ആലപ്പുഴ- വിവാഹത്തിൽനിന്ന് കാമുകൻ പിന്മാറിയതിനെ തുടർന്ന് ആറാട്ടുപുഴ സ്വദേശിനിയായ 21 കാരി ജീവനൊടുക്കി. ബി.എസ്.സി. നഴ്‌സിങ് അവസാന വർഷ വിദ്യാർഥിനിയായ ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കിൽ വിശ്വനാഥന്റെ മകൾ അർച്ചന(21) യാണ് വിഷക്കായ കഴിച്ച് വീട്ടിൽ ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മരിക്കാൻ പോവുകയാണെന്ന് കാമുകനായ യുവാവിനെ അറിയിച്ചിരുന്നു. ഇയാൾ മറ്റൊരു സുഹൃത്ത് വഴി അർച്ചനയുടെ വീട്ടിൽ വിവരമറിയിച്ചതോടെയാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ടല്ലൂർ സ്വദേശിയും മുൻസഹപാഠിയുമായ യുവാവുമായി അർച്ചന പ്രണയത്തിലായിരുന്നു. ഇയാൾ അർച്ചനയെ വിവാഹം ചെയ്തുതരണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പഠനം പൂർത്തിയാക്കിയ ശേഷം വിവാഹം നടത്തി തരാമെന്നായിരുന്നു അർച്ചനയുടെ വീട്ടുകാരുടെ മറുപടി. ഇരുവരും പ്രണയം തുടർന്നെങ്കിലും അടുത്തിടെസ്ത്രീധനത്തെ ചൊല്ലി ബന്ധം ഉലയുകയായിരുന്നു.
അർച്ചനയെ വിവാഹം കഴിക്കണമെങ്കിൽ കൂടുതൽ സ്ത്രീധനം വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ഇത് നൽകാൻ കഴിയാതെ വന്നതോടെ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറി. തുടർന്ന് മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞതോടെയാണ് അർച്ചന ജീവനൊടുക്കിയത്.
മരണം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് അർച്ചന യുവാവുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖയും സന്ദേശങ്ങളും വീട്ടുകാർക്ക് ലഭിച്ചത്. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ യുവാവിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തൃക്കുന്നപ്പുഴ പോലിസിന് കൈമാറിയിട്ടുണ്ടന്ന് ബന്ധുക്കൾ പറഞ്ഞു.






