കൊച്ചി- കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി. അഭിഭാഷകൻ വഴിയാണ് ദിലീപ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. ദിലീപിന് എതിരായ മൊഴി നൽകിയ ചില സാക്ഷികൾ കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയതിനെ തുടർന്നാണ് പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്.
തൃശൂർ ടെന്നീസ് ക്ലബിൽ വച്ച് ദിലീപും പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നൽകിയ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ ആരോപണം. ഈ കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.






