Sorry, you need to enable JavaScript to visit this website.

സൗദി സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വേതന സുരക്ഷ

റിയാദ് - നിര്‍ബന്ധിത വേതന സുരക്ഷാ പദ്ധതിയുടെ അവസാന ഘട്ടം ഡിസംബര്‍ ഒന്നിന് നിലവില്‍ വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

ഒന്നു മുതല്‍ നാലു വരെ ജീവനക്കാരുള്ള തീരെ ചെറിയ സ്ഥാപനങ്ങളാണ് അവസാന ഘട്ടത്തില്‍ വേതന സുരക്ഷാ പദ്ധതി പരിധിയില്‍ വരുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ ഗണത്തില്‍ 3,74,830 സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ഡിസംബര്‍ മുതല്‍ വേതന സുരക്ഷാ പദ്ധതി പരിരക്ഷ ലഭിക്കും.

മാസത്തില്‍ ഒന്നിലധികം തവണ വേതനം വിതരണം ചെയ്യല്‍, കൃത്യ സമയത്ത് വേതനം വിതരണം ചെയ്യാതിരിക്കല്‍, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്ത അടിസ്ഥാന വേതനത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ പിടിക്കല്‍, അടിസ്ഥാന വേതനത്തിന്റെ 20 ശതമാനവും അതിലധികവും വര്‍ധിപ്പിക്കല്‍, ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത വേതനവും അടിസ്ഥാന വേതനവും സമമല്ലാതിരിക്കല്‍ എന്നിവയെല്ലാം വേതന സുരക്ഷാ പദ്ധതി പ്രകാരം നിയമ ലംഘനങ്ങളാണ്.  

തൊഴില്‍ കരാര്‍ പ്രകാരമുള്ള വേതനം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വിതരണം ചെയ്യുന്നത് ഉറപ്പുവരുത്താനും വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളും തൊഴിലാളികളും തമ്മില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ കുറക്കാനും സ്വകാര്യ മേഖലയില്‍ വ്യത്യസ്ത തൊഴില്‍ മേഖലകളിലെ വേതന നിലവാരം കൃത്യമായി മനസ്സിലാക്കാനും മറ്റും വേതന സുരക്ഷാ പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ സഹായിക്കുന്നു.
തൊഴിലാളികള്‍ക്ക് യഥാസമയം വേതനം വിതരണം ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളില്‍ ഒരാള്‍ക്ക് മൂവായിരം റിയാല്‍ വീതം പിഴ ചുമത്താന്‍ തൊഴില്‍ നിയമം അനുശാസിക്കുന്നു. വേതനം ലഭിക്കാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. തൊഴിലാളികള്‍ക്ക് വേതനം വിതരണം ചെയ്തത് വ്യക്തമാക്കുന്ന വിവരങ്ങള്‍ വേതന സുരക്ഷാ പദ്ധതി സംവിധാനത്തില്‍ ഓണ്‍ലൈന്‍ ആയി പ്രതിമാസം സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തും.
വേതനം വിതരണം ചെയ്തത് വ്യക്തമാക്കുന്ന വിവരങ്ങള്‍ വേതന സുരക്ഷാ പദ്ധതി സംവിധാനത്തില്‍ സമര്‍പ്പിക്കാന്‍ രണ്ടു മാസം വൈകിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റും വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും ഒഴികെയുള്ള സേവനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിര്‍ത്തിവെക്കും. വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ മൂന്നു മാസം കാലതാമസമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റും വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും അടക്കം മന്ത്രാലയത്തില്‍ നിന്നുള്ള എല്ലാ സേവനങ്ങളും നിഷേധിക്കും. തൊഴിലുടമകളുടെ അനുമതി കൂടാതെ തന്നെ മറ്റു സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളെ അനുവദിക്കുകയും ചെയ്യും.
ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ തരംതിരിച്ച് വന്‍കിട കമ്പനികള്‍ക്കാണ് വേതന സുരക്ഷാ പദ്ധതി ആദ്യം ബാധകമാക്കിയത്. മൂവായിരവും അതില്‍ കൂടുതലും ജീവനക്കാരുള്ള കമ്പനികളാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി പരിധിയില്‍ വന്നത്. 2013 സെപ്റ്റംബര്‍ ഒന്ന് മുതലാണ് ഈ കമ്പനികള്‍ക്ക് വേതന സുരക്ഷാ പദ്ധതി നിര്‍ബന്ധമാക്കിയത്. ഏഴു വര്‍ഷത്തിനിടെ വേതന സുരക്ഷാ പദ്ധതിയുടെ പതിനാറു ഘട്ടങ്ങള്‍ നടപ്പാക്കി.

 

Latest News