ന്യൂദൽഹി- സിവിൽ സർവീസിലേക്ക് മുസ്ലിങ്ങൾ കൂടുതലായി എത്തുന്നത് യു.പി.എസ്.സി ജിഹാദാണ് എന്നാരോപിച്ച് സംഘ്പരിവാർ ചാനലായ സുദർശൻ ടി.വി പ്രക്ഷേപണം ചെയ്യുന്ന വാർത്താധിഷ്ഠിത പരിപാടി ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സുപ്രീം കോടതി വിലക്കി. ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര,ജസ്റ്റിസ് കെ എം ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഈ കേസിൽ വാദം കേട്ടത്. മുസ്ലിം സമുദായത്തിൽ പെട്ടവർ സിവിൽ സർവീസിലേക്ക് നുഴഞ്ഞു കയറുന്നു എന്ന് ആരെയും പറയാൻ അനുവദിക്കില്ലെന്നും ഇങ്ങനെ പറയാൻ മാധ്യമ പ്രവർത്തകർക്ക് പരമാധികാരം ഇല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. മാധ്യമ സ്വാത്രന്ത്ര്യം പരമമല്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കി. മറ്റ് പൗരന്മാർക്ക് ഉള്ള സ്വാതന്ത്ര്യം മാത്രമേ മാധ്യമ പ്രവർത്തകർക്കും ഉള്ളു. അമേരിക്കയിലേത് പോലെ മാധ്യമ പ്രവർത്തകർക്ക് പ്രത്യേക സ്വാതന്ത്ര്യം ഇവിടെ ഇല്ലെന്നും അ്ദ്ദേഹം പറഞ്ഞു. ചില ചാനലുകളിലെ ചർച്ചകളിൽ ആങ്കർമാർ ആണ് കൂടുതൽ സമയവും സംസാരിക്കുന്നത്. പാനലിസ്റ്റുകളെ സ്വതന്ത്രം ആയി സംസാരിക്കാൻ അനുവദിക്കാറില്ല. ചില അവസരങ്ങളിൽ പാനലിസ്റ്റുകളുടെ മൈക്ക് പകുതി ഓഫ് ചെയ്യുക ആണ്. ചർച്ചകളിൽ നിഷ്പക്ഷരായ മാധ്യമപ്രവർത്തകരെയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിലെ ദുരന്തം ആയിരിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. പല വെബ് പോർട്ടലുകളുടെയും യഥാർത്ഥ ഉടമകൾ ആരാണ് എന്ന് പോലും വ്യക്തമല്ല. ഒരു സമാന്തര മാധ്യമം ഇവിടെ വളരുക ആണ്. ഒരു ലാപ് ടോപ്പും നെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ഒരാൾക്ക് ഈ സമാന്തര മാധ്യമ സംവിധാനത്തിലൂടെ വാർത്തകൾ ലക്ഷകണക്കിന് പേരിൽ എത്തിക്കാൻ കഴിയും. എന്നാൽ ഇത്തരം മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഇല്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.






