Sorry, you need to enable JavaScript to visit this website.
Thursday , September   24, 2020
Thursday , September   24, 2020

ജലീലിനെ കുരുക്കി കോൺഗ്രസിനെ ശക്തിപ്പെടുത്തരുതെന്ന് കേന്ദ്ര നിർദേശം


തിരുവനന്തപുരം- മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കുന്ന സാഹചര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നു. ഈ സംഭവങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് ആർക്കും അവസരം നൽകാതിരിക്കാനാണ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ഒരുങ്ങുന്നത്. അതോടൊപ്പം, ജലീലിനെ കുരുക്കി കോൺഗ്രസിനെ ശക്തിപ്പെടുത്തരുതെന്ന് കേന്ദ്ര സർക്കാരും ബി.ജെ.പിയും നിർദേശം നൽകിയതായും അറിയുന്നു. അതിന്റെ ഭാഗമായാണ് എൻഫോഴ്‌സ്‌മെന്റ് നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നത്. 


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ യു.എ.ഇ കോൺസുലേറ്റ് വഴി ഖുർആൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാഷ്ട്രീയ വിഷയമാക്കി ഉയർത്തി കൊണ്ടുവരാനുള്ള കോൺഗ്രസിന്റെയും മറ്റും നീക്കങ്ങൾക്ക് ഇതിലൂടെ തടയിടാനാകും. യു.ഡി.എഫ് ശക്തമായി സമരം നടത്തുന്നത് മന്ത്രിയുടെ നിലപരിങ്ങലിലാക്കും. ബി.ജെ.പിയുംസമര രംഗത്തുണ്ട്. ഈ സമരങ്ങൾമൂലം ഗുണം കിട്ടുക യു.ഡിഎഫിനായിരിക്കും. ഇപ്പോഴത്തെ വിവാദം യു.ഡി.എഫിന് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്നു തന്നെയാണ്  ബി.ജെ.പി കേന്ദ്ര നേതൃത്വം കരുതുന്നത്. യു.ഡി.എഫ് കേരളത്തിൽ അധികാരത്തിലെത്തുന്നത് കോൺഗ്രസിനെ കേന്ദ്ര തലത്തിൽ ശക്തിപ്പെടുത്താൻ സഹായിക്കും.
കേരളത്തിൽ അടുത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരിക്കുമോ രമേശ് ചെന്നിത്തലയായിരിക്കുമോയെന്ന നിലയിലുള്ള ചർച്ചകൾ പോലും മാധ്യമങ്ങളിവിടെ തുടങ്ങിവെച്ചുകഴിഞ്ഞു. ഇപ്പോഴത്തെ കലക്കവെള്ളത്തിൽ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ബി.ജെ.പിക്ക് മീൻ പിടിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രാജ്യത്ത് കോൺഗ്രസിനെ ദുർബലപ്പെടുത്തുകയെന്നതാണ് ബി.ജെ.പിയുടെ നയം.


കേന്ദ്രത്തിൽ ബദലായി ഉയർന്നുവരാൻ കെൽപ്പുള്ള പാർട്ടി ഇപ്പോഴും കോൺഗ്രസ് മാത്രമാണുള്ളത്. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതിലൂടെ മാത്രമെ ബി.ജെ.പി കാര്യമായ എതിരാളിയില്ലാതെ തുടർച്ചയായി ഭരണം കൈയാളാൻ പറ്റുകയുള്ളൂ. ഈ സാഹചര്യത്തിൽ ഇപ്പോൾ മന്ത്രി കെ.ടി.ജലീലിനെതിരെയും മറ്റും ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളുടെ നിജസ്ഥിതി വേഗത്തിൽ പരിശോധിക്കാനാണ് ഇ.ഡി ശ്രമം നടത്തുന്നത്. മന്ത്രിയെ ഇവിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വിവരം ദൽഹിയിൽ നിന്നാണ് പുറത്തായത്. രഹസ്യമായി സൂക്ഷിക്കാൻ മന്ത്രിയെപ്പോലെ ഉദ്യോഗസ്ഥരും പരിശ്രമിച്ചിട്ടുള്ളതായി ആരോപണമുണ്ട്.


സ്വർണക്കടത്ത് കേസിലും കേന്ദ്രമന്ത്രി വി.മുരളീധരന്റെ നിലപാട് ശ്രദ്ധേയമാണ്. നയതന്ത്ര ബാഗിലല്ല സ്വർണം കടത്തിയതെന്ന നിലപാട് കേന്ദ്രമന്ത്രി വി.മുരളീധരൻ ആവർത്തിക്കുന്നതും വിഷയത്തിന്റെ ഗൗരവം കുറക്കുന്നതിന് സഹായകരമാകുന്നുണ്ട്. നയതന്ത്ര ബാഗെന്ന് എഴുതിയ ബാഗിലാണ് സ്വർണക്കള്ളക്കടത്ത് നടത്തിയെന്നാണ് കേന്ദ്രമന്ത്രി തുടക്കം മുതൽ ഉറച്ചു നിൽക്കുന്നത്. നയതന്ത്ര ബാഗിലാണ് സ്വർണം കടത്തിയതെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും അത് ബാധിക്കുന്ന കാര്യമാണ്. ഇന്ത്യയുടെ സുഹൃദ് രാജ്യമാണ് യു.എ.ഇ. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം യു.എ.ഇയുടെ പ്രതിച്ഛായയെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേസ് വലിച്ചുനീട്ടിക്കൊണ്ടു പോകാനുള്ള സാധ്യത വിരളമാണ്.


ജലീലിനെതിരായ ആക്ഷേപങ്ങൾ ദ്രുതഗതിയിൽ അന്വേഷിച്ച് ക്ലിൻചീറ്റ് നൽകാനുള്ള നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഈ നടപടി സംശയകരമാണ്. ജലീലിന് ക്ലീൻചീറ്റ് നൽകാൻ തയാറായ ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷിക്കണം. ഇതിന് കേന്ദ്ര ധനമന്ത്രാലയവും ബി.ജെ.പി നേതൃത്വവും മറുപടി നൽകണം. ജലീൽ വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വിശദീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മന്ത്രി കെ.ടി ജലീലിന് ക്ലീൻചീറ്റ് നൽകാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിന് പിന്നിൽ ദൂരൂഹതയുണ്ടെന്നും ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തർധാര ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ഇ.ഡി ഡിപ്പാർട്ട്മെന്റിന്റെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളുടെ ഇടയ്ക്കിടെയുള്ള ആശുപ്രതി വാസം ദുരൂഹമാണ്. ഇത് അന്വേഷിക്കപ്പെടണം. പ്രതികളുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ പോലീസുകാരുടേയും ആശുപത്രി ജീവനക്കാരുടേയും ഫോൺ രേഖകൾ പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.