Sorry, you need to enable JavaScript to visit this website.

സ്വപ്‌ന സുരേഷിന്റെ ഫോൺ വിളിയെ പറ്റി അറിയില്ലെന്ന് നഴ്‌സുമാരുടെ മൊഴി

തൃശൂർ- സ്വപ്‌ന സുരേഷിന്റെ ഫോൺവിളിയെക്കുറിച്ച് ഒന്നുമറിയില്ലെന്നും സ്വപന മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽ നിന്നും ആരേയും വിളിച്ചതായി അറിയില്ലെന്നും ആശുപത്രിയിലെ നഴ്‌സുമാരുടെ മൊഴി. സ്വപ്‌ന വാർഡിൽ നിന്നും ഒരു നേഴ്‌സിന്റെ ഫോൺ വാങ്ങി തിരുവനന്തപുരത്തേക്ക് വിളിച്ചെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് നഴ്‌സുമാർ തങ്ങൾക്കൊന്നുമറിയില്ലെന്ന മൊഴി നൽകിയത്.
സ്വപ്‌ന തിരുവനന്തപുരത്തെ സുഹൃത്തായ നഴ്‌സിനെ വിളിച്ചെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. എൻ.ഐ.എയും ഈ ആരോപണം ഗൗരവത്തോടെ അന്വേഷിക്കുന്നുണ്ട്.
ഇതിനിടെയാണ് നഴ്‌സുമാർ തങ്ങൾക്കിതെക്കുറിച്ച് ഒന്നുമറിയില്ലെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ജയിൽവകുപ്പിനും എൻ.ഐ.എക്കും കൈമാറും. ഫോൺവിളി വിവാദം സംബന്ധിച്ച് ഇന്റലിജൻസും അന്വേഷിക്കുന്നുണ്ട്. ആശുപത്രിയിൽ വച്ച് സ്വപ്ന ഉന്നതരെ ഫോണിൽ ബന്ധപ്പെട്ടെന്നു സൂചനയുണ്ടായിരുന്നു. വനിതാ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടുകയും ചെയ്തു. ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി. എന്നാൽ അവരിൽ ഒരാളുടെ ഫോണിൽ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എൻഐഎയ്ക്കു ലഭിച്ച വിവരം. ഇതെക്കുറിച്ചാണ് വിശദമായ അന്വേഷണം സൈബർ സെല്ലിന്റെയും മറ്റും സഹായത്തോടെ നടത്തുന്നത്.
സ്വപ്ന മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ 6 ദിവസങ്ങളിൽ വനിതാ സെല്ലിൽ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോൺവിളി വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. അതേസമയം സ്വപ്ന സെല്ലിനുള്ളിൽ ഫോൺ ചെയ്‌തെന്ന പേരിൽ അന്വേഷണം ആവശ്യപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് അറിയിച്ചു.

സ്വപ്‌ന സുരേഷ് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിന്റെ ഫോൺ വാങ്ങി വിളിച്ചെന്ന ആരോപണം ഉന്നയിച്ച് നേഴ്‌സുമാരെ അപകീർത്തിപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ.നഴ്‌സസ് അസോസിയേഷൻ രംഗത്ത്. അത്യാഹിത വിഭാഗത്തിൽ വെച്ചോ വനിത പ്രിസൺ വാർഡിൽ വെച്ചോ നേഴ്ുമാർ ആരും തന്നെ സ്വപ്‌നയ്ക്ക് സംസാരിക്കാൻ ഫോൺ നൽകിയിട്ടില്ലെന്നും ഇത്തരത്തിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വനിതാപോലീസും പുരുഷ പോലീസും കാവലുളള വാർഡാണത്. പോലീസുകാരുടെ അനുമതിയില്ലാതെ പ്രിസണർ വാർഡിലേക്ക് ആശുപത്രി ജീവനക്കാർക്കു പോലും കടക്കാനാവില്ല. വാർഡിനകത്തേക്ക് ആശുപത്രി ജീവനക്കാർ കടന്നാൽ ഒപ്പം വനിതാപോലീസ് വരും. അവരുടെ സാന്നിധ്യത്തിലാണ് മരുന്നും ഇൻജക്ഷനും പരിചരണവും നൽകുന്നത്. രണ്ടു തവണ അഡ്മിറ്റായപ്പോഴും സ്വപ്‌നയ്ക്ക് നേഴ്‌സുമാർ ഫോൺ കൈമാറിയിട്ടില്ല. രോഗീപരിചരണമല്ലാതെ മറ്റൊരു രീതിയിലുള്ള കാര്യങ്ങളും ഉണ്ടായിട്ടില്ലെന്ന് കേരള ഗവ.നേഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് വി.ബി.ശോഭനയും സെക്രട്ടറി എം.ജെ.ജോഷിയും പറഞ്ഞു.
 

Latest News