ഭാരം ഇറക്കിവെച്ച പോലെ തോന്നുന്നു, എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിൽ മന്ത്രി ജലീല്‍

എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യൽ; മന്ത്രി ജലീലിന് പറയാനുള്ളത്

കൊച്ചി- എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ. The Federal പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പൂർണരൂപം. അഭിമുഖം നടത്തിയ മാധ്യമപ്രവർത്തക ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 

ചോദ്യം: താങ്കളെ ഇ ഡി ചോദ്യം ചെയ്തിരുന്നോ?
ഉത്തരം:  ചെയ്തിരുന്നു

ചോദ്യം:  എപ്പോഴായിരുന്നു ചോദ്യം ചെയ്യൽ. ചട്ടപ്രകാരം നോട്ടീസ് തന്നാണോ വിളിപ്പിച്ചത്?
ഉത്തരം:അതേ.  എല്ലാം ചട്ടപ്രകാരം തന്നെയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട്
നിരവധി പേരെ അവർ കാണുന്നുണ്ട്.

ചോദ്യം: ഇന്നലെ എത്ര മണിക്കാണ് അവരെ കണ്ടത്?
ഉത്തരം: രാവിലെ ഏകദേശം 9 മണിയോടെ

ചോദ്യം: എത്രനേരം നീണ്ടു?
ഉത്തരം: ഏതാണ്ട് ഒന്നര വരെ
ചോദ്യം :അക്കാര്യം താങ്കൾ മാധ്യമങ്ങളിൽ നിന്ന് മറച്ചുവച്ചു എന്ന് പറയുന്നുണ്ടല്ലോ?
ഉത്തരം :അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമെന്താണ്? ഇഡി അവരുടെ ജോലി ചെയ്യുന്നു, അവർ മാധ്യമങ്ങളോട് അത് പറയുന്നില്ലല്ലോ!

ചോദ്യം: താങ്കളെ ചോദ്യം ചെയ്തതായി ദില്ലിയിലെ ഇഡി ഓഫീസിൽ നിന്നും കൺഫേം ചെയ്തുവെന്നാണ് റിപ്പോർട്ട്..
ഉത്തരം: അതെ, അതു പക്ഷെ ഞാനവരെ കണ്ടതിനു ശേഷമല്ലേ?

ചോദ്യം: അക്കാര്യം മറച്ചുവച്ചുവെന്നാണ് മാധ്യമപ്രവർത്തകരുടെ ആക്ഷേപം..
ഉത്തരം: (ചിരി) അങ്ങനെയന്നുമില്ല..ഞാൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.അത്രയേ ഉള്ളൂ

ചോദ്യം: ഇപ്പോഴെന്താണ് തോന്നുന്നത്?
ഉത്തരം: എനിക്ക് വലിയ ഒരു  ഭാരം ഇറക്കി വച്ചതുപോലെ തോന്നുന്നു.

ചോദ്യം: എന്തായിരുന്നു അവരുടെ അന്വേഷണത്തിന്റെ ഫോക്കസ് ?
ഉത്തരം: അവർ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചോദിച്ചു. ഞാൻ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായി തന്നെ മറുപടിയും പറഞ്ഞു .വളരെ
സൗഹാര്ദപരമായാണ്അവർ ഇടപെട്ടത്.  

ചോദ്യം : റംസാൻ കിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ ചോദിച്ചത് ? സ്വർണകടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചുവോ ? 
ഉത്തരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട യാതൊന്നും തന്നെ എന്നോട് ചോദിച്ചില്ല .കോൺസുലേറ്റ് വഴി ഖുർആനും പെരുന്നാൾ കിറ്റും കൊണ്ട് വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ ചോദിച്ചുള്ളൂ . 

ചോദ്യം : ഈ വിഷയത്തിൽ ധാരാളം ആക്ഷേപങ്ങൾ നിങ്ങൾക്കെതിരെ ഉയർന്നല്ലോ? ആ സാഹചര്യത്തിൽ ചോദിക്കുകയാണ്. എന്താണ് നിങ്ങൾ ഇ ഡി ക്ക് മുൻപാകെ നൽകിയ വിശദീകരണം ? അത് തന്നെയാണോ ജനങ്ങളോടും പറയാനുള്ളത് . 
ഉത്തരം : തീർച്ചയായും . എനിക്ക് ഒരു കാര്യവും മറച്ചു വെക്കാനില്ല . ആളുകൾക്ക് ഖുർ ആനിന്റെ കോപ്പികൾ  സമ്മാനമായി കൊടുക്കുന്നത്
അവരുടെ ഒരു രീതിയാണ് . റംസാൻ കിറ്റ് കൊടുക്കുന്നതും ഒരു പുതിയ കാര്യം ഒന്നുമല്ല . ജൂൺ ആദ്യവാരത്തിലാണ് ഖുർ ആൻ കോപ്പികൾ കോൺസുലേറ്റ് വഴി അയച്ചത്.  ഇവിടത്തെ മത ചാരിറ്റി സംഘടനകൾക്ക് വിതരണം ചെയ്യാൻ സഹായിക്കാമോ എന്ന് ചോദിച്ചു .

ചോദ്യം: അതിൽ പക്ഷെ താങ്കളുടെ റോൾ എന്താണ് ?
ഉത്തരം: നോക്കൂ , ഞാൻ വകഫിന്റെ കൂടി മന്ത്രിയല്ലേ , മതപരവും സാംസ്‌കാരികവുമായ കാര്യങ്ങളിൽ എന്റെ ഓഫീസിന്റെ സഹായം തേടുന്നതിൽ
അസാധാരണമായി ഒന്നുമില്ലല്ലോ . ഈ വർഷം കൊറോണ മൂലം അവർക്ക് ഈ കിറ്റുകളും ഖുർ ആൻ കോപ്പികളും വിതരണം ചെയ്യാൻ കഴിഞ്ഞില്ല .അത് കൊണ്ടായിരിക്കാം അത്തരത്തിൽ സഹായം തേടിയത് . അവിടെ വന്നതിൽ അവശേഷിച്ച 32 പാക്കറ്റുകൾ സി ആപ്റ്റിന്റെ ( Cetnre for Advanced Printing and Training) ഓഫീസിലേക്കാണ് എത്തിച്ചത് . അവിടെ നിന്ന് ടെക്സ്റ്റ് പുസ്തകങ്ങൾ കൊണ്ട് പോകുന്ന വണ്ടിയിൽ കയറ്റി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ എത്തിക്കാനുള്ള സഹായമാണ് അവർ ചോദിച്ചത് . സർക്കാരിന് ഒരൊറ്റ പൈസ അധിക ചെലവ് വരുന്ന ഒരു കാര്യമൊന്നുമല്ല . UAE ഇന്ത്യയുമായി എത്രയോ നല്ല ബന്ധത്തിൽ ഇരിക്കുന്ന ഒരു രാജ്യമാണ് . അവിടെ ഒരു ക്ഷേത്രം പണിയാൻ നമ്മുടെ പ്രധാനമന്ത്രി അനുവാദം ചോദിച്ചപ്പോൾ സസന്തോഷം സ്ഥലം കൊടുത്ത രാജ്യമല്ലേ അത് . ആ ക്ഷേത്രത്തിന്റെ പണി പൂർത്തിയാകാറായി എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . ഇത്തരത്തിൽ സൗഹൃദ രാജ്യങ്ങൾ തമ്മിൽ മതപരവും സാംസ്‌കാരികവുമായ കൊടുക്കൽ വാങ്ങലുകൾ സാധാരണ നടക്കുന്നതല്ലേ ? ഇതിലൊക്കെ എന്താണ് നിയമ വിരുദ്ധമായി ഉള്ളത് ?

ചോദ്യം: സി ആപ്റ്റിൽ വന്ന പാക്കറ്റുകൾ എന്താണ് ചെയ്തത് ?

ഉത്തരം: ഒരു പാക്കറ്റ് അവിടത്തെ ജീവനക്കാർ പൊട്ടിച്ചു . നല്ല ഭംഗിയായി പ്രിന്റ് ചെയ്ത ഖുർ ആനുകൾ ആണ് . അവിടത്തെ ജീവനക്കാർ ഓരോ കോപ്പി
എടുത്തോട്ടെ എന്ന് ചോദിച്ചു. മുസ്ലിങ്ങൾ മാത്രമല്ല കേട്ടോ .അവിടത്തെ ഇതര മതസ്ഥരായ ജീവനക്കാരും ഓരോ കോപ്പി ചോദിച്ചു .അങ്ങനെ ഇരുപത്തിനാല് കോപ്പികൾ അവിടത്തെ ജീവനക്കാർ എടുത്തു .അവരെ സംബന്ധിച്ചിടത്തോളം ഖുർആന്റെ കോപ്പികൾ അങ്ങനെ വിപണിയിൽ കിട്ടുന്ന ഒന്നല്ലല്ലോ . സി ആപ്റ്റിന്റെ എം ഡി സമ്മതിക്കുകയും ചെയ്തു. ബാക്കി ഉള്ളവ   രണ്ടിടത്തേക്കായി കൊടുത്തയച്ചു .ഒന്ന് എടപ്പാളിലെ അൽ ഇർഷാദ് എന്ന സ്ഥാപനം . മറ്റൊന്ന് ആലത്തിയൂരിലെ ഒരു സ്ഥാപനം . അവർ അത് ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ് . കൊറോണ കഴിഞ്ഞിട്ടേ വിതരണം ചെയ്യാവൂ എന്ന് ഞാൻ പറഞ്ഞിരുന്നു .

ചോദ്യം: ഇ ഡി ഇത്തരമൊരു അന്വേഷണം നടത്താനുള്ള സാഹചര്യം എന്താണ് ? എന്താണ് അവരുടെ അന്വേഷണത്തിന്റെ terms of reference താങ്കൾക്ക്
മനസ്സിലായിടത്തോളം ?

ഉത്തരം: കോൺഗ്രസ്സും ബിജെപിയും കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും പരാതി അയച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം  എന്നാണ് ഞാൻ
മനസ്സിലാക്കുന്നത് . ഖുർ ആന്റെ കോപ്പികൾ വന്നതുമായി ബന്ധപ്പെട്ടു അവർ പരാതി കൊടുത്തു .ഇത് വിദേശ ചട്ടങ്ങളുടെ ലംഘനമാണ് എന്നായിരുന്നു പരാതി. ആ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണം മാത്രമാണിത് . സ്വർണക്കടത്തുമായി ഒന്നും ഇതിന് ഒരു ബന്ധവുമില്ല .

ചോദ്യം: ഇത്തരത്തിൽ ഖുർ ആൻ കോപ്പികളും റംസാൻ കിറ്റുമൊക്കെ സ്വീകരിക്കാൻ നിയമപരമായി സാധ്യമാണോ ? ഇതിൽ ചട്ടലംഘനമുണ്ട് എന്നാണല്ലോ ആരോപണം ? അങ്ങനെ ഉണ്ടോ ?

ഉത്തരം: നോക്കൂ , ഹോളി ഖുർ ആൻ എന്ന് വ്യക്തമായി ഈ പാക്കറ്റുകളിൽ എഴുതിയിട്ടുണ്ടായിരുന്നു . പാക്കറ്റുകൾക്കകത്ത് മറ്റെന്തോ ആണ് എന്ന്
തെറ്റിധരിപ്പിച്ച് ഒളിച്ചു കടത്തിയത് ഒന്നുമല്ല ഇത് . കസ്റ്റംസ് അധികൃതർ അടക്കം കണ്ടു ബോധ്യപ്പെട്ട് തന്നെയാണല്ലോ ഈ രീിശെഴിാലി േവന്നിട്ടുള്ളത് .
ഇതിൽ എന്തെങ്കിലും നിയമവിരുദ്ധമായി ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കസ്റ്റംസിനും കേന്ദ്ര സർക്കാരിനും അല്ലേ ?

ചോദ്യം: പക്ഷേ റംസാൻ കിറ്റ് ആണെങ്കിലും ഖുർ ആൻ ആണെങ്കിലും കേന്ദ്രമന്ത്രാലയത്തെ മുൻകൂട്ടി അറിയിച്ചു അനുമതി വാങ്ങണം എന്നുണ്ടോ ?
ഉത്തരം: ഞാൻ നേരത്തെ പറഞ്ഞില്ലേ ? നയതന്ത്രപ്രധാനമായ കാര്യങ്ങളോ ഇരുരാജ്യങ്ങളെയും ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളോ ആണെങ്കിൽ ഒരു
സംസ്ഥാനമന്ത്രിക്ക് അഭിപ്രായം പറയാനോ ഇടപെടാനോ കഴിയില്ല . പക്ഷെ മതപരമായതോ സാംസ്‌കാരികമായതോ ആയ കൊടുക്കൽ വാങ്ങലുകളിൽ യാതൊരു
ചട്ടലംഘനവുമില്ല . ഷാഹിന , അവിടെന്ന് ആരെങ്കിലും സലാം ചൊല്ലിയാൽ സലാം മടക്കാൻ ഡൽഹിയിൽ വിളിച്ച് അനുമതി ചോദിക്കാൻ പറ്റുമോ ? എന്തൊരു കഷ്ടമാണിത്(ചിരിക്കുന്നു )

ചോദ്യം:മറ്റെന്തൊക്കെയാണ് അവർ ചോദിച്ചത് ?
ഉത്തരം: എന്റെ സ്വത്ത് വിവരങ്ങൾ ചോദിച്ചു . എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട് . എനിക്ക് നാട്ടിൽ പതിനെട്ടര സെന്റ് സ്ഥലവും വീടുമാണ്
ഉള്ളത് . അതിന്റെ ആധാരം പക്ഷേ നിയമസഭയിലാണ് .വീട് പെയിന്റടിക്കാനായി ആധാരം വെച്ച് ലോൺ എടുത്തിരുന്നു. എന്റെ ഭാര്യക്കോ മക്കൾക്കോ സ്വർണമൊന്നുമില്ല .അവർ  മക്കളുടെ വിവരങ്ങൾ ചോദിച്ചു . മക്കൾ മൂന്ന് പേരും പൊതുമേഖലാ സ്ഥാപനങ്ങളിൽ ആണ് പഠിച്ചത് . മക്കളുടെ വിദ്യാഭ്യാസത്തിനും എനിക്ക് കാര്യമായി ഒരു പൈസയും ചെലവായിട്ടില്ല . മൂത്ത മകൾ എൻ ഐ ടി യിലാണ് പഠിച്ചത് .അത് കഴിഞ്ഞു ജോർജിയ
ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എം എസ് കഴിഞ്ഞു .ഇപ്പോൾ സിലിക്കൺ വാലിയിൽ ഇന്റെലിൽ ജോലി ചെയ്യുന്നു .അവളുടെ ഭർത്താവും
അവിടെത്തന്നെയാണ് . അയാൾ ആപ്പിളിൽ ആണ് ജോലി ചെയ്യുന്നത് .രണ്ടാമത്തെയാൾ പൂനയിൽ എൽ എൽ ബി പഠിക്കുന്നു . മൂന്നാമത്തെയാൾ പോർട്ട് ബ്ലെയറിൽ സെൻട്രൽ ഗവണ്മെന്റിന്റെ കീഴിലുള്ള മെഡിക്കൽ കോളേജിൽ എം ബിബിഎസ് ചെയ്യുന്നു. .(ആൻഡമാൻ നിക്കോബാർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ).

ചോദ്യം: ഇക്കാര്യങ്ങൾ ഒക്കെ മാധ്യമങ്ങളോട് പറഞ്ഞുകൂടായിരുന്നോ ?

ഉത്തരം: എന്ത് കാര്യത്തിന് ? പതിനാലാംതീയതി എന്തോ സംഭവിക്കും എന്നൊക്കെയല്ലേ ചില പത്രങ്ങൾ എഴുതിയത് ? അത് നമുക്ക് നോക്കാലോ എന്താ
ഇപ്പൊ സംഭവിക്കുക എന്ന് .(വീണ്ടും ചിരി )

ചോദ്യം: നിങ്ങളെ തിരഞ്ഞു പിടിച്ചു വേട്ടയാടുന്നു എന്ന തോന്നൽ ഉണ്ടോ ?

ഉത്തരം: അതിപ്പോ മാധ്യമങ്ങൾക്ക് ഓരെ മക്കാറാക്കി എന്ന തോന്നൽ ഉണ്ടാവുമായിരിക്കും . പിന്നെ മൊത്തത്തിൽ എന്താണെന്നു വെച്ചാൽ മതപരമായി
ജീവിക്കുന്ന ഒരാൾക്ക് കമ്യൂണിസ്റ്റ് ആവാൻ പറ്റില്ല എന്നാണല്ലോ ഒരു പൊതുബോധം . നിങ്ങൾക്ക് കമ്യൂണിസ്റ്റ് ആവണോ ? നിങ്ങൾ ഇമ്പിച്ചിബാവയെ പോലെയോ
പാലോളിയെ പോലെയോ ഒരു മുസ്ലിം ആയിക്കോ  എന്നാണ് മനോഭാവം . 

ചോദ്യം: ഒരിക്കൽ സിമി ആയിരുന്ന ഒരാൾ എപ്പോഴും'സിമി ആയിരിക്കും എന്നുമുണ്ടല്ലോ അല്ലേ പൊതുബോധം ?

ഉത്തരം: അതെയതെ . തീർച്ചയായും . മനുഷ്യർ മുന്നോട്ടാണല്ലോ നടക്കുന്നത് .ഞാൻ സിമിയിൽ നിന്ന് ലഷ്‌കർ ഇ തോയിബയിലേക്ക് അല്ലല്ലോ പോയത് . മുസ്ലിം
ലീഗിലേക്കാണ് .അവിടന്ന് സിപിഎമ്മിലേക്കുമാണ് .പക്ഷേ അത് പലർക്കും ദഹിക്കാൻ ബുദ്ധിമുട്ടാണ് . നോക്കൂ ,എനിക്ക് ഒന്നും പേടിക്കാനില്ല . മുഖ്യമന്ത്രി എപ്പോഴും പറയുന്നത് പോലെ മടിയിൽ കനം ഉണ്ടെങ്കിൽ നമ്മൾ പേടിച്ചാൽ മതിയല്ലോ . എന്റെ ഭാര്യക്ക് ഒരു തരി സ്വർണം ഇല്ല .എന്റെ മകളുടെ വിവാഹത്തിന് മഹർ ആയി വാങ്ങിയത് ഖുർ ആന്റെ കോപ്പിയാണ് .അവളുടെ വിവാഹത്തിന് അവൾ സ്വർണം ധരിച്ചിട്ടില്ല . ഞാൻ ആർക്കും ഒന്നും കൊടുക്കാനില്ല . ഞാൻ ആരെയും വഞ്ചിച്ചോ ചതിച്ചോ ഒന്നും നേടിയിട്ടുമില്ല . എല്ലാവരും കമറുദ്ധീനെ പോലെയാണ് എന്നാണ് ഇവരുടെയൊക്കെ  വിചാരം .
 

Latest News