പാര്‍ലമെന്റ് വര്‍ഷക്കാല സമ്മേളനം ഇന്നു മുതല്‍

ന്യൂദല്‍ഹി- കോവിഡ് മുന്‍കരുതലുകളോടെ പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം ഇന്നു തുടങ്ങും. 18 ദിവസം നീളുന്ന സമ്മേളനത്തില്‍ 18 ബില്ലുകളും രണ്ടു ധനകാര്യ ബില്ലുകളും ചര്‍ച്ചയാകും. സമ്മേളനത്തിനു മുന്നോടിയായി വിളിച്ചുചേര്‍ക്കാറുളള സര്‍വകക്ഷി യോഗം ഇത്തവണ കോവിഡ് മഹാമാരി മൂലമുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്ത് ചേരുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദിവസം നാലു മണിക്കൂര്‍ നീളുന്ന സെഷനുകളായാണ് ലോക്‌സഭയും രാജ്യസഭയും ചേരുക. രാജ്യസഭ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരേയും ലോക്‌സഭ വൈകീട്ട് മൂന്നു മുതല്‍ ഏഴു വരേയും രണ്ടു വ്യത്യസ്ത സമയങ്ങളിലാണ് ചേരുക. കോവിഡ് പ്രതിരോധ ക്രമീകരണങ്ങള്‍ കാരണം പതിവിനു വിപരീതമായി ഇരുസഭകളും ഒരേസമയം ചേരില്ല. ശൂന്യ വേളയുടെ സമയം പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ട്. ചോദ്യോത്തര വേള പൂര്‍ണമായും ഒഴിവാക്കി. ഇത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പകരം നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങള്‍ സമര്‍പ്പിക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഇരുസഭകളുടേയും ചേംബറുകളും ഗാലറികളും ഒന്നിച്ച് ഉപയോഗിക്കും. ഒരു സഭ തന്നെ രണ്ടിടത്തും ഒന്നിച്ചു ചേരുന്നതിനാലാണ് രാജ്യസഭാ, ലോക്‌സഭാ സമ്മേളനങ്ങള്‍ക്ക് വ്യത്യസ്ത സമയങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. എംപിമാര്‍ക്ക് ഹാജര്‍ രേഖപ്പെടുത്തുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കിയിട്ടുണ്ട്. സീറ്റുകള്‍ പോളി-കാര്‍ബണ്‍ ഷീറ്റുകള്‍ ഉപയോഗിച്ച് വേര്‍ത്തിരിച്ചിട്ടുണ്ട്. 785 എംപിമാരില്‍ ഇരുനൂറോളം പേര്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്.
 

Latest News