Sorry, you need to enable JavaScript to visit this website.
Tuesday , September   29, 2020
Tuesday , September   29, 2020

രാഷ്ട്രീയ കോപ്പയിലെ കൊടുങ്കാറ്റ്

സാമ്പത്തികമായോ മറ്റു രീതിയിലോ ഉള്ള നേട്ടങ്ങൾക്ക് പദവികളെ ദുരുപയോഗം ചെയ്യുന്നവർക്കുള്ളതാകരുത് പൊതുപ്രവർത്തനം. ഒരാൾ തെറ്റ് ചെയ്‌തോ എന്ന് കണ്ടെത്താൻ സമയമെടുത്തേക്കാം. എന്നാൽ തെറ്റിന്റെ നിഴലിൽ അവർ കഴിയുന്ന സമയം വിലയിരുത്തലുകളുടേതാണ്. ധനപരമോ രാഷ്ട്രീയമോ ആയ സ്വാധീനം കൊണ്ട് പദവികളിലെത്തുന്നവർ ആ പദവികളിലിരുന്ന് ചെയ്യുന്ന നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ വിലയിരുത്തൽ കൂടിയാണ് ജനാധിപത്യം. 

മലബാർ രാഷ്ട്രീയം കലങ്ങി മറിയുകയാണ്. മന്ത്രി ഡോ. കെ.ടി. ജലീലിനെതിരായ പ്രതിഷേധങ്ങൾ ഒരു ഭാഗത്ത്. മഞ്ചേശ്വരത്തെ മുസ്‌ലിം ലീഗ് എം.എൽ.എ ഖമറുദ്ദീനെതിരെ ഉയർന്ന നിക്ഷേപ തട്ടിപ്പ് വിവാദത്തിന്റെ കോലാഹലങ്ങൾ മറുഭാഗത്ത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് യഥാസമയം നടക്കില്ലെങ്കിലും അതു മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രചാരണ വിഷയങ്ങൾക്ക് മലബാറിൽ പഞ്ഞമുണ്ടാവില്ല.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയായ ഡോ.കെ.ടി. ജലീലിനെതിരെ ഉയർന്നിട്ടുള്ള ആരോപണം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടതല്ല. പ്രമാദമായ തിരുവനന്തപുരം സ്വർണക്കടത്തു കേസിന്റെ അന്വേഷണത്തിനിടെ കണ്ടെത്തിയ നയതന്ത്ര പാർസലാണ് മന്ത്രിക്കെതിരായ ആരോപണങ്ങളുടെ കെട്ടഴിച്ചിട്ടുള്ളത്. സ്വർണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷുമായി മന്ത്രി ജലീലിൽ ഫോണിൽ ബന്ധപ്പെട്ടത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമാണെന്ന് ഏറെക്കുറെ ബോധ്യം വന്നിരിക്കുന്നു. 
എന്നാൽ തിരുവനന്തപുരത്തുള്ള യു.എ.ഇ കോൺസുലേറ്റ് വഴി നടക്കുന്ന പാർസൽ ഇടപാടുകളിൽ സംശയിക്കത്തക്കതായി പലതുമുണ്ടെന്ന കണ്ടെത്തലാണ് പുതിയ അന്വേഷണങ്ങളുടെ വഴി തുറന്നിരിക്കുന്നത്. മാത്രമല്ല, വിദേശ രാജ്യവുമായി ഇടപാടുകൾ നടത്തുമ്പോൾ സംസ്ഥാനം കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ടെന്ന പ്രോട്ടോകോൾ പ്രശ്്‌നവും ഉയർന്നിട്ടുണ്ട്. പണ്ടേ മോശമായി കിടക്കുന്ന കേന്ദ്ര-സംസ്ഥാന തർക്കം കൂടുതൽ രൂക്ഷമാക്കുന്ന ഒന്നാണ് ഇപ്പോൾ ഉയർന്നിട്ടുള്ള പ്രോട്ടോകോൾ പ്രശ്‌നം.
യു.എ.ഇയിൽ നിന്ന് മതഗ്രന്ഥങ്ങൾ കേരളത്തിലേക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി ജലീലിനു പ്രധാനമായും വിശദീകരണം നൽകേണ്ടി വരുന്നത്. കേന്ദ്രത്തെ അറിയിക്കാതെ ഇത്തരത്തിൽ പാർസൽ വരുത്തിയതെന്തിന്, കൊണ്ടുവന്ന പാർസലിൽ മതഗ്രന്ഥങ്ങൾ തന്നെയായിരുന്നോ, അതിന്റെ മറവിലും സ്വർണക്കടത്ത് നടന്നോ തുടങ്ങിയവയാണ് ഉയരുന്ന പ്രധാന പ്രശ്‌നം. മതഗ്രന്ഥങ്ങളുടെ പ്രധാന അച്ചടിശാലകൾ കേരളത്തിൽ തന്നെയുള്ളപ്പോൾ വിദേശത്തു നിന്ന് അവയെന്തിന് കൊണ്ടുവന്നു എന്ന സംശയവും ബാക്കിയാണ്. 
ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും മന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. സി.പി.എമ്മിനെയും ഇടതു സർക്കാരിനെയും ഇത് വല്ലാതെ ത്രിശങ്കുവിലാക്കുകയും ചെയ്യുന്നു.
കാസർകോട്ട് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ മുസ്‌ലിം ലീഗ് വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണ്. പാർട്ടി എം.എൽ.എ ഖമറുദ്ദീന് ഈ കേസിൽ പ്രധാന പങ്കുണ്ടെന്ന് ഇതുവരെയുള്ള അന്വേഷണങ്ങളിൽ വ്യക്തമായിക്കഴിഞ്ഞു. മറ്റുള്ളവരുടെ പണം കൊണ്ട് ബിസിനസ് നടത്തി അതിന്റെ ലാഭം അനുഭവിക്കുകയെന്നത് മാനേജ്‌മെന്റ് പഠനത്തിലെ പ്രധാനമായ അധ്യായമാണ്. അദർ പീപ്പിൾസ് മണി (ഒ.പി.എം) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ ബിസിനസ് മോഡൽ പലപ്പോഴും പരാജയപ്പെടുന്നുവെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. കാസർകോട് ഫാഷൻ ജ്വല്ലറി തട്ടിപ്പു കേസിലും പുറത്തു വരുന്നത് ഈ പരാജയത്തിന്റെ കഥകളാണ്. 
നിക്ഷേപകർക്ക് പണം തിരിച്ചു നൽകി ഖമറുദ്ദീന്റെയും പാർട്ടിയുടെയും നാണക്കേട് ഇല്ലാതാക്കുകയെന്നതാണ് മുസ്്‌ലിം ലീഗ് നേതൃത്വം ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള നിലപാട്. കാസർകോട്ടെ പാർട്ടി നേതാക്കൾ തന്നെ പണം നൽകി പ്രശ്‌നം പരിഹരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം പറയാതെ പറഞ്ഞിട്ടുള്ളത്. നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്‌ലിം ലീഗിന് മധ്യസ്ഥന്റെ റോൾ മാത്രമാണുള്ളത്. നിക്ഷേപകരുടെ പരാതികളിൽ നിയമപരമായ നടപടികളുണ്ടാകുമ്പോൾ അതിൽ ഇടപെടാൻ ലീഗിന് കഴിയില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പു കാലങ്ങളിലെല്ലാം കാസർകോട്ടെ തട്ടിപ്പു കഥകൾ എതിർപാളയത്തിലെ പാണൻമാർ എന്തായാലും മലബാറിലാകെ പാടി നടക്കും.
മന്ത്രിയും എം.എൽ.എയും ആരോപണ വിധേയരായ രണ്ടു കേസുകളാണ് മുന്നിലുള്ളത്. രണ്ടിലും അടിസ്ഥാന വിഷയം പൊതുപ്രവർത്തനത്തിലെ ധാർമികതയാണ്. തട്ടിപ്പിലും അഴിമതിയിലും പേര് ചേർക്കപ്പെടുന്നതു പോലും പൊതുപ്രവർത്തകന്റെ ധാർമികതയെ ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ്. മന്ത്രി എന്ന നിലയിൽ ഡോ. ജലീലിന്റെ ഉത്തരവാദിത്തം നിർദേശം നൽകുക മാത്രമായിരിക്കാം. എന്നാൽ ആ നിർദേശം നടപ്പാക്കുന്നവരുടെ ഉദ്ദേശ്യ ശുദ്ധിയും മന്ത്രിയുടെ ഉത്തരവാദിത്തത്തിൽ പെട്ടതാണ്. മന്ത്രിയുടെ നിർദേശത്തിന്റെ മറവിൽ എന്ത് അഴിമതി നടന്നാലും അതിന്റെ ധാർമികമായ ഉത്തരവാദിത്തം ആ മന്ത്രിക്കുണ്ട്. പൊതുപ്രവർത്തകരുടെ കുപ്പായമിട്ട് നടക്കുന്ന ഓരോരുത്തരും ആ ഉത്തരവാദിത്തത്തെ കുറിച്ച് ബോധ്യമുള്ളവരായിരിക്കണം. മഞ്ചേശ്വരം എം.എൽ.എ ഖമറുദ്ദീന്റെ കാര്യത്തിലും ഇത് ബാധകമാണ്. നിക്ഷേപകരുടെ പണം തിരിച്ചു നൽകാമെന്ന് ഖമറുദ്ദീൻ പറഞ്ഞാലും മതഗ്രന്ഥങ്ങൾ തിരിച്ചേൽപിക്കാമെന്ന് മന്ത്രി ജലീൽ പറഞ്ഞാലും മായ്ച്ചകളയാനാകുന്നതല്ല ധാർമിക ച്യുതിയുടെ ആ കളങ്കപ്പാടുകൾ.
പൊതുജീവിതം സംശുദ്ധമായിരിക്കണമെന്ന ഓർമപ്പെടുത്തലാണ് ഇവിടെ വീണ്ടുമുയരുന്നത്. സാമ്പത്തികമായോ മറ്റു രീതിയിലോ ഉള്ള നേട്ടങ്ങൾക്ക് പദവികളെ ദുരുപയോഗം ചെയ്യുന്നവർക്കുള്ളതാകരുത് പൊതുപ്രവർത്തനം. ഒരാൾ തെറ്റ് ചെയ്‌തോ എന്ന് കണ്ടെത്താൻ സമയമെടുത്തേക്കാം. എന്നാൽ തെറ്റിന്റെ നിഴലിൽ അവർ കഴിയുന്ന സമയം വിലയിരുത്തലുകളുടേതാണ്. ധനപരമോ രാഷ്ട്രീയമോ ആയ സ്വാധീനം കൊണ്ട് പദവികളിലെത്തുന്നവർ ആ പദവികളിലിരുന്ന് ചെയ്യുന്ന നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ വിലയിരുത്തൽ കൂടിയാണ് ജനാധിപത്യം.
 

Latest News