മരിച്ച കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങളില്ല, അതുകൊണ്ട് നഷ്ടപരിഹാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- ലോക്ഡൗണ്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് ജോലിയും വരുമാനവും നഷ്ടപ്പെട്ട് കാല്‍നടയായി നാട്ടിലേക്കു മടങ്ങുന്നതിനിടെ മരിച്ചുവീണ വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ വിവരം ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ വിവരം ഇല്ലാത്തതിനാല്‍ ഇവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. വാഹനങ്ങള്‍ ലഭിക്കാതെ നാട്ടിലേക്കു കാല്‍നടയായി മടങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ടും അല്ലാതെയും മരിച്ച വിവിധ സംസ്ഥാനക്കാരായ തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമോ എന്ന ചോദ്യത്തിന് തൊഴില്‍ മന്ത്രാലയമാണ് ഈ മറുപടി നല്‍കിത്. രാജ്യത്തിന്റെ പലകോണുകളില്‍ നിന്നായി ഒരു കോടിയിലേറെ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്കു മടങ്ങിയിട്ടുണ്ടെന്നും തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്‌വാര്‍ എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു.

മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു മുന്നറിയിപ്പുമില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ജോലിയും താമസ സൗകര്യങ്ങളും നഷ്ടമായത്. വാടക വീടുകളില്‍ നിന്ന് ഇറക്കി വിടുകയും ജോലി ഇല്ലാതെ വരുമാനം തീരുകയും ചെയ്തതോടെ ഇവര്‍ കാല്‍നടയായി സ്വന്തം നാടുകളിലേക്കു  മടങ്ങുകയായിരുന്നു. ലോക്ഡൗണ്‍ കാരണം ട്രെയ്ന്‍, ബസ് സര്‍വീസുകളും ഇവര്‍ക്ക് ലഭിച്ചില്ല.
 

Latest News