Sorry, you need to enable JavaScript to visit this website.
Thursday , September   24, 2020
Thursday , September   24, 2020

സഹ്യാദ്രിയുടെ രത്‌നം ലോണാവാല 

ലോണാവാലയുടെ പ്രകൃതിഭംഗി. 
ലോണാവാല ടൗൺ
ലോണാവാലയുടെ പ്രകൃതിഭംഗി. 
ലോണാവാലയുടെ പ്രകൃതിഭംഗി. 
ലോണാവാലയുടെ പ്രകൃതിഭംഗി. 
ലോണാവാല റെയിൽവേ സ്‌റ്റേഷൻ 
ലോണാവാല ടൗൺ
ലോണാവാലയുടെ പ്രകൃതിഭംഗി. 
ലോണാവാലയുടെ പ്രകൃതിഭംഗി. 

മുംബൈ മഹാനഗരത്തിൽ കഴിയുന്നവർക്ക് ആശ്വാസത്തിന്റെ തുരുത്താണ് ലോണാവാല എന്ന സുന്ദര ഭൂപ്രദേശം. സെലിബ്രിറ്റികളും വ്യവസായ പ്രമുഖരും ഇടയ്ക്ക് വിശ്രമിക്കാനെത്തുന്ന സ്ഥലം എന്നതിലുപരി സാധാരണക്കാർക്ക് പോലും പ്രാപ്യമായ ടൂറിസം ഡെസ്റ്റിനേഷനാണിത്. 


സഹ്യാദ്രി മലനിരകളുടെ ഭാഗമായ ലോണാവാല എന്ന സുന്ദരമായ ഹിൽസ്‌റ്റേഷൻ സമുദ്ര നിരപ്പിൽ നിന്ന് 625 മീറ്റർ ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നത്. മുംബൈ, പൂനെ എന്നീ നഗരങ്ങളിൽനിന്ന് വെറും 100 കിലോമീറ്റർ യാത്ര ചെയ്താൽ എത്തിച്ചേരാം എന്നത് തന്നെയാണ് ലോണാവാലയെ നഗരവാസികളുടെ ഇഷ്ട സ്ഥലമാക്കി മാറ്റുന്നത്. മുംബൈ - പൂനെ റെയിൽപാതയിലെ ഒരു സ്‌റ്റേഷനാണ് ലോണാവാല. യഥേഷ്ടം ട്രെയിൻ സർവീസുകളുള്ള ലോണാവാലയിൽ എത്തിച്ചേരാൻ ഒട്ടും  പ്രയാസവുമില്ല.  

മുംബൈ- പൂനെ എക്‌സ്പ്രസ് ഹൈവേ കടന്നുപോകുന്നത് ലോണാവാലയിൽ കൂടിയാണ്.  ഗുഹകൾ എന്നർത്ഥം വരുന്ന ലോണവ്‌ലി എന്ന സംസ്‌കൃത വാക്കിൽ നിന്നാണ് ലോണാവാലയ്ക്ക് ആ പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. ലെൻ ആവലി എന്ന വാക്കിൽ നിന്നാണ് ലോണാവാല എന്ന പേരുണ്ടായത് എന്നും കരുതുന്നവരുണ്ട്. 


ലെൻ ആവലി കരിങ്കല്ലിൽ കൊത്തിയുണ്ടാക്കിയ വിശ്രമ സ്ഥലത്തേയാണ് ലെൻ എന്ന് വിളിക്കുന്നത്. ആവലി എന്നവാക്കിന്റെ അർത്ഥം കൂട്ടം എന്നാണ്. ലോണാവാലയിൽ ഇത്തരത്തിൽ നിരവധി വിശ്രമ സ്ഥലങ്ങൾ ഉള്ളതിനാലാവാം ലെൻ ആവലി എന്ന പേരുണ്ടായത്.  പണ്ട് കാലത്ത് ലോണാവാല ഭരിച്ചിരുന്നത് യാദവ രാജാക്കന്മാർ ആയിരുന്നു. പിന്നീട് വന്ന മുഗൾ രാജാക്കന്മാർ ലോണാവാലയുടെ രാജ്യതന്ത്ര പ്രാധാന്യം മനസ്സിലാക്കുകയും വളരെക്കാലം ഭരണം തുടരുകയും ചെയ്തു. 


 1871 ൽ ബോംബെ ഗവർണർ സർ എൽഫിൻസ്‌റ്റോൺ ലോണാവാല കണ്ടെത്തുമ്പോൾ ജനവാസം കുറഞ്ഞ ഇടതിങ്ങിയ കാട്ടുപ്രദേശമായിരുന്നു. ബ്രിട്ടീഷുകാരാണ് ലോണാവാലയെ ഒരു ഹിൽസ്‌റ്റേഷനായി ഉയർത്തിയത്. സഹ്യപർവ്വതത്തിന്റെ രത്‌നാഭരണം എന്നറിയപ്പെടുന്ന ലോണാവാല ഹൈക്കിംഗിനും ട്രെക്കിംഗിനും പറ്റിയ സ്ഥലമാണ്. ചരിത്ര പ്രാധാന്യമുള്ള കോട്ടകൾ, പ്രാചീന കാലത്തെ ഗുഹകൾ, സുന്ദരമായ തടാകങ്ങൾ തുടങ്ങിയ കാഴ്ചകളൊക്കെ ലോണാവാലയിൽ കാണാം.  ഡക്കാൻ പീഠഭൂമി ഒരു വശത്തും കൊങ്കൺ തീരപ്രദേശം മറു വശത്തുമായി പരന്നു കിടക്കുന്ന മനോഹര ദൃശ്യം ലോണാവാലയിലെ മലമുകളിൽ നിന്ന് കാണാം. മഴക്കാലമാണ് സുന്ദരമായ ഈ കാഴ്ചകൾ കാണാൻ പറ്റിയ സമയം. പാവന തടാകം, വളവൻ തടാകം, തുംഗാർലി തടാകം, അണക്കെട്ട്, തുംഗിലെയും ടിലോണയിലെയും ലോഹഗൃഹിലെയും അതി പുരാതനമായ കോട്ടകൾ എന്നിവ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്. സുന്ദരമായ നിരവധി വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാൻ കഴിയും.

റായിവൂഡ് പാർക്ക് ലോണാവാലയിലെ വൃക്ഷസമൃദ്ധമായ വിശാലമായ ഒരു പൂന്തോട്ടമാണ്. അതുപോലെ വിനോദത്തിനു പറ്റിയ സ്ഥലമാണ് ശിവജി ഉദ്യാനവും.  മുംബൈ റെയിൽവേ സ്‌റ്റേഷനിൽനിന്ന് പൂനെ വഴിയുള്ള ഏത് ട്രെയിനിലും കയറിയാൽ ഇവിടെ എത്താം. എക്‌സ്പ്രസ് ട്രെയിനുകളും പാസഞ്ചറുകളും സുലഭം. നാട്ടിൽ പണ്ട് ബസ് സ്റ്റാന്റുകളിലും ട്രെയിനുകളിലും വാണിഭക്കാർ വടകര അരിച്ചക്കര മുറുക്ക് പറഞ്ഞ് വിൽക്കാനെത്താറില്ലേ, അത് പോലെ ലോണാവാല ചിക്കീ, ലോണാവാല ചിക്കീ എന്നും പറഞ്ഞ് ട്രെയിനിനകത്ത് മധുരം വിൽക്കാനെത്തിയ കുട്ടികളെയും കണ്ടു.

സംഗതി മറ്റൊന്നുമല്ല, നമ്മുടെ കടല മിഠായിയുടെ കുറച്ചുകൂടി ഉറച്ച രൂപം. രുചികരമാണെന്നത് പ്രത്യേകം പറയേണ്ടതില്ല. ലോണാവാലയുടെ പ്രകൃതി ഭംഗി കണ്ടാൽ അവിടെ തങ്ങാൻ ആരും കൊതിച്ചുപോകും. കുഴപ്പമില്ല. ഇഷ്ടം പോലെ റിസോർട്ടുകളും അതിഥി മന്ദിരങ്ങളുമുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ ക്ലാസിഫൈഡ്‌സിൽ നോക്കി ബുക്ക് ചെയ്ത് എത്തുന്നതാവും ബുദ്ധി.

Latest News