അഭിപ്രായ സ്വാതന്ത്ര്യം എന്തും പറയാനുള്ള അവകാശമല്ല-ബോംബെ ഹൈക്കോടതി

മുംബൈ-അഭിപ്രായ സ്വാതന്ത്ര്യം എന്തും പറയാനുള്ള അപരിമിതമായ അവകാശമല്ലെന്ന് ബോംബെ ഹൈക്കോടതി. അധിക്ഷേപകരമായ പ്രസ്താവന നടത്തിയതിന് മുംബൈ പാല്‍ഗഢ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത യുവതിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും ആദിത്യ താക്കറേയ്ക്കുമെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയ സംഭവത്തില്‍ സുനൈന ഹോലി എന്ന സ്ത്രീക്കെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തന്നെ അറസ്റ്റ് ചെയ്യുന്നതില്‍നിന്നു സംരക്ഷണം ആവശ്യപ്പെട്ട് സുനൈന നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം. സുനൈനയുടെ ഹര്‍ജി കോടതി തള്ളി.
വിദ്വേഷ പ്രസ്താവനകള്‍ നടത്തി, ഉദ്ധവ് താക്കറയ്‌ക്കെതിരേയും ആദിത്യ താക്കറയ്‌ക്കെതിരേയും അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അപ്ലോഡ് ചെയ്തതില്‍ മൂന്ന് പോലീസ് സ്‌റ്റേഷനുകളിലായി മൂന്ന് എഫ്.ഐ.ആറുകളാണ് സുനൈനെക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈബര്‍ കേസില്‍ ഓഗസ്റ്റില്‍ സുനൈനയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
ബാക്കി രണ്ട് കേസുകളില്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജാരാവാന്‍ സുനൈനയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അവര്‍ ഹാജരായിരുന്നില്ല. അതേസമയം, പോലീസ് സ്‌റ്റേഷനില്‍ ഹാജാരായാല്‍ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയെ തുടര്‍ന്നാണ് നോട്ടീസിന് പ്രതികരിക്കാതിരുന്നതെന്ന് സുനൈനയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കാനായി സെപ്റ്റംബര്‍ 29ലേക്ക് മാറ്റി.
 

Latest News