ഇന്ത്യയിലെ ആദ്യ എയര്‍പോര്‍ട് കോവിഡ് പരിശോധനാ കേന്ദ്രം ദല്‍ഹിയില്‍ തുറന്നു

ന്യൂദല്‍ഹി- വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്താനുള്ള സംവിധാനം ഇന്ത്യയില്‍ ആദ്യമായി ദല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ആരംഭിച്ചു. ടെര്‍മിനല്‍-3ലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് നേരിട്ടെത്തി കോവിഡ് പരിശോധന ഇവിടെ സാധ്യമാണ്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ള രാജ്യാന്തര യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത് പരിശോധന നടത്താനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. നാലു മുതല്‍ ആറു മണിക്കൂറിനുള്ളില്‍ ഫലം അറിയാം. കോവിഡ് പരിശോധനാ ഫലം ആവശ്യമുള്ളവര്‍ വിമാനത്താവളത്തിലെത്തുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് ബുക്ക് ചെയ്യണം. വിമാനം പുറപ്പെടുന്നതിനു ആറു മണിക്കൂര്‍ മുമ്പെങ്കിലും പരിശോധനയ്ക്ക് ഹാജരാകണമെന്നും ദല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ് അറിയിച്ചു.

പരിശോധനയ്ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ പേരും വിലാസവും ബന്ധപ്പെടേണ്ട നമ്പറും ഐഡി പ്രൂഫുമാണ് നല്‍കേണ്ടത്. നിശ്ചിത സമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ സമയം മാറ്റാനും സൗകര്യമുണ്ട്. ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലേറെ പേര്‍ക്ക് പരിശോധന വേണമെങ്കില്‍ ഒരാള്‍ മാത്രം ബുക്ക് ചെയ്താല്‍ മതിയാകും. 

പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാരെ ഐസലേറ്റ് ചെയ്യും. ഇതിനായി വിമാനത്താവളത്തിലെ ലോഞ്ച് അല്ലെങ്കില്‍ ഹോട്ടല്‍ സൗകര്യങ്ങളും നല്‍കും. കോവിഡ് സ്ഥിരീകരിക്കപ്പെട്ടാല്‍ സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ പ്രകാരം തുടര്‍ ചികിത്സാ നടപടികളുണ്ടാകും.
 

Latest News