ദിലീപ് വ്യാജരേഖയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ്

കൊച്ചി-നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘം. നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ചികില്‍സയില്‍ ആയിരുന്നുവെന്ന് ദിലീപ് മൊഴി നല്‍കിയിരുന്നു. ഇതു തെളിയിക്കുന്ന മെഡിക്കല്‍ രേഖകളും ഹാജരാക്കി. എന്നാല്‍ ഇവ വ്യാജമാണെന്നും സംഭവസമയത്ത് ദിലീപ് സിനിമാ ലൊക്കേഷനുകളില്‍ എത്തിയിരുന്നതായും പോലീസ് പറയുന്നു.
 
ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയതിനാണ് ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയത്.

അതേസമയം, വ്യാജ രേഖ ഉണ്ടാക്കിയിട്ടില്ലെന്നും ഫെബ്രുവരി 14 മുതല്‍ 18 വരെ നടന്‍ തന്റെ ചികിത്സയിലായിരുന്നുവെന്നും ഡോ. ഹൈദര്‍ അലി പറയുന്നു. അഡ്മിറ്റ് ചെയ്തിരുന്നുവെങ്കിലും ദിലീപ് വൈകിട്ട് വീട്ടില്‍ പോയിരുന്നുവെന്നാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്. ആശുപത്രി രേഖകള്‍ പരിശോധിച്ച പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പോലീസിന്റെ പുതിയ കണ്ടെത്തലുകള്‍. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തുക.
നിയമവിദഗ്ധരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനുശേഷം അടുത്ത ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

Latest News