Sorry, you need to enable JavaScript to visit this website.

പെരിയ കൂട്ടക്കൊല: സുപ്രീം കോടതിയിൽ അപ്പീൽ പോകാനുള്ള നീക്കം നിയമലംഘനം-വി.ടി ബൽറാം

പാലക്കാട്- പെരിയയിലെ കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകാനുള്ള തീരുമാനം കടുത്ത നീതിനിഷേധമാണെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ മുഴുവൻ പ്രതികളും സിപിഎം നേതാക്കളും ഗുണ്ടകളുമാണ്. അതു കൊണ്ടുതന്നെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തുടക്കം മുതലേ ഉണ്ടായിരുന്നുവെന്നും ഇക്കാരണത്താലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതെന്നും ബൽറാം പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 അവരുടെ ആവശ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ ഇതേ മട്ടിൽ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് അതേ നിലപാട് ആവർത്തിച്ചത്. ലക്ഷക്കണക്കിന് രൂപയാണ് ഇതിനായി പൊതുഖജനാവിൽ നിന്ന് നാളിതുവരെ ചെലവഴിക്കപ്പെട്ടത്. സുപ്രീം കോടതിയിലേക്കെത്തുമ്പോൾ ചെലവ് ഇനി കോടികളാവും. അതിന്റെ ഭാരവും സംസ്ഥാന ഖജനാവിന് തന്നെ.

മടിശ്ശീലയിൽ കനമില്ല എന്നതാണല്ലോ പിണറായി വിജയന്റെ പതിവ് പഴഞ്ചൊല്ലുകളിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ടിട്ടുള്ള ഒരെണ്ണം. എന്നിട്ടും എന്തിനാണ് ഈ കേസിൽ സിപിഎം സർക്കാറിന് ഇത്ര ബേജാറ് ? അടിസ്ഥാനപരമായി നീതി ലഭിക്കേണ്ടത് ഇളംപ്രായത്തിൽ മക്കൾ നഷ്ടപ്പെട്ട ആ അച്ഛനമ്മമാർക്കും സഹോദരങ്ങൾ നഷ്ടപ്പെട്ട പെങ്ങന്മാർക്കും തന്നെയാണല്ലോ. അവർക്ക് ബോധ്യമാവുന്ന തരത്തിൽ നീതിപൂർവ്വകമായി അന്വേഷണം നടത്താൻ സംസ്ഥാന പോലീസിന് കഴിയാതെ പോവുന്നതുകൊണ്ടാണ് സിബിഐ അന്വേഷണാവശ്യം ഉയരുന്നത്. അതനുവദിച്ച് കൊടുക്കുകയല്ലേ ഒരു ജനകീയ സർക്കാർ യഥാർത്ഥത്തിൽ ചെയ്യേണ്ടത്? അതിന് നേർ വിപരീതമായ ഒരു നിലപാടും ശാഠ്യവും എത്ര ജനാധിപത്യ വിരുദ്ധമാണ്! പ്രതികളെ സംരക്ഷിച്ച് കേസ് അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ വ്യഗ്രതയാണ് ഇതിനു പിന്നിൽ എന്ന് എങ്ങനെയാണ് സംശയിക്കാതിരിക്കാനാവുക?

പൊതുസമൂഹം എന്ത് കരുതിയാലും സാരമില്ല, ഞങ്ങൾ പ്രതികൾക്കൊപ്പം നിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന ധിക്കാരപരമായ നിലപാടാണ് സിപിഎമ്മിന്റേത്. ഇക്കാര്യത്തിൽ മാത്രമല്ല, കണ്ണൂർ എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകം അടക്കം സിപിഎമ്മുകാർ പ്രതികളായി വരുന്ന എല്ലാ കേസുകളിലും പാർട്ടിയുടെ നിലപാട് ഇതുതന്നെയാണ്. പാർട്ടി എന്തോ ചെയ്‌തോട്ടെ, സംസ്ഥാന സർക്കാരും അത്തരം നിലപാടിലേക്ക് അധ:പതിക്കുമ്പോൾ അത് ഈ നാട്ടിലെ നിയമവാഴ്ചക്കെതിരായ പരസ്യമായ വെല്ലുവിളി തന്നെയാണ്. ശക്തമായ പ്രതിഷേധമാണ് ഇക്കാര്യത്തിൽ നികുതി ദായകരായ ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്.
 

Latest News