Sorry, you need to enable JavaScript to visit this website.
Thursday , September   24, 2020
Thursday , September   24, 2020

കുരുമുളക് വീണ്ടും കരുത്ത് കാണിച്ചു

കേരളത്തിൽനിന്ന് കാലവർഷം സെപ്റ്റംബർ അവസാനം പടി ഇറങ്ങുന്നതോടെ റബർ ടാപ്പിംഗ് ഊർജിതമാക്കാനുള്ള തയാറെടുപ്പിലാണ് തോട്ടം മേഖല. ഉത്സവാഘോഷങ്ങൾ മുന്നിൽ കണ്ട് ഉത്തരേന്ത്യകാർ സുഗന്ധവ്യഞ്ജന സംഭരണം ശക്തമാക്കി, കുരുമുളക് വീണ്ടും കരുത്ത് കാണിച്ചു. വിദേശ പാചകയെണ്ണ ഇറക്കുമതി ചുരുങ്ങിയത് വെളിച്ചെണ്ണ വില ഉയർത്താം. സ്വർണത്തിന് തിളക്കമേറി.  
ജൂണിൽ തുടങ്ങിയ കാലവർഷത്തിന്റെ തേരോട്ടം അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കാർഷിക മേഖലയിൽ വൻ നാശനഷ്ടങ്ങൾ കാലവർഷത്തിൽ സംഭവിച്ചിട്ടില്ലെങ്കിലും പല ഭാഗങ്ങളിലും കൃഷിയിടങ്ങൾക്ക് നേരിട്ട തിരിച്ചടികൾ കർഷകരെ പ്രതിസന്ധിലാക്കി. 


റബർ വില താഴ്ന്ന റേഞ്ചിൽ നീങ്ങുന്നതിനാൽ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കാൻ പോലും വലിയയൊരു വിഭാഗം കർഷകർ തയാറയില്ല. ഒക്ടോബറിലെ കാലാവസ്ഥാ മാറ്റം റബർ മേഖല നേട്ടമാക്കി മാറ്റാം. കഴിഞ്ഞ മാസങ്ങളിൽ വിൽപന സമ്മർദം റബറിൽ കുറവായിരുന്നെങ്കിലും ഇനി ജനുവരി വരെ ഷീറ്റ് കൂടുതൽ എത്താം. നാലാം ഗ്രേഡ് 13,200 രൂപ. മാർച്ച് ജൂലൈ കാലയളവിൽ തായ്‌ലണ്ടിൽ റബർ ടാപ്പിംഗിന് തടസ്സപ്പെട്ടത് മൊത്തം ഉൽപാദനം കുറച്ചു. ബാങ്കോക്കിൽ കയറ്റുമതികൾ ചുരുങ്ങിയതിനാൽ ഓഗസ്റ്റിൽ അവിടെ റബർ വില 25 ശതമാനം ഉയർന്നു. മലേഷ്യ, ഇന്തോനേഷ്യൻ വിപണികളും ഈ അവസരത്തിൽ ചൂടുപിടിച്ചെങ്കിലും ഇന്ത്യയിൽ വിലക്കയറ്റം അഞ്ച് ശതമാനത്തിൽ ഒതുങ്ങി. നവരാത്രിയും വിജയദശമിയും നബിദിനവും മുന്നിൽ കണ്ട് ഉത്തരേന്ത്യകാർ സുഗന്ധവ്യഞ്ജനങ്ങളിൽ താൽപര്യം കാണിച്ചു. അന്തർ സംസ്ഥാന ഇടപാടുകാരുടെ വരവിൽ കുരുമുളക് വില ഒരു ചുവട് മുന്നേറി. ഓഫ് സീസണായതിനാൽ കാർഷിക മേഖല ചരക്ക് നീക്കം നിയന്ത്രിച്ചു. ഹൈറേഞ്ചിലെ സ്റ്റോക്കിസ്റ്റുകൾ പ്രതീക്ഷയിലാണ്.  അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 1000 ഡോളർ ഉയർന്ന് 5000 ഡോളറായി. ഇന്തോനേഷ്യയും വിയറ്റ്‌നാമും 2500 ഡോളറിന് ചരക്ക് വാഗ്ദാനം ചെയ്തു. 


ബ്രസീലിയൻ കയറ്റുമതിക്കാർ ക്രിസ്തുമസ് ന്യൂഇയർ ഓർഡറുകൾ പിടിക്കാനുള്ള ശ്രമത്തിലാണ്. ഒടോബറിൽ പുതിയ ചരക്ക് 2300 ഡോളറിന് ഷിപ്പ്‌മെൻറ് നടത്തും. ഉണക്ക് കൂടിയ ചുക്കിന് ആവശ്യകാരുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതിക്ക് മികച്ചയിനം ചുക്കിന് ഡിമാന്റ്. കാർഷിക മേഖലകളിൽ നിന്നുള്ള ചരക്ക് വരവ് കുറവാണ്. മികച്ചയിനം ചുക്ക് 30,000 രൂപ. 
ഏലക്ക വിളവെടുപ്പ് ഊർജിതമാക്കാനുള്ള ശ്രമത്തിലാണ് ഉൽപാദകൾ. ലേലത്തിന് ഏലക്ക വരവ് ശക്തമല്ലെങ്കിലും നിരക്ക് ഉയർന്നില്ല. അറബ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതിക്ക് ഇടപാടുകാർ ചരക്ക് എടുത്തു. മികച്ചയിനങ്ങൾ കിലോ 2146-2361 റേഞ്ചിലാണ്. നാളികേരോൽപന്നങ്ങളുടെ വില ഉയരാൻ സാധ്യത. കൊച്ചി വിപണിയെ മറികടന്ന് തമിഴ്‌നാട്ടിൽ കൊപ്ര മുന്നേറിയത് ശ്രദ്ധേയം. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഓഗസ്റ്റിൽ കുറഞ്ഞത് വിലക്കയറ്റത്തിന് വഴിതെളിക്കാം. വൻകിട മില്ലുകാർ കൊപ്ര ശേഖരിക്കുന്നുണ്ട്. കൊച്ചിയിൽ കൊപ്ര 10,710 രൂപയിലും കാങ്കയത്ത് 10,750 രൂപയിലുമാണ്. കൊച്ചിയിൽ വെളിച്ചെണ്ണ വില 16,000 രൂപയായി ഉയർന്നു. 


സ്വർണ വിലയിൽ മുന്നേറ്റം. ആഭരണ കേന്ദ്രങ്ങളിൽ പവൻ 37,360 രൂപയിൽ നിന്ന് 37,800 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1932 ഡോളറിൽനിന്ന് 1940 ഡോളറായി. 

Latest News