ജൂത വിരുദ്ധ പരാമര്‍ശം: ലണ്ടന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായ ഇന്ത്യന്‍ വംശജയെ പാര്‍ട്ടി പുറത്താക്കി

ലണ്ടന്‍- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലിബറല്‍ ഡമൊക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വംശജയെ ജൂത വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കി. സംരഭകയും ആക്ടിവിസ്റ്റുമായ ഗീത സിദ്ധു റോബിനെതിരെയാണ് പാര്‍ട്ടി നടപടി. 1997ലെ പൊതു തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഗീത നടത്തിയ ജൂത വിരുദ്ധ പരാമര്‍ശമാണ് വിനയായത്. നിലവില്‍ ലണ്ടന്‍ മേയറായ ലേബര്‍ പാര്‍ട്ടി നേതാവ് സാദിഖ് ഖാനെതിരെ മത്സരിക്കാനിരിക്കുകയായിരുന്നു ഗീത സിദ്ധു. 23 വര്‍ഷം മുമ്പ് പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വേളയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഗീത വംശീയമായ പരാമര്‍ശം നടത്തുന്ന വിഡിയോ ഈയിടെ പ്രചരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. ലേബര്‍ എംപി ജാക്ക് സ്‌ട്രോക്കെതിരെയായിരുന്നു ഗീതയുടെ പ്രസംഗം. 'ജൂതന് വോട്ടു ചെയ്യരുത്, ജാക്ക് സ്‌ട്രോ ഒരു ജൂതനാണ്' എന്ന ഗീതയുടെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

അന്നു നടത്തിയത് പരാമര്‍ശത്തില്‍ അത്യധികം ഖേദമുണ്ടെന്നു പറഞ്ഞ ഗീത ക്ഷമാപണവും നടത്തിയിരുന്നു. 'എന്റെ അന്നത്തെ പെരുമാറ്റം അപരാധവും വേദനിപ്പിക്കുന്നതുമായിരുന്നു. അതില്‍ വലിയ ഖേദമുണ്ട്. വംശീയതയ്ക്കും സെമിറ്റിക് വിരുദ്ധതയ്ക്കും സമൂഹത്തില്‍ ഇടമില്ല. എനിക്കെതിരെയും തുടര്‍ച്ചയായ വംശീയ പ്രചരണം നടന്ന സമയമായിരുന്നു അത്. എന്നാല്‍ അതിനു മറുപടി നല്‍കിയ രീതി തെറ്റായിരുന്നു. ക്ഷമിക്കണം'- ഗീത പറഞ്ഞു.
 

Latest News