ദമാം- പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ സാമൂഹ്യ മേഖലയിൽ സജീവ സാന്നിദ്ധ്യവുമായ അഹമ്മദ് പുളിക്കലിനെ കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. കഴിഞ്ഞ നാലര പതിറ്റാണ്ട് കാലത്തോളം സൗദിയിലെ ജിദ്ദയിലും ദാമാമിലും ആതുരസേവന രംഗത്ത് സ്തുത്യർഹമായ വ്യക്തി മുദ്ര പതിപ്പിച്ച അഹമ്മദ് പുളിക്കൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകരെ പ്രവാസ ലോകത്ത് സംഘടിപ്പിക്കുന്നതിനും ഒ ഐ സി സി എന്ന പേരിൽ കോൺഗ്രസ് അനുകൂല പോഷക സംഘടന രൂപീകരിക്കുന്നതിനും മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചിരുന്നു. നിലവിൽ ഒ ഐ സി സി യുടെ ഗ്ലോബൽ വൈസ് പ്രസിഡന്റാണ്. പ്രവാസ ലോകത്ത് നിന്നും ആദ്യമായാണ് ഒരാളെ കെ പി സി സി എക്‌സിക്യുട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ന് രാവിലെ എ ഐ സി സി ആസ്ഥാനത്ത് നിന്നും സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ ഒപ്പ് വെച്ച ഔദ്യോഗിക ലിസ്റ്റ് പുറത്തിക്കുകയായിരുന്നു.