അതിര്‍ത്തികള്‍ തുറന്നു; കിംഗ് ഫഹദ് കോസ് വെയില്‍ വാഹനങ്ങളുടെ നീണ്ട നിര

റിയാദ്- സൗദി അറേബ്യയുടെ അതിര്‍ത്തികളെല്ലാം ഇന്നു രാവിലെ ആറു മണിക്ക് തുറന്നു. വിമാനത്താവളങ്ങളില്‍ ഒറ്റപ്പെട്ട സര്‍വീസുകള്‍ ഉണ്ടായെങ്കിലും കരാതിര്‍ത്തികളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് സൗദിയിലെത്തിയവരില്‍ ഭൂരിഭാഗവും.
രാവിലെ ആറു മണിക്ക് തന്നെ ബഹ്‌റൈന്‍ അതിര്‍ത്തിയിലെ കിംഗ് ഫഹ്ദ് കോസ് വേയില്‍ വാഹനങ്ങളെത്തി. പത്ത് മണിയോടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. സൗദിയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പോകുന്നവരായിരുന്നു കൂടുതലും. അവിടെ നിന്ന് വരുന്നവരുടെ എണ്ണം കുറവാണ്. മറ്റ് അതിര്‍ത്തികളിലൂടെയും യാത്രക്കാരുടെ വരവും പോക്കും നടക്കുന്നുണ്ട്. 


റീ എന്‍ട്രിയിലുളള മറ്റു രാജ്യങ്ങളിലെ പൗരന്മാരും കരാതിര്‍ത്തി വഴി സൗദിയിലെത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍ പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധനയാണ് പ്രധാനമായും നടക്കുന്നത്.
അതേസമയം റീ എന്‍ട്രി വിസ, സന്ദര്‍ശക വിസ എന്നിവയുള്ള വിദേശികളെയും ജിസിസി പൗരന്മാരെയും രാജ്യത്തേക്ക് കൊണ്ടുവരാമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ മുഖേന സൗദിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന എല്ലാ എയര്‍ലൈനുകളെയും അറിയിച്ചു. യാത്രയുടെ 48 മണിക്കുറിനകം നടത്തിയ പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജറാക്കണം.

സൗദിയിലെ കോവിഡ് വ്യവസ്ഥകള്‍ പാലിക്കാന്‍ എല്ലാ യാത്രക്കാരും ബാധ്യസ്ഥരാണ്. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ സൗദിയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നും അതോറിറ്റി അറിയിച്ചു.

Tags

Latest News