അഫ്ഗാനില്‍ താലിബാന്‍ ആക്രമണം; 43 സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയുമായി അതിര്‍ത്തി പങ്കിടുന്ന പാക്കിസ്ഥാനിലെ അംഗൂര്‍ അഡ്ഡയില്‍ പുതുതായി നിര്‍മിച്ച കമ്പിവേലി
കന്ദഹാര്‍- അഫ്ഗാനിസ്ഥാനില്‍ സൈനിക താവളത്തിനു നേരെ താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 43 സൈനികര്‍ കൊല്ലപ്പെട്ടു.
 
ഈ ആഴ്ചയില്‍ ഇതു മൂന്നാം തവണയാണ് സൈനികര്‍ക്കു നേരെ ഭീകരാക്രമണം.
തെക്കന്‍ അഫ്ഗാനിലെ കന്ദഹാര്‍ പ്രവിശ്യയിലെ ചഷ്മോയിലെ സൈനിക താവളത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. രണ്ടു സൈനികര്‍ മാത്രമാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ആറു സൈനികരെ കണ്ടെത്താനായില്ല.
 
സൈനികര്‍ ഉപയോഗിക്കുന്ന ഹംവീ വാഹനത്തിലാണ് ഭീകരര്‍ സൈനിക താവളത്തിലെത്തിയത്. സ്ഫോടകവസ്തുക്കള്‍ നിറച്ച ഈ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സൈനിക താവളം പൂര്‍ണമായും കത്തിച്ചാമ്പലായതായി സൈനിക വക്താവ് ദൗലത്ത് വസിറി പറഞ്ഞു.

മാധ്യമങ്ങള്‍ക്കയച്ച ഒരു സന്ദേശത്തിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുത്തതായി താലിബാന്‍ അറിയിച്ചത്. സൈനിക താവളത്തിലെ  60 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും താലിബാന്‍ അവകാശപ്പെട്ടു. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സൈനിക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അഫ്ഗാന്‍ നാഷണല്‍ ആര്‍മിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് പ്രദേശം.
 
സൈനികരുടേയും പോലീസിന്റേയും കേന്ദ്രങ്ങള്‍ക്കു നേരെ ഒരാഴ്ചക്കിടെ ഉണ്ടായ മൂന്നാം ആക്രമണമാണിത്. ഈ ആക്രമണങ്ങളില്‍ ഇതുവരെ 120 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ പോലീസുകാരും സൈനികരും സാധാരണക്കാരും ഉള്‍പ്പെടും. സൈനികര്‍ ഉപയോഗിക്കുന്ന ഹംവി വാഹനം ഉപയോഗിച്ചാണ് ഈ മൂന്ന് ആക്രമണങ്ങളും താലിബാന്‍ നടത്തിയിട്ടുള്ളത്.
 
ചൊവ്വാഴ്ച പക്ത്യ പ്രവിശ്യയിലെ ഗര്‍ദെസില്‍ പോലീസ് ക്യാംപിനു നേരെ ഉണ്ടായതാണ് ഏറ്റവും രൂക്ഷമായ ആക്രമണം. ഇവിടെ 60 പേരാണ് കൊല്ലപ്പെട്ടത്. ഒരു ട്രക്കും ഹംവിയും മറ്റൊരു വാഹനവും നിറയെ സ്ഫോടക വസ്തുക്കളുമായാണ് ആക്രമണം നടത്തിയത്. 230ഓളം പേര്‍ക്ക് പരിക്കേറ്റു. ഗസ്നി പ്രവിശ്യയിലാണ് രണ്ടാമത്തെ ആക്രമണം. ഇവിടെ 20 പേര്‍ കൊല്ലപ്പെട്ടു.
 
 

Latest News