Sorry, you need to enable JavaScript to visit this website.

ആത്മഹത്യാ പ്രതിരോധത്തിന് ഒത്തൊരുമിച്ച്‌

കോവിഡ് 19 ന്റെ ദൂരവ്യാപകമായ സാമൂഹ്യ സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കുന്ന സമകാലിക സാഹചര്യത്തിൽ  ആത്മഹത്യാ പ്രതിരോധ ദിനത്തിന് വർധിച്ച പ്രാധാന്യമുണ്ട്.
ജീവിതം അമൂല്യമാണ്. കരുണാമയനായ ദൈവത്തിന്റെ ദാനം. ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും ഉൽക്കൃഷ്ടനാണ് മനുഷ്യൻ. വിശേഷ ബുദ്ധിയും വിവേചനാധികാരവും വ്യക്തമായ ജീവിത മാർഗ രേഖയും നൽകി ദൈവം അനുഗ്രഹിച്ച സൃഷ്ടി. ലക്ഷോപലക്ഷം ചരാചരങ്ങളും അതിമനോഹരമായ പ്രകൃതിയും അതിസങ്കീർണമായ പ്രാപഞ്ചിക സംവിധാനങ്ങളുമൊക്കെയാണ് മണ്ണിലും വിണ്ണിലുമായി മനുഷ്യന് ദൈവം ഒരുക്കിയിരിക്കുന്നത്.ഭൂമിയിലെ ജീവിതം പ്രശ്‌ന സങ്കീർണമാകാം. പാരാവാരം കണക്കെ തിരകളും ഓളങ്ങളും ശാന്തതയും കോളിളക്കങ്ങളുമൊക്കെ നിറഞ്ഞതാകാം. പക്ഷേ ജീവിത ലക്ഷ്യമാണ് എല്ലാ പ്രതികൂല സാഹചര്യങ്ങളേയും വിജയകരമായി മറികടക്കുവാൻ സഹായിക്കേണ്ടത്.


ജീവിതം മനോഹരമായ ഒരു പുസ്തകം പോലെയാണ്. അതിൽ ചില അധ്യായങ്ങൾ സന്തോഷകരവും ചിലവ സന്താപകരവും മറ്റു ചിലവ ഉത്തേജനം നൽകുന്നതുമൊക്കെയാണ്. എന്നാൽ ഓരോ പേജും മറിക്കുമ്പോഴാണ് അതിലെന്താണ് അടങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കുവാൻ കഴിയുക.
സാഹചര്യങ്ങളുടെ സമ്മർദങ്ങളാൽ പിടിച്ചുനിൽക്കാനാവാതെ ലോകത്തിന്റെ പല ഭാഗങ്ങളിലുമായി നിരവധി പേരാണ് നിത്യവും ജീവനൊടുക്കുന്നത്. ഈ പശ്ചാത്തലത്തലത്തിലാണ് ലോകാരോഗ്യ സംഘടനയും ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷനും സംയുക്തമായി ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നത്. ജീവിത ലക്ഷ്യം ബോധ്യപ്പെടുത്തിയും സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ പരിശ്രമിച്ചും ശാസ്ത്രീയമായ കൗൺസലിംഗ്, ബോധവൽക്കരണ പരിപാടികൾ, സാമൂഹ്യ കൂട്ടായ്മ എന്നിവയിലൂടെയും ആത്മഹത്യ എങ്ങനെ പ്രതിരോധിക്കാമെന്നാണ് ഈ ദിവസം അന്വേഷിക്കുന്നത്.


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം എട്ടു ലക്ഷത്തോളം പേരാണ് വർഷം തോറും ആത്മഹത്യ ചെയ്യുന്നത്. ഓരോ നാൽപത് സെക്കന്റുകളിലും ഓരോ ആത്മഹത്യ നടക്കുന്നു. ഓരോ ആത്മഹത്യയും ഏതാണ്ട് 135 പേരെയെങ്കിലും നേരിട്ടോ അല്ലാതെയോ ബാധിക്കുന്നു. ഏകദേശം 108 മില്യൺ ആളുകളാണ് ലോകത്ത് ആത്മഹത്യാ പ്രവണതയുമായി കഴിയുന്നത്. ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കാണ്. എത്രയോ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെടാതെയും ഉണ്ടാകാമെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള മനുഷ്യരെ ഒരേ പോലെ അലട്ടിക്കൊണ്ടിരിക്കുന്ന സുപ്രധാന പ്രശ്‌നങ്ങളിലൊന്ന് മാനസികാരോഗ്യത്തിന്റെ അഭാവമാണ് എന്ന് പറഞ്ഞാൽ അത് തെറ്റാവാൻ വഴിയില്ല. ജീവിതം പുരോഗമിക്കുകയും സൗകര്യപ്രദമായിത്തീരുകയും ചെയ്തതിൽ മതിമറന്ന് സന്തോഷിച്ച ആധുനിക മനുഷ്യൻ ചെന്നെത്തിയ അശാന്തിയുടെ ആഴം പകൽവെളിച്ചം പോലെ ചിന്തിക്കുന്ന മനുഷ്യർക്ക് മുന്നിൽ തെളിയുകയാണ്.


ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടായ പുരോഗതി, ഉദാരവൽക്കരണം, ഉപഭോഗ സംസ്‌കാരം, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വളർച്ച ഇവ മൂലമുണ്ടായ നേട്ടങ്ങൾ സാധാരണ ജനങ്ങൾക്ക് പങ്കുവെക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവം മൂലം ഭൂരിഭാഗം ജനങ്ങളുടെയും കഷ്ടതകൾ വർധിക്കുകയുണ്ടായി. ലോകത്തിലെ പല വികസിത രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയുടെ തകർച്ചക്ക് വരെ ഇത് വഴിയൊരുക്കുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനം കാർഷിക തളർച്ച സൃഷ്ടിച്ചപ്പോൾ കൃഷിക്കാരുടെ ജീവിതം വഴിമുട്ടി. തൊഴിലില്ലായ്മ യുവജനങ്ങളിൽ മാനസിക സംഘർഷം വർധിപ്പിച്ചു. നഗരവൽക്കരണം, കുടിയേറ്റം എന്നിവ കുടുംബ ബന്ധങ്ങളിൽ സാരമായ ഉലച്ചിലുകൾ സൃഷ്ടിച്ചു. 


കൗമാര വിദ്യാഭ്യാസത്തിന്റെയും ജീവിത നിപുണതാ വിദ്യാഭ്യാസത്തിന്റെയും അഭാവം ഏറെ പ്രത്യാഘാതങ്ങൾ സൃഷ്ട്ടിച്ചു. കൊറോണ സൃഷ്ടിക്കുന്ന ബഹുമുഖ പ്രശ്‌നങ്ങൾ ജനങ്ങളുടെ മനോനില തകർക്കുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവക്ക് യുവജനങ്ങൾ അടിമകളായി. മോഷണവും, ഭീകര പ്രവർത്തനങ്ങളും വർധിക്കുന്നു. ഇവയെല്ലാം കൂടുതൽ പേരെ മനോരോഗങ്ങൾക്ക് വിധേയരാക്കുന്നു.
യുനൈറ്റഡ് നാഷൺസിലെ ചില ഏജൻസികൾ നടത്തിയ പഠനമനുസരിച്ച് ലോകത്ത് 450 മില്യണിലധികം മനുഷ്യർ മാനസിക തകരാറുകളുളളവരാണ്. ഓരോ വർഷവും ഇത്തരം കേസുകൾ മാനവരാശിയുടെ മുമ്പിൽ ഉത്തരം കിട്ടാത്ത ചോദ്യം കണക്കെ കൂടിവരുന്നു. വികസ്വര രാജ്യങ്ങളിലാണ് മാനസിക രോഗികളുടെ എണ്ണം കൂടുതലായി കണ്ടുവരുന്നത്. മാനസികരോഗികൾ സാമൂഹ്യമായും സാമ്പത്തികമായും ഇത്രയേറെ പ്രയാസം സൃഷ്ടിച്ചിട്ടും ലോകാടിസ്ഥാനത്തിൽ 40 ശതമാനം രാജ്യങ്ങൾക്കും വ്യക്തമായ മെന്റൽ ഹെൽത്ത് പോളിസിയോ മെന്റൽ ഹെൽത്ത് പ്രോഗ്രാമുകളോ ഇല്ല എന്നത് തികച്ചും ദൗർഭാഗ്യകരമാണ്. പരിചരണവും പ്രതിരോധവും സമന്വയിപ്പിച്ചുകൊണ്ടുള്ള നയപരിപാടികൾക്ക് ഈ രംഗത്ത് ഏറെ പ്രസക്തിയുണ്ട്.

 

ശാന്തിയും സമാധാനവുമാണ് എല്ലാവരുടേയും സ്വപ്‌നം. അത് തകരുമ്പോഴാണ് കുഴപ്പങ്ങൾ ആരംഭിക്കുന്നത്. സമൂഹത്തിലെ ശാന്തിയുടേയും സമാധാനത്തിന്റേയും സന്തോഷകരമായ അന്തരീക്ഷം തകരാതെ സൂക്ഷിക്കുക. ആത്മീയ ചിന്തയും ധാർമികാധ്യാപനങ്ങളുമെല്ലാം ഈ രംഗത്ത് വളരെ പ്രധാനമാണ്. നന്മയും സഹകരണവും സമൂഹത്തിന്റെ മുഖമുദ്രയാവുകയും ഭദ്രമായ കുടുംബാന്തരീക്ഷം സാക്ഷാൽകൃതമാവുകയും ചെയ്യുന്നിടത്ത് മാനസിക പ്രതിസന്ധിക്കോ ആത്മഹത്യക്കോ സ്ഥാനമില്ലെന്ന് നാം തിരിച്ചറിയുക.ലോകം അതിവേഗം പുരോഗമിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചാവികാസങ്ങൾ വിസ്മയകരമാണ്. പക്ഷേ പുരോഗതിയുടെ പിന്നാലെയുള്ള ഓട്ടത്തിനിടയിൽ സാമൂഹ്യ ബോധവും പാരസ്പര്യവുമൊക്കെ ഉപചാരങ്ങളിലൊതുങ്ങുമാറ് സങ്കുചിതമായിരിക്കുന്നു. ആത്മാർഥമായ ബന്ധങ്ങളും സൗഹാർദങ്ങളും മെല്ലെ മെല്ലെ സമൂഹത്തിന് നഷ്ടമാകുന്നു. ഈ സാഹചര്യത്തിൽ വികാരങ്ങളോ വിചാരങ്ങളോ ശരിയായ രീതിയിൽ പങ്കുവെക്കപ്പെടുന്നില്ല. പങ്കുവെക്കപ്പെടുന്ന പ്രശ്‌നങ്ങൾ പകുതിയായി ചുരുങ്ങുമെന്നാണ് ഇംഗ്ലീഷുകാർ പറയാറുള്ളത്. ആധുനിക സമൂഹത്തിന് കൈമോശം വന്നുപോകുന്ന പ്രധാനപ്പെട്ട ഒരു ഗുണമാണിത്. അതുകൊണ്ട് തന്നെ ഓരോരുത്തരും അവനവനിലേക്ക് ചുരുങ്ങുന്നു. വികാരവായ്പുകളോ വിചാരങ്ങളോ എന്തിനേറെ സ്വന്തം നിലനിൽപിനെ മഥിക്കുന്ന പ്രയാസങ്ങളോ പങ്കുവെക്കാൻ കഴിയാതെ മാനസിക സമ്മർദവും പിരിമുറുക്കവും സമൂഹത്തെ വരിഞ്ഞു മുറുക്കുന്നു. വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളുമൊക്കെ ദുർബലമാകുമ്പോൾ മനുഷ്യന്റെ മാനസിക നില തെറ്റിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.


ദാരിദ്ര്യവും ആത്മഹത്യാ സാധ്യത വർധിപ്പിക്കുന്നുണ്ട്. 1997 നു ശേഷം ഇന്ത്യയിൽ 200,000 ത്തിലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. കടം സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഇതിന്റെ പ്രധാനമായ കാരണം. ചൈനയിൽ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ ആത്മഹത്യാ സാധ്യത മൂന്നിരട്ടിയാണ്. 
ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്.ഉപഭോഗ സംസ്‌കാരം അടക്കി വാഴുന്ന സമൂഹത്തിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്നതിന്റെയിടയിൽ മാനസിക സമ്മർദവും പിരിമുറുക്കവും അനുഭവിക്കാത്തവർ വളരെ ചുരുക്കമാണ്. പുറമെ ചിരിക്കുമ്പോഴും പലരുടേയും ഉള്ളിൽ സംഘർഷത്തിന്റെ കനലെരിയുകയാണ്. അറ്റമില്ലാത്ത ആഗ്രഹങ്ങളും സഫലമാകാത്ത മോഹങ്ങളും പേറിയുള്ള ഓട്ടമാണ് പലപ്പോഴും ഈ സംഘർഷങ്ങളുടെ പ്രധാന കാരണം. ഭോഗാസക്തിയുടെ ലോകത്താണ് നാം കഴിയുന്നത്. ശരീര കാമനകളുടെ കേളികോട്ടുകൾ ജീവിതത്തെ തന്നെ ശരീരകേന്ദ്രീകൃതമാക്കിയിരിക്കുന്നു. 


പ്രലോഭനങ്ങളും സാഹചര്യങ്ങളും അധാർമികതയുടെ ചളിക്കുണ്ടിലേക്കാണ് സമൂഹത്തെ നയിക്കുന്നത്. ഇവിടെ പ്രായവ്യത്യാസമില്ല. മാനസികാരോഗ്യവും പ്രാധാന്യവും പാടെ വിസ്മരിക്കപ്പെടുമ്പോൾ ഭീകരമായ പ്രത്യാഘാതങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്.മനുഷ്യർക്ക് ഒത്തുകൂടാനും വികാര വിചാരങ്ങളും പങ്കുവെക്കുവാനും വേദികൾ വേണം. സുഖദുഃഖങ്ങൾ പങ്കുവെക്കുന്ന കൂട്ടായ്മകളിലൂടെ പരസ്പരം ബന്ധങ്ങൾ ശക്തമാവുകയും സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയും ചെയ്യും. ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ നോക്കിക്കാണുമ്പോഴാണ് പ്രശ്‌നങ്ങളിൽ നിന്നും മോചനം ലഭിക്കുക.

Latest News