റിയാദ് - പരിധിയിൽ കൂടുതൽ പണം വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പന്ത്രണ്ടു പേർ ഒരു വർഷത്തിനിടെ ബന്ധപ്പെട്ട വകുപ്പുകളുടെ പിടിയിലായതായി റിപ്പോർട്ട്. ഇവർക്കെതിരായ കേസുകൾ കോടതികൾക്ക് കൈമാറി. സൗദി അറേബ്യയിൽനിന്ന് പുറത്തു പോകുന്നവരും വിദേശങ്ങളിൽനിന്ന് രാജ്യത്തേക്ക് വരുന്നവരും തങ്ങളുടെ പക്കലുള്ള പണവും സ്വർണവും ട്രാവലേഴ്‌സ് ചെക്കുകളും അടക്കം 60,000 റിയാലിൽ കൂടുതലുള്ള പണത്തെക്കുറിച്ച് മുൻകൂട്ടി കസ്റ്റംസിനു മുന്നിൽ വെളിപ്പെടുത്തണമെന്നാണ് നിയമം.
പ്രത്യേക ഫോറം പൂരിപ്പിച്ചു നൽകിയാണ് ഇക്കാര്യം കസ്റ്റംസിൽ വെളിപ്പെടുത്തേണ്ടത്.
സൗദിയിൽ കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുടെ ലൈസൻസുള്ള മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുടെ എണ്ണം 74 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 72 എണ്ണം കറൻസി മാറ്റ, ട്രാവലേഴ്‌സ് ചെക്ക് വിൽപന, വാങ്ങൽ മേഖലയിൽ പ്രവർത്തിക്കാൻ ലൈസൻസുള്ളവയും രണ്ടെണ്ണം സൗദി അറേബ്യക്കകത്തും വിദേശത്തേക്കും പണം അയക്കാൻ ലൈസൻസുള്ളവയുമാണ്. ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഭാവിയിൽ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുടെ എണ്ണം കൂടുതൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.