യുപിയില്‍ ഐപിഎസ് ഓഫീസര്‍ക്കെതിരെ അഴിമതി ആരോപിച്ച വ്യവസായി വെടിയേറ്റു മരിച്ചു

കാന്‍പൂര്‍- ഉത്തര്‍ പ്രദേശ് ഐപിഎസ് ഓഫീസര്‍ മണിലാല്‍ പടിദാര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച വ്യവസായി വെടിയേറ്റു മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് മഹോബയ്ക്കു സമീപം ഹൈവേയില്‍ പ്രമുഖ വ്യവസായി ഇന്ദ്രകാന്ത് ത്രിപാഠിയെ കഴുത്തിന് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാന്‍പൂര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചിക്തയിലായിരുന്നു. മഹോബയിലെ ഖനന വ്യവസായിയാണ് ഇന്ദ്രകാന്ത്. 2014 ബാച്ച് ഐപിഎസ് ഓഫീസറായ മണിലാലിനെതിരെ അഴിമതിയും ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും ആരോപിച്ച് വ്യവസായി വിഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ അതിനു കാരണക്കാരന്‍ ഈ ഐപിഎസ് ഓഫീസറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ദ്രകാന്തിന് വെടിയേറ്റത്.

ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ഖനന കേന്ദ്രമായ മഹോബയിലെ പോലീസ് മേധാവിയായിരുന്ന മണിലാലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്തിരുന്നു. വ്യവസായിയുടെ ബന്ധുക്കളുടെ പരാതിയില്‍ വധശ്രമത്തിനും ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനും ഓഫീസര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓഫീസറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം വ്യവസായിക്ക് തന്റെ ഔഡി കാറിനുള്ളില്‍ എങ്ങനെ വെടിയേറ്റു എന്ന് ഇപ്പോഴും വ്യക്തമല്ല. ആരാണ് വെടിവച്ചത് എന്നതു സംബന്ധിച്ച് ഇപ്പോഴും ഒരു സൂചനയും പോലീസിനു ലഭിച്ചിട്ടില്ല.
 

Latest News