിന് ഓക്‌സിജന്‍ വേണ്ടിവരുന്നുണ്ടെന്നും  രാജ്യത്ത് രോഗികള്‍ക്ക് ഓക്‌സിജന് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പ്രതിദിനം 6,900 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കോവിഡ് ബാധിതര്‍ക്കും മറ്റു രോഗികള്‍ക്കുമായി 2,800 മെട്രിക് ടണ്‍ ഓക്‌സിജനാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഏകദേശം 2,200 മെട്രിക് ടണ്‍ ഉപയോഗിക്കുന്നു. ദേശീയ തലത്തില്‍ ഓക്‌സിജന്റെ കുറവ് നേരിടുന്നില്ലെന്നും ഓക്‌സിജന്‍ മിച്ചമാണെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.
മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും കോവിഡ് ബാധിതര്‍ കുത്തനെ ഉയരുമ്പോള്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കേസുകള്‍ കുറയുന്ന സൂചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവിടങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ചയായി പ്രതിദിന കേസുകള്‍ വര്‍ധിക്കുന്നില്ല.

രാജ്യത്ത് ചൊവ്വാഴ്ച വരെ  81,498 പേരാണ് കോവിഡ് മൂലം മരിച്ചത്. കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ആഴ്ചകളിലുള്ള ശരാശരി മരണങ്ങള്‍  മന്ത്രാലയം വിശകലനം ചെയ്യുന്നുണ്ട്.  ഉത്തര്‍പ്രദേശില്‍ മരണനിരക്ക് വര്‍ദ്ധിച്ചുവരുമ്പോള്‍ ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ മൂന്നാഴ്ചയായും തമിഴ്‌നാട്ടില്‍ നാലാഴ്ചയായും കുറയുന്ന സൂചനകളാണുള്ളത്.  

വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് പോസിറ്റീവാകുന്ന കേസുകളുടെ എണ്ണം പഠിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 21.5 ശതമാനമാണ് പോസിറ്റീവ് നിരക്കെന്നും പരിശോധന വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും കണ്ടെത്തി. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളില്‍ പരിശോധന കൂടുതല്‍ വേഗത്തിലാക്കേണ്ടിവരുമെന്നും  പോസിറ്റീവ് നിരക്ക് ദേശീയ ശരാശരിയായ 8.4 ശതമാനത്തില്‍ താഴെ
എത്തിക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു.

39 ലക്ഷത്തിലധികം കോവിഡ് രോഗികള്‍ ഇന്ത്യയില്‍ സുഖം പ്രാപിച്ചിട്ടുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കൊറോണ വൈറസ് റിസോഴ്‌സ് സെന്ററിന്റെ കണക്കനുസരിച്ച്, ലോകത്ത് ഏറ്റവുമധികം കോവിഡ് മുക്തി  നേടിയത് ഇന്ത്യയിലാണ്.

 

 

Latest News