കേരളത്തിലോടുന്ന ജനശതാബ്ദി എക്‌സ്പ്രസുകൾ നിർത്തലാക്കുമെന്ന അറിയിപ്പ് മലയാളികളെ ഏറെ അസ്വസ്ഥാരാക്കിയിരുന്നു. കോഴിക്കോട്, കണ്ണൂർ നഗരങ്ങളിൽ നിന്ന് പുറപ്പെടുന്ന അതിവേഗ ട്രെയിനുകളിൽ നിത്യേന കൊച്ചിയിലും കോട്ടയത്തും ചെന്ന് കാര്യങ്ങൾ നിറവേറ്റി തിരിച്ചു വരാൻ സാധിച്ചിരുന്നു. രാവിലെ ആറേ കാലിന് പുറപ്പെടുന്ന ജനശതാബ്ദി ഒമ്പതരയ്ക്ക് എറണാകുളം നോർത്തിലും പത്തര മണിയ്ക്ക് കോട്ടയത്തും ഉച്ച ഒന്നരയ്ക്ക് തലസ്ഥാന നഗരിയിലും എത്തിയിരുന്നു. തിരികെ വരുമ്പോൾ വൈകുന്നേരം ആറരയ്ക്ക് ശേഷം നോർത്ത് വിടുന്ന ട്രെയിൻ രാത്രി പത്തിന് കോഴിക്കോട്ടും പതിനൊന്നിന് കണ്ണൂരിലും എത്തുമായിരുന്നു. കോവിഡ് കാലത്ത് യാത്രക്കാർ കുറഞ്ഞുവെന്ന് പറഞ്ഞാണ് നിർത്താനാലോചിച്ചത്. 23 ശതമാനം യാത്രക്കാരേ ഉള്ളൂവെന്നാണ് വാദം.
ഇപ്പോഴത്തെ കണക്ക് കാര്യമാക്കേണ്ടതുണ്ടോ? തൽക്കാലം ഉപഭോക്തൃ സംഘടനകളും അച്ചടി മാധ്യമങ്ങളും ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി ജനശതാബ്ദിയുടെ ആയുസ്സ് നീട്ടിക്കിട്ടിയിട്ടുണ്ട്. അപ്പോഴും വേണാട് എക്‌സ്പ്രസ് റദ്ദാക്കിയ സ്ഥിതിയിലാണ്. എറണാകുളം ജംഗ്ഷനെന്ന സൗത്ത് സ്റ്റേഷനിൽ രാവിലെ പത്തിന് മുമ്പേ എത്തുന്ന തീവണ്ടിയാണിത്. മധ്യ തിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരങ്ങളാണ് ഈ ട്രെയിൻ ഉപയോഗപ്പെടുത്തി എത്തിയിരുന്നത്. വൈകുന്നേരം അഞ്ചരയ്ക്ക് ശേഷമുള്ള മടക്കയാത്രയിലും തിരക്കിന് ഒട്ടും കുറവില്ല. ഇത്രയേറെ ജനപ്രീതിയുള്ള വേണാട് തൽക്കാലം തുടരേണ്ടെന്നാണ് തീരുമാനം. കേരളത്തിലോടുന്ന ട്രെയിനുകളുടെ അപര്യാപ്തത പറഞ്ഞറിയിക്കേണ്ടതില്ല. നിലവിലുള്ള ട്രെയിനുകളുടെ ഇരട്ടിയെങ്കിലും അത്യാവശ്യമാണ്. എന്നിട്ട് യാത്രക്കാർക്ക് ഉപകരിക്കുന്ന ട്രെയിനുകൾ പൊടുന്നനെ നിർത്തുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ നമ്മുടെ ജനപ്രതിനിധികൾ രംഗത്തില്ലെന്നത് ഖേദകരമാണ്. ലോക്‌സഭയിൽ കേരളത്തിന്റെ ഇരുപത് എംപിമാരുണ്ട്. രാജ്യസഭയിൽ വേറെയും. ഇവരിൽ പലരും റെയിൽവേ യൂസേഴ്‌സ് ഫോറങ്ങളിൽ അംഗങ്ങളുമാണ്. ഫോറത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കാതെ റെക്കോർഡ് സൃഷ്ടിക്കുന്നവരാണ് കേരള എം.പിമാർ. വാസ്തവത്തിൽ ഇവരുടെ ജോലി പിന്നെ എന്താണാവോ?
കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങൾ മുമ്പ് ഇങ്ങനെയൊന്നുമായിരുന്നില്ല. ദക്ഷിണ കേരളത്തിൽ ആലപ്പുഴ-കായംകുളം പാത നിലവിൽ വന്നിട്ട് ഏറെക്കാലമായിട്ടില്ല. കോൺഗ്രസിന്റെ ചില മുതിർന്ന നേതാക്കളുടെ അത്യുത്സാഹം ഇതിനു വേണ്ടിയുണ്ടായിരുന്നുവെന്നത് ചരിത്രം. ഇവരിൽ ജീവിച്ചിരിപ്പുള്ളവരുമുണ്ട്. കേന്ദ്ര മന്ത്രിയായപ്പോൾ വേണ്ടത്ര ശോഭിക്കാതിരുന്ന വയലാർ രവി, നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ വി.എം സുധീരൻ, ദീർഘകാലം എറണാകുളം എം.പിയായിരുന്ന പ്രൊഫ. കെ.വി തോമസ്. എ.കെ ആന്റണി എന്നിങ്ങനെ പോകുന്നു നേതാക്കളുടെ പട്ടിക. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ശിൽപി കെ. കരുണാകരന്റെ സംഭാവനയും വിസ്മരിക്കാനാവില്ല.
കൊച്ചി സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒരു ശിലാഫലകമുണ്ട്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേരളത്തിലെത്തി തിരുവനന്തപുരം-എറണാകുളം പാതയുടെ ഗേജ് മാറ്റം നടത്തിയതിന്റെ പ്രഖ്യാപനം. ഇതിനും അത്രയ്‌ക്കൊന്നും പഴക്കമില്ല. അര നൂറ്റാണ്ടിൽ താഴെ. അതിന് മുമ്പ് മലബാറിൽ നിന്ന് തലസ്ഥാന നഗരയിലേക്ക് പോകുന്ന യാത്രക്കാർ എറണാകുളത്തെത്തി മീറ്റർ ഗേജ് പെട്ടി വണ്ടിയിലേക്ക് മാറി കയറണമായിരുന്നു. അതേ സമയം ഇപ്പോഴത്തെ കേരളത്തിന്റെ വടക്കൻ പ്രദേശമായ മലബാർ മേഖലയിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ട്രെയിൻ സർവീസ് തുടങ്ങിയ കാലത്തേ ബ്രോഡ്‌ഗേജ് തീവണ്ടി സർവീസുണ്ടായിരുന്നു. തിരൂരിനും ബേപ്പൂരിനുമിടയിലെ കേരളത്തിലെ ആദ്യ റെയിൽ പാതയ്ക്ക് ഒന്നര നൂറ്റാണ്ടിന്റെ പ്രായമായി. പിന്നീടിങ്ങോട്ട് കാര്യശേഷിയുള്ള ജനപ്രതിനിധികളുടെ ശ്രമഫലമായി പുതിയ ട്രെയിനുകളും പാതകളുമെല്ലാം അനുവദിക്കുമ്പോൾ തെക്കൻ മേഖലയ്ക്കാണ് കാര്യമായ പരിഗണന ലഭിച്ചത്. തിരുവനന്തപുരത്ത് ദീർഘ ദൂര ട്രെയിനുകൾക്ക് വന്നു നിൽക്കാൻ സ്ഥലം തികയാതെ വന്നപ്പോൾ കൊച്ചുവേളി ഉപഗ്രഹ സ്റ്റേഷനാക്കി. മുംബൈയ്ക്കും ദില്ലിക്കും പോകുന്ന വണ്ടികൾ ആലപ്പുഴ വഴിയും കോട്ടയം വഴിയുമാക്കി മാറ്റി. ബ്രിട്ടീഷുകാരുടെ കാലത്ത് ഉഗ്ര പ്രതാപിയായി വിരാജിച്ച ഷൊർണൂർ ജംഗ്ഷനെപ്പറ്റി പറയാൻ ആരുമില്ലാതായി.
മൂന്ന് നാല് ദശകങ്ങൾക്കിടെ നിലവിൽ വന്ന റെയിൽ പാതയിൽ ട്രെയിൻ കൂടിയതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ദക്ഷിണ മേഖലയിലെ യാത്രക്കാർ. മലബാർ പ്രദേശത്ത് മാത്രമാണ് മെമു സർവീസ് ആരംഭിക്കാത്തത്. മംഗലാപുരം വരെയുള്ള പാത ഇരട്ടിപ്പിച്ചിട്ട് കുറച്ചു കാലമായി. ഈ പാത പൂർണമായും വൈദ്യുതീകരിച്ചിട്ടും നാല് വർഷത്തിലേറെയായി. മെമു സർവീസ് തുടങ്ങാതിരിക്കാനുള്ള കാരണങ്ങൾ അപ്രസക്തമായെന്ന് ചുരുക്കം. എന്താണ് മെമു തുടങ്ങാത്തതെന്ന് ചോദിച്ചാൽ പാലക്കാട്ടെ മെമു ഷെഡ് വിപുലീകരണം പൂർത്തിയായിക്കോട്ടെ എന്നൊക്കെ മറുപടി പറയുന്നവരുണ്ട്.
മെമുവിനെ ഇങ്ങോട്ടെത്തിക്കാൻ മലബാർ മേഖലയിൽ നിന്നുള്ള ഒരു ഡസൻ എംപിമാർ ഉത്സാഹിച്ചിരുന്നുവെങ്കിലെന്ന് ആരും കൊതിച്ചു പോകും. ഇവരിലാരെങ്കിലും ചെന്നൈ സോണിൽ ഫോൺ വിളിച്ചു പറഞ്ഞാൽ തന്നെ നടക്കുന്ന കാര്യമാണിത്. റോഡ് വാഹനങ്ങൾ പെരുകിയതോടെ പലരും പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്താൻ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. മംഗലാപരും-കണ്ണൂർ-കോഴിക്കോട്-തിരൂർ-പാലക്കാട് സെക്ഷനുകളിൽ മെമമു സർവീസ് തുടങ്ങുന്നത് പകൽ സമയത്ത് ട്രെയിനുകളിൽ അനുഭവപ്പെടുന്ന തിരക്ക് ഇല്ലാതാക്കാൻ വഴിയൊരുക്കും.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കേരളത്തിൽ തെരഞ്ഞെടുത്ത ഏക സ്റ്റേഷൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനാണെന്ന് വാർത്തയുണ്ടായിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്നായിരുന്നു തള്ള്. സതേൺ സോണിൽ കോഴിക്കോടിന് പുറമെ ചെന്നൈ മാത്രമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ഇപ്പോൾ വന്ന് വന്ന് കോഴിക്കോട് ഈ പട്ടികയിലേ ഇല്ലാതായി. പകരം എറണാകുളം ജംഗ്ഷൻ ഇതിൽ സ്ഥാനം പിടിക്കുകയും ചെയ്തു. കോഴിക്കോടിന്റെ സാറ്റലൈറ്റ് സ്റ്റേഷനുകളായി വെസ്റ്റ് ഹിൽ, ഫറോക്ക് എന്നിവ വികസിപ്പിക്കാമായിരുന്നു. വെസ്റ്റ് ഹില്ലിൽ റെയിൽവേയുടെ പക്കൽ ധാരാളം ഭൂമിയുണ്ട്. ഭാവിയിൽ കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന ദീർഘ ദൂര ട്രെയിനുകൾക്ക് സൗകര്യപ്രദമാവും വിധം പിറ്റ് ലൈൻ ഇവിടെ സ്ഥാപിക്കുകയുമാവാം. കാലിക്കറ്റ് എയർപോർട്ട്, കാലിക്കറ്റ് സർവകലാശാല എന്നിവയുടെ സാമീപ്യം കൂടിയുണ്ട് ഫറോക്കിന്.
മോഡി സർക്കാർ അധികാരത്തിലേറിയ ശേഷം വരുത്തിയ പ്രധാന പരിഷ്‌കാരമാണ് റെയിൽവേ ബജറ്റ് ഇല്ലാതാക്കിയത്. എന്നിരുന്നാലും പാർലമെന്റ് അംഗങ്ങൾക്ക് സോണൽ മാനേജർമാരെ ബന്ധപ്പെട്ട് പലതും ചെയ്യാനാകും.
കേരളത്തിലെ ജനശതാബ്ദി ട്രെയിനുകൾ റദ്ദാക്കാൻ ആലോചിച്ച വേളയിൽ കണ്ട ഒരു റിപ്പോർട്ട് ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. കോഴിക്കോട്ട് നിന്ന് 160 രൂപ ചെവലിൽ തിരുവനന്തപുരത്തേക്ക് ചുരുങ്ങിയ സമയം കൊണ്ട് യാത്ര ചെയ്യാവുന്ന സൗകര്യമാണ് ജനശതാബ്ദിയുടേത്. ഇതിന്റെ സ്ഥാനത്ത് ആയിരം രൂപ നിരക്കുള്ള സ്വകാര്യ ട്രെയിൻ ഏർപ്പെടുത്താനായിരുന്നു പോലും ആലോചന. കൊടിയ ജനദ്രോഹ പരിപാടികൾ മുളയിലേ നുള്ളാനുള്ള ഉത്സാഹം എം.പിമാർ പ്രകടിപ്പിക്കണം.