കോവിഡ് ബാധ കുതിക്കുന്നു; യൂറോപ്പിന് മരണ മുന്നറിയിപ്പ്

കോപ്പന്‍ഹേഗന്‍- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിതരുടെ നിരക്ക് കുതിക്കുന്നതിനിടെ സ്ഥിതി ഇനിയും ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യം സംഘടന.

ശരത്കാലം യൂറോപ്പിന് വലിയ വെല്ലുവിളിയാകുമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്.
 
പുതുതായി രോഗ വ്യാപനം വലിയ ഭീഷണി സൃഷ്ടിക്കുന്ന രാജ്യങ്ങളില്‍ ഇസ്രായിലും ഉള്‍പ്പെടുന്നു. വീടുകളില്‍നിന്ന് 500 മീറ്ററില്‍ കൂടുതല്‍ ദൂരം പോകാന്‍ അനുവദിക്കാതെ മൂന്നാഴ്ചത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാണ് ഇസ്രായില്‍. രോഗവ്യാപനത്തിനെതിരെ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ രാജ്യത്ത് പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

 സിനഗോഗുകളിലും വിവാഹങ്ങളിലും മറ്റ് പരിപാടികളിലും  വലിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാതെ അവധിക്കാലത്ത് മക്കളോടും പേരക്കുട്ടികളോടും ഒപ്പം സമയം ചെലവഴിക്കുന്നതാണ് അവര്‍ നിയന്ത്രിക്കുന്നതെന്ന് 64 കാരിയായ തയ്യല്‍ക്കാരി എതി അവശായ് പ്രതികരിച്ചു.

ലോകാരോഗ്യ സംഘടന ഞായറാഴ്ച ലോകത്തെമ്പാടുമായി 3,07,930 പുതിയ കോവഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ അതിവേഗം 29 ദശലക്ഷം പിന്നിടുകയും ചെയ്തു.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ കഠിനമാകുമെന്നും കൂടുതല്‍ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയരക്ടര്‍ ഹാന്‍സ് ക്ലൂഗേ പറഞ്ഞു.
 
യൂറോപ്യന്‍ സമൂഹത്തിന്റെ ബലഹീനതകളും ശക്തിയും കോവിഡ് വെളിച്ചത്തുകൊണ്ടുവന്നിരിക്കയാണെന്നും നമ്മുടെ ആരോഗ്യ വ്യവസ്ഥകളുടെ യഥാര്‍ഥ അവസ്ഥ തുറന്നു കാണിച്ചിരിക്കുന്നുവെന്നും ക്ലൂഗെ പറഞ്ഞു.

 

 

Latest News