Sorry, you need to enable JavaScript to visit this website.

മൂത്തവരും പേക്കിനാവുകളും

'മൂത്തവർ ചൊല്ലും മുതിനെല്ലിക്ക, ആദ്യം കയ്ക്കും, പിന്നെ മധുരിക്കും' എന്നൊരു ചൊല്ലുണ്ട്. രമേശ് ചെന്നിത്തല ആരാ, കേട്ടിരിക്കാൻ ന്യായമില്ല. അല്ലെങ്കിൽ, വി.എം സുധീരൻ പറഞ്ഞ വാക്കുകൾ അതേ പടി അനുസരിക്കുമായിരുന്നു. എന്തു ചെയ്യാം, തെരഞ്ഞെടുപ്പ് വിഷയം വന്നെത്തുമ്പോൾ സ്ഥാനമാനങ്ങൾ ഉള്ളവർക്ക് ചെവിക്കു മന്ദത ബാധിക്കും; അതു പതിവാണ്. പകർച്ച രോഗവും ആകാം. ഉത്സവത്തിന്റെ സമാപന വെടിക്കെട്ടു പോലെയാണ് രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പ്. അതിൽ വീണാൽ ഇമേജിന്റെ കഥ കഴിയും. ചെന്നിത്തലയ്ക്കു തെറ്റു പറ്റി എന്നു തന്നെയാണ് സുധീരൻജിയുടെ കണ്ടെത്തൽ. കോൺഗ്രസിന് പാരമ്പര്യമായും തറവാട്ടു വക ഭാഗം വെച്ച വഴിയിലും കിട്ടിയതാണ് കോട്ടയം ലോക്‌സഭാ സീറ്റ്. അത് ജോസ് കെ. മാണി എന്ന പയ്യനു ദാനം ചെയ്യാൻ ചെന്നിത്തലയ്ക്കു എന്തധികാരം? കെ.പി.സി.സി പ്രസിഡന്റായിരുന്നുവെന്ന മുടന്തു ന്യായം പറയാം. പ്രസിഡന്റിന് ഒന്നിലും ഒരു കാര്യവുമില്ലെന്ന് മുല്ലപ്പള്ളിയെ കണ്ടാൽ പ്രഥമദൃഷ്ട്യാ തന്നെ ആർക്കും മനസ്സിലാകും.

പൂവും നീരും നൽകി പാലാക്കാരൻ കൊച്ചനു ദാനം ചെയ്തതിന്റെ ഫലം ഇന്ന് അനുഭവിക്കുന്നു. ഇടതു മുന്നണിയിലേക്കാണെങ്കിൽ ആ എം.പി സ്ഥാനം രാജിവെച്ച് ഇങ്ങുമടക്ക് ഏൽപിച്ചേര് എന്നു പറഞ്ഞു. കേട്ട ലക്ഷണമില്ല. മുന്നണി വിടുന്നതിന്റെ പ്രാരംഭ ലക്ഷണമാണ് ചെവിക്കുള്ള മന്ദത. ദീർഘദൃഷ്ടിയും ജ്ഞാനിയുമായ സുധീരൻജി അതു പണ്ടേ കണ്ടു. രമേശിനേക്കാൾ എട്ടു വയസ്സു മൂപ്പുണ്ട് അദ്ദേഹത്തിന്. കോട്ടയം, പാലാ കൊച്ചനു നൽകരുതെന്ന് പറഞ്ഞപ്പോൾ ചെന്നിത്തലയ്ക്കും ചെവി കേൾക്കില്ലായിരുന്നു.

ദേഷ്യമൊന്നും തോന്നാതെ സുധീരൻജി 'ധാർമിക രോഷം' മാത്രം എടുത്തണിഞ്ഞു. അത് പതിവു യൂനിഫോറത്തിന്റെ ഭാഗവുമാണ്. എന്നിട്ട് യു.ഡി.എഫിന്റെ ഉന്നതാധികാര സമിതിയിൽ നിന്ന് ഒറ്റ രാജി. അവിടെ ഇരുന്നിട്ടും കാര്യമില്ലെന്നു ബഹുജനാഭിപ്രായം പണ്ടേയുണ്ട്. സുധീരൻ ഒരു സ്ഥാനത്തെത്തിയാൽ നാലു കൊല്ലം തികയ്ക്കും മുമ്പ് രാജിവെയ്ക്കുന്നത് അദ്ദേഹത്തിന്റെ ജീവിത നിഷ്ഠയുടെ ഭാഗമാണ്. മറ്റു പലരെയും രാജിവെയ്ക്കാൻ ആവശ്യപ്പെട്ട ചരിത്രവുമുണ്ട്. 1988 ജൂലൈയിൽ നടന്ന പെരുമൺ തീവണ്ടി ദുരന്തം. കേന്ദ്ര റെയിൽവേ മന്ത്രി മാധവറാവു സിന്ധ്യ രാജിവെയ്ക്കണമെന്ന് അദ്ദേഹം ചാടിയിറങ്ങി ആവശ്യപ്പെട്ടു. പ്രതിപക്ഷം വാതുറക്കുന്നതിന് മുമ്പ് പതിവു കർമം നടത്തി എന്നു പറഞ്ഞാൽ കിറുകൃത്യം! ഇപ്പോൾ ജോസ് കെ. മാണി എം.പി സ്ഥാനം രാജിവെയ്ക്കണമെന്നോ, ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഉപേക്ഷിക്കണമെന്നോ സുധീരൻജി ആവശ്യപ്പെടാത്തത് എന്തുകൊണ്ടെന്ന ആശയക്കുഴപ്പത്തിൽ നട്ടം തിരിയുകയാണ് കക്ഷികൾ ഏവരും!


****                        ****                           ****
ലോക ശ്രദ്ധയാകർഷിച്ച നേതാവിനെയോ മന്ത്രിയെയോ 'ലോക നേതാവ്' എന്നോ, 'ലോക മന്ത്രി'യെന്നോ വിശേഷിപ്പിക്കുന്നതിൽ എന്താണു തെറ്റ്? മലയാള വ്യാകരണം അറിയുന്നവർ 'ലോപ സന്ധി' കണ്ടിരിക്കും. പക്ഷേ, അങ്ങനെയൊരു പ്രതിഛായ വളർന്ന് 'കേരളം വളർന്ന് അന്യദേശങ്ങളിൽ' പെരുമ കാട്ടുന്ന കവി വചനം പോലെ ഒരു വനിതാ മന്ത്രിയെ പൊങ്ങിവരാനൊന്നും ആരും അനുവദിക്കില്ല. 


ശൈലജ ടീച്ചർ തന്നെ ഉദാഹരണം. 'വൈറസ്' , 'ഉയരൈ' എന്നീ സിനിമകൾ പുറത്തിറങ്ങിയപ്പോൾ സെക്രട്ടറിയേറ്റിന് അകത്തിരുന്ന ടീച്ചറമ്മയ്ക്കും കിട്ടി ഖ്യാതി. സ്ത്രീ ശബ്ദത്തിന്റെയും വിമോചനത്തിന്റെയും പ്രതീകം, സേവനത്തിന്റെ മാതൃരൂപം തുടങ്ങി ടീച്ചർ സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത വിശേഷണങ്ങൾ. കമ്യൂണിസ്റ്റുകാർ വെയിലത്തു വാടുന്ന ശീലമില്ലാത്തതുകൊണ്ട് ടീച്ചർ ബോധം കെട്ടു വീണില്ല എന്നേയുള്ളൂ. പക്ഷേ, പുതിയ 'സംഭവ വികാസങ്ങൾ'- അങ്ങനെ തന്നെ പറയണം- ടീച്ചർക്കെതിരെ തന്നെയെന്ന് സംശയിക്കാത്തവരെ 'പൊട്ട'ന്മാരെന്നേ വിളിക്കാൻ കഴിയൂ. ഹോമിയോപ്പതി ഗുളികക്കു പ്രതിരോധ ശേഷിയുണ്ടെന്ന് ടീച്ചർ അറിഞ്ഞോ അറിയാതെയോ പറഞ്ഞുപോയി. ആദ്യം മെഡിക്കൽ അസോസിയേഷൻ ചാടിയിറങ്ങി. പിന്നെ ഒളിഞ്ഞും തെളിഞ്ഞു പലരും.

ഒന്നുവെട്ടി പൊക്കം കുറയ്ക്കാൻ നോക്കുന്നതിൽ പാർട്ടിയിലെ പുരുഷ സഖാക്കളും ആനന്ദിക്കുന്നുണ്ടാകും. ഹോമിയോപ്പതിയുടെ പിതാവ് സാമുവൽ ഹാനിമാന് പോലും സ്വപ്‌നം കാണാത്ത വളർച്ചയും പിന്നെ ജന്മനാട്ടിൽ തന്നെ തളർച്ചയും ഉണ്ടായ 'പഞ്ചാര ഗുളിക'യാണ് മേൽപടി 'പൊതി' എല്ലാ ചികിത്സകളും അലോപ്പതിക്കു 'കരമൊഴി'വായി പതിച്ചുകൊടുത്ത ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഇനി മറ്റു വകകളെ കൂടി അംഗീകരിച്ചാലോ? നാളെ മന്ത്രിവാദം കൊണ്ടും ഗോമൂത്രം കൊണ്ടും കോവിഡിനെ തുരത്തി എന്നു പറഞ്ഞു വരുന്നവരെയും 'പീഠം' നൽകി ആദരിക്കേണ്ടിവരും. ഇപ്പോൾ ഒരു മന്ത്രിയെ  തന്നെ നേരിട്ടെതിർത്ത് പട നയിച്ചാൽ പിന്നെ മന്ത്രിസഭ മുഴുവൻ മാളം പുക്കുമല്ലോ. ഒരു വനിത അങ്ങനെ 'ലോക മന്ത്രി' ആകണ്ട!


****                               ****                ****
മധ്യപ്രദേശ്, യു.പി പ്രദേശങ്ങളിൽ ബി.ജെ.പിയിൽനിന്നും തുരുതുരാ പ്രവർത്തകർ കോൺഗ്രസിലേക്കെന്ന് വായിച്ചു ഞെട്ടാത്തവരില്ല. കോൺഗ്രസുകാരാകും ഏറെ ഞെട്ടിയിരിക്കുക. ഇവറ്റകൾക്കൊല്ലം കൂടി എവിടെ സീറ്റു കൊടുക്കും? കൈപ്പത്തി ഉപേക്ഷിച്ച് 'താമര' പറിക്കാൻ കുളത്തിലേക്ക് ചാടിയവരല്ലേ -മറ്റൊരു ഞെട്ടിക്കുന്ന വശമുണ്ട്, അതു പൊതുജനത്തിന്റെ ഉള്ളിൽ മാത്രം! ഏകദേശം അൻപത്തിയാറോളം അംഗീകൃത രാഷ്ട്രീയ പാർട്ടികളുണ്ട് നാട്ടിൽ. ശ്രമിച്ചാൽ അതു നൂറു തികയ്ക്കാനും കഴിയും. പക്ഷേ കൈപ്പത്തിയിൽ നിന്നും താമരയിലേക്കും മറിച്ചും മാത്രം ചാടണമെങ്കിൽ മറ്റു പാർട്ടികൾ എന്തിന്? 1947 ൽ സ്വാതന്ത്ര്യം കിട്ടിയ ശേഷം അവർ ആരും തന്നെ എല്ലാ സംസ്ഥാനങ്ങളിലും ചെറിയ 'ഓല ഷെഡ്ഡ്' പോലും തുറന്നിട്ടില്ലെന്നോ? എന്നാലെന്ത്? 'വിശാല ഐക്യ'ത്തിനായി നിർത്താതെ നിലവിളി ഉയരുന്നുമുണ്ടല്ലോ!


രാജ്യസഭയിലെ ഒഴിവു വന്ന 'ഉപാധ്യക്ഷക്കസേര'യിൽ ഇരുത്താൻ ഒരാളെ സംയുക്തമായി കണ്ടുപിടിക്കണമെന്ന് മാഡം സോണിയ ആവശ്യപ്പെട്ടതാണ് കൗതുകകരം! സാധാരണ ഗതിയിൽ മാഡം ആവശ്യപ്പെട്ടാൽ തൽക്ഷണം യെച്ചൂരി ആന്റ് കോ പിന്തിരിഞ്ഞ് ഓടുന്നതാണ് കാണാറുളളത്. ഇത്തവണ ഫലം എന്താകുമെന്നാണ് ആശങ്ക. സ്വന്തം പാർട്ടിയിൽ പോലും ഇതുവരെ 'സമവായം' ഒരിടത്തും കണ്ടില്ല. ഭൂതക്കണ്ണാടി, മഷിനോട്ടം, വെറ്റില നോട്ടം തുടങ്ങിയ എല്ലാ ശാസ്ത്രങ്ങളും പരീക്ഷിച്ചു നോക്കുന്നുണ്ട്.


****                          ****                          ****
അവസാനം, യു.പി ഇന്ത്യയിൽ തന്നെയുള്ള ദേശമാണെന്നു തിരിച്ചറിഞ്ഞു. 2022 ൽ നടക്കാൻ പോകുന്നതാണ് മാമാങ്കം. കുന്തവും പരിചയും പരിവാരങ്ങളുമായി അരങ്ങിലേക്കു പ്രവേശിക്കുന്നത്, ഇത്തവണ പ്രിയങ്കാജി! ആദിത്യനാഥ് എന്ന 'മുഖ്യയോഗ്യ'നേക്കാൾ വലിയ ശത്രുക്കൾ സ്വന്തം പാളയത്തിലുണ്ട്. അതാണല്ലോ മുതുമുത്തശ്ശിയുടെ നാടായ ദേശത്തു നിന്നും പൂജ്യം മാർക്ക് വാങ്ങി ദില്ലി പുക്കിയത്! ഇത്തവണ 'റെഡ് അലർട്ട്' ആണ്. ചുവന്ന കൊടി പിടിക്കുന്നവർ പോലും തങ്ങൾക്കു കള്ളവോട്ടു കൂടി ചെയ്യുമെന്ന് മലയാളം. പാർട്ടി പ്രസിഡന്റിനു കത്തെഴുതി ദൈവ നിന്ദ കാട്ടിയ ആ 23 പേരെ ഇത്തവണ കളി കാണാൻ ടിക്കറ്റ് പോലും കൊടുക്കില്ല. 'പഴതടച്ച സംവിധാനം' എന്നു കേരളാ പോലീസ് കമാൻഡർ പറയുന്നതു പോലെയാണ് ഇടപാട്. കളിയുടെ റിഹേഴ്‌സൽ നടക്കുന്ന ഷെഡ്ഡിനകത്തേക്ക് ഓലക്കീറിന് ഇടയ്ക്കു കൂടി എത്തി നോക്കിയ ഒരു 'തെക്കനെ' സേവാദളക്കാർ ചേർന്നു പിടികൂടി എന്നൊരു കേൾവിയുണ്ട്. പക്ഷേ എല്ലാ പഴുതുകളും കൃത്യമായി അടഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കാനെത്തിയ കെ.സി. വേണുഗോപാൽ ആയിരുന്നുവത്രേ അത്! കേരളത്തിലെ വെറും 'വേണു' വടക്കേ ഇന്ത്യയിൽ 'പുലി'യാണെന്നു ജനസംസാരമുണ്ട്.

രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യ എന്ന രാജമാതാവിനെ ഇറക്കി ഗോമാതാവിന്റെ കൂട്ടരെ കളിപ്പിച്ചതും മധ്യപ്രദേശിൽ 'പൈ'ക്കൾ തുരുതുരാ കോൺഗ്രസ് വണ്ടിയിൽ വന്നു കയറുന്നതും കെ.സിയുടെ മായാജാലമാണെന്ന് കേന്ദ്ര ആപ്പീസിലെ കണക്കു പുസ്തകത്തിൽ ആരോ ഒരു രസത്തിനു വേണ്ടി എഴുതി വെച്ചിരിക്കുന്നു. ദില്ലിയിലെ മൂടൽമഞ്ഞു, തിബത്തറ്റിലെ മഴ, കേരളത്തിലെ വെള്ളപ്പൊക്കം എന്നിവയൊക്കെ നേരിടാൻ ഭാവിയിൽ 'കെ.സി'യെ തന്നെ നിയോഗിച്ചേക്കും. വിശ്വപൗരനും ഗസ്റ്റ് ആർട്ടിസ്റ്റുമായ തരൂർജി ലേഖനമെഴുത്തുമായി കാലം കഴിക്കേണ്ടിവരും. തിരുവനന്തപുരത്തെ എയർപോർട്ട് അദാനിക്കു പാട്ടത്തിനു കൊടുത്തതിനെ അനുകൂലിച്ച് വരുകയാണ്. ആറു മാസമെങ്കിലും വേണ്ടിവരും തീരുമാനത്തിന്. ഇതിനിടയിൽ കൊച്ചി മോഡലിൽ ട്വന്റി- ട്വന്റി ടീമുകൾ രൂപീകരിച്ച് അദാനിയുടെ ബിനാമിയായി തരൂർ കളിക്കാനിറങ്ങുമോ എന്ന ഭയവുമുണ്ട് ഹൈക്കമാന്റിന്. ശ്ശെ, അതു വെറും രാപ്പനിയോ പേക്കിനാവോ ആകാനാണ് സാധ്യത!

Latest News