വാഷിംഗ്ടണ്‍- കോവിഡ് കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പുകഴ്ത്തിയിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കോവിഡ് പരിശോധനകളില്‍ വന്‍ നേട്ടമുണ്ടാക്കിയ തന്നെ മഹത്തായ കാര്യം ചെയ്തുവെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി മോഡി പുകഴ്ത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനെ വിമര്‍ശിക്കുന്നതിനിടെയാണ് ട്രംപ് മോഡി പുകഴ്ത്തിയ കാര്യം എടുത്തു പറഞ്ഞത്. കഴിഞ്ഞ അമേരിക്കന്‍ ഭരണകൂടം പന്നി പനി നേരിടുന്നതില്‍ തികഞ്ഞ പരാജയമായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി.
കോവിഡ് കൈകാര്യം ചെയ്ത വിഷയത്തില്‍ ട്രംപ് ഭരണകൂടം പൂര്‍ണ പരാജയമാണെന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ഥികള്‍ ആരോപിച്ചിരുന്നു.
നിലവില്‍ ഇന്ത്യയില്‍ നടത്തിയതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് അമേരിക്കയില്‍ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഇന്ത്യയേക്കാള്‍ 44 ദശലക്ഷം ടെസ്റ്റുകളാണ് അധികം നടത്തിയതെന്നും ഇന്ത്യയില്‍ 150 കോടി ജനങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു.
ടെസ്റ്റ് നടത്തുന്ന കാര്യത്തില്‍ നിങ്ങള്‍ എന്തൊരു കാര്യമാണ് ചെയ്യുന്നതെന്നാണ് മോഡി ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞതെന്നും ട്രംപ് റെനോയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.