Sorry, you need to enable JavaScript to visit this website.

സ്വർണ്ണക്കടത്ത് കേസ് മതവൈകാരികതയാക്കാൻ മന്ത്രി ജലീൽ ശ്രമിക്കുന്നു-വി.ടി ബൽറാം

പാലക്കാട്- സ്വർണ്ണക്കടത്ത് കേസിനെ മതവൈകാരികതയിലേക്ക് തള്ളിയിടാൻ സി.പി.എമ്മും മന്ത്രി കെ.ടി ജലീലും ശ്രമിക്കുന്നതായി വി.ടി ബൽറാം എം.എൽ.എ. അങ്ങേയറ്റം ഹീനവും അപകടകരവുമായ നീക്കമാണ് സി.പി.എം നടത്തുന്നതെന്നും ബൽറാം പറഞ്ഞു. 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ആശങ്കപ്പെട്ടിരുന്നത് പോലെ സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തെ ഒരു മതപരവും വൈകാരികവുമായ വിഷയമാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങൾ ശക്തിപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണുന്നത്. ബിജെപിയേപ്പോലൊരു പാർട്ടി ഇതാഗ്രഹിക്കുന്നത് സ്വാഭാവികം മാത്രം. എന്നാൽ അതിന്റെ പത്തിരട്ടി വ്യഗ്രതയിലാണ് സിപിഎമ്മുകാർ ഈ വിഷയത്തെ വർഗ്ഗീയവൽക്കരിക്കാൻ നോക്കുന്നത്. അങ്ങേയറ്റം ഹീനവും അപകടകരവുമാണ് ഈ നീക്കം.

സ്വർണ്ണക്കള്ളക്കടത്ത് പോലുള്ള ഗൗരവതരമായ ഒരു കുറ്റകൃത്യം, അതിൽ മന്ത്രിമാർക്കും മന്ത്രി പുത്രന്മാർക്കും മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ ഉന്നതോദ്യോഗസ്ഥർക്കും പാർട്ടി സെക്രട്ടറിയുടെ കുടുംബത്തിനുമൊക്കെയുള്ള ദുരൂഹമായ ബന്ധങ്ങൾ, ഇതിന്മേൽ ദേശീയ തലത്തിലെ കുറ്റാന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണം മന്ത്രിമാരിലേക്ക് നീളുന്ന അവസ്ഥ, കേരളം മുഴുവൻ ആളിപ്പടരുന്ന പ്രതിഷേധങ്ങൾ, മാധ്യമങ്ങൾക്ക് മുന്നിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് ഉണ്ടാവുന്ന ഉത്തരം മുട്ടലുകൾ, ഓടിയൊളിക്കലുകൾ എന്നിങ്ങനെ ഒരു സംസ്ഥാനത്താണ് ഭരണസംവിധാനത്തിൽ സാധാരണ പൗരന്മാർക്ക് വിശ്വാസം പാടേ നഷ്ടപ്പെടുന്ന അവസ്ഥയിലൂടെയാണ് കേരളമിന്ന് കടന്നുപോകുന്നത്. ഉത്തരമില്ലാതെ, മറുപടിയില്ലാതെ, മുഖമില്ലാതെ, ജനമധ്യത്തിൽ പരിഹാസ്യരായി തലയിൽ മുണ്ടിട്ട് നിൽക്കുകയാണ് സിപിഎം എന്ന ഭരണപ്പാർട്ടി. അതുകൊണ്ട് തന്നെ വിഷയം വഴിതിരിച്ചുവിടാൻ ഇതുപോലുള്ള അറ്റകൈ പ്രയോഗങ്ങൾ മാത്രമാണ് അവർക്ക് മുന്നിലുള്ളത്.

ഇതിന്റെ സൂചനയാണ് ടിവി ചർച്ചകളിലെ സിപിഎം പ്രതിനിധികളുടെയും പാർട്ടി പത്രം/ചാനലിന്റേയും കഴിഞ്ഞ ഏതാനും ദിവസത്തെ പ്രൊപ്പഗണ്ട. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ എന്ന പേരിൽ നയതന്ത്ര ചാനലുകൾ ഉപയോഗിച്ച് സ്വർണ്ണം കടത്തി എന്നതാണ് ഉയർന്നിട്ടുള്ള സംശയം. ദേശീയ ഏജൻസികൾ അന്വേഷിക്കുന്നതും അത് തന്നെ. എന്നാൽ ഇതിലെ കള്ളക്കടത്ത് എന്ന ഗുരുതരമായ കുറ്റകൃത്യത്തെക്കുറിച്ച് മിണ്ടാതെ ഖുറാൻ എന്ന വൈകാരികതയിലേക്ക് കാര്യങ്ങൾ കൊണ്ടുപോയി തളച്ചാൽ പിന്നെ എല്ലാം എളുപ്പമായി എന്നാണ് സിപിഎം ദുഷ്ട ബുദ്ധികൾ കരുതുന്നത്.

ആരോപണ വിധേയനായ മന്ത്രി കെ ടി ജലീലിനെ സംബന്ധിച്ച് ഇങ്ങനെ മതവികാരങ്ങളെ സ്വന്തം വൃത്തികേടുകൾക്ക് മറയായി ദുരുപയോഗിക്കുന്നത് ഒരു സ്ഥിരം രീതിയാണെന്ന് നമുക്കറിയാം. സഹപ്രവർത്തകരായ രണ്ട് മന്ത്രിമാർ കോവിഡ് പോസിറ്റീവായി നിൽക്കുമ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് എത്തിയതിന്റെ തൊട്ടടുത്ത ദിവസം മന്ത്രി ജലീൽ കോവിഡ് ജാഗ്രതകൾ ലംഘിച്ച് ഒരു കൊച്ചു കുഞ്ഞിന്റെ ചോറൂൺ കർമ്മം നിർവ്വഹിച്ച് തന്റെ പ്രകടനപരതക്ക് തുടക്കമിട്ടത്. പിന്നാലെ സ്വന്തം വീട്ടിനകത്ത് നിസ്‌ക്കരിക്കുന്നതിന്റെ ഫോട്ടോകൾ അനുയായികളേക്കൊണ്ട് എടുപ്പിച്ച് പുറത്ത് വിട്ടതോടു കൂടി അദ്ദേഹമുദ്ദേശിച്ച ബാലൻസിംഗും പൂർത്തിയായി.

എന്നാൽ സിപിഎം എന്ന 'കമ്മൂണിസ്റ്റ് പാർട്ടി'യുടെ എല്ലാ നേതാക്കളും എന്തിനാണ് ഈ ജലീലിയൻ പാത പിന്തുടരുന്നത്? കേരളത്തിലൊരു മത വിശ്വാസിക്കും വിശുദ്ധ ഗ്രന്ഥങ്ങൾ കള്ളക്കടത്തിലൂടെ കൊണ്ടുവരേണ്ടുന്ന ഗതികേടില്ലെന്നും അതുകൊണ്ടുതന്നെ ആ പേര് പറഞ്ഞ് പ്രശ്‌നത്തിന് വർഗീയ മാനം നൽകേണ്ടെന്നും വിശ്വാസ സമൂഹത്തെ പ്രതിനിധീകരിക്കുന്ന മുഴുവനാളുകളും കൃത്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്. എന്നാലും സിപിഎമ്മിന് ഇത് എങ്ങിനെയും ഒരു ഖുറാൻ പ്രശ്‌നമാക്കി മാറ്റിയേ പറ്റൂ.

മുൻ പാലക്കാട് എംപി കൂടിയായ പാർട്ടി സംസ്ഥാന നേതാവ് എത്ര നിർലജ്ജമായാണ് മനോരമയിലെ ചർച്ചയിൽ ഈ വിഷയത്തെ മത വൈകാരികതയുമായി കൂട്ടിക്കെട്ടാൻ ശ്രമിച്ചത് എന്ന് കണ്ട മുഴുവൻ മലയാളികൾക്കും തൊലിയുരിഞ്ഞു പോയ അനുഭവമാണുണ്ടായത്. 'വിശുദ്ധ ഖുറാൻ കൊണ്ടു പോകുന്നതാണോ കുഴപ്പം? വിശുദ്ധ ഖുറാൻ എന്താ ഒരു നിരോധിത ഗ്രന്ഥമാണോ?' എന്നൊക്കെ പറഞ്ഞ് പത്ത് മിനിറ്റോളം ഒച്ചവയ്ക്കുയാണ് ഒരു കമ്മ്യൂണിസ്റ്റ് നേതാവ്.

മറ്റൊരിടത്ത് ഡിവൈഎഫ്‌ഐയുടെ പ്രമുഖനായ ഒരു നേതാവ് പറയുന്നത് ജറുസലേമിൽ നിന്ന് കൊന്ത കൊണ്ടുവരുന്നത് പോലെയാണ് യുഎഇയിൽ നിന്ന് ഖുറാൻ കോപ്പികൾ കൊണ്ടുവരുന്നത് എന്നാണ്. തീർത്ഥാടന നഗരങ്ങളായ മക്കയും മദീനയുമൊക്കെ നിലനിൽക്കുന്ന രാജ്യമെന്ന നിലയിൽ സൗദി അറേബ്യക്ക് ലോക മുസ്ലീങ്ങളുടെ മനസ്സിൽ വിശ്വാസപരമായ ഒരു പ്രാധാന്യമുണ്ടെന്ന് കാണം. എന്നാൽ ഒരു സമ്പന്ന മുസ്ലിം രാജ്യം എന്നതിനപ്പുറം യുഎഇക്ക് എന്തെങ്കിലും വിശ്വാസപരമായ പ്രത്യേകതയുണ്ടോ എന്നറിയില്ല. കേരളത്തിലുള്ള ഖുറാൻ മുഴുവൻ അറബി മലയാളത്തിലുള്ളതാണെന്നും ശുദ്ധമായ അറബിയിലുള്ള ഖുറാൻ ഇവിടെ കിട്ടാത്തത് കൊണ്ടാണ് വിദേശത്ത് നിന്ന് കൊണ്ടുവരേണ്ടി വരുന്നതെന്നുമൊക്കെയാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ മറ്റ് വാദമുഖങ്ങൾ.

പ്രശ്‌നത്തെ വർഗ്ഗീയവൽക്കരിക്കരുതെന്ന നിലപാട് തന്നെയാണ് കാന്തപുരം വിഭാഗക്കാരായ സുന്നി യുവജന പ്രസ്ഥാനത്തിന്റെ പ്രസ്താവനയിലും കണ്ടത്. എന്നാൽ 'ജലീലിന് പിന്തുണയറിയിച്ച് കാന്തപുരം' എന്നാണ് ഇതിന് കൈരളി ന്യൂസ് നൽകിയ ബ്രേയ്ക്കിംഗ് തലക്കെട്ട്. ഏതായാലും ഈ പിന്തുണ വാർത്തയുടെ സത്യാവസ്ഥയെക്കുറിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് തന്നെയാണ് വ്യക്തത വരുത്താൻ കഴിയുക.

ചർച്ചകൾ ഇങ്ങനെയൊക്കെയുള്ള റൂട്ടിലൂടെ പോകുന്നത് ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് ബിജെപിയെ ആണ്. അവരെ സംബന്ധിച്ച് ഇത് മറ്റൊരു 'സുവർണ്ണാവസരം' ആയിരിക്കുമല്ലോ! കള്ളക്കടത്ത്, കള്ളപ്പണം, തീവ്രവാദം സമം മുസ്ലീം എന്നൊരു സമവാക്യമുണ്ടാക്കാൻ പതിറ്റാണ്ടുകളായി കിണഞ്ഞു പരിശ്രമിക്കുകയാണവർ. പ്രബുദ്ധ കേരളത്തിന്റെ മതേതര ബോധം ഇത്രനാളും ശക്തിയോടെ തടഞ്ഞു നിർത്തിയ ആ സമവാക്യത്തെ ബിജെപിക്ക് വേണ്ടി പൂരിപ്പിച്ച് കൊടുക്കുകയാണ് ഇപ്പോൾ ജലീലും സിപിഎമ്മും. അത് തന്നെയാണ് അതിന്റെ അപകടവും.
 

Latest News