ലാഹോര്‍- രണ്ടു മക്കളുമൊന്നിച്ച് കാറില്‍ യാത്ര ചെയ്യുന്നതിനിടെ വഴിയില്‍ കുടുങ്ങിയ ഫ്രഞ്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരിയാക്കിയ സംഭവത്തില്‍ പാക്കിസ്ഥാനിലുടനീളം പ്രതിഷേധം പടരുന്നു. ലാഹോര്‍-സിയാല്‍കോട്ട് ഹൈവേയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. കാറില്‍ എണ്ണ തീര്‍ന്നതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിക്കിടക്കുയായിരുന്നു യുവതിയും രണ്ടു മക്കളും. യുവതിയാണ് കാര്‍ ഓടിച്ചിരുന്നത്. ലാഹോറില്‍ നിന്നും ഗുജ്‌റന്‍വാലയിലേക്കു പോകുകയായിരുന്നു ഇവര്‍. സഹായത്തിനായി ആളെത്തുന്നതും കാത്തിരിക്കുന്നതിനിടെ ഒരു സംഘമാളുകള്‍ വന്ന് കാറിന്റെ വിന്‍ഡോ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ഡോര്‍ തുറന്ന് പുറത്തേക്ക് വലിച്ചിട്ട് തൊട്ടടുത്ത വലയില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌തെന്നാണ് യുവതിയുടെ മൊഴി. ശേഷം പ്രതികള്‍ യുവതിയുടെ ആഭരണങ്ങളും പണവും എടിഎം കാര്‍ഡുകള്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ 15 പേര്‍ അറസ്റ്റിലായി. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായി പുരോഗതിയില്ലെന്നാണ് റിപോര്‍ട്ട്.
വാര്‍ത്ത പ്രചരിച്ചതോടെ രാത്രി വൈകി കാറില്‍ ഒറ്റയ്ക്കു യാത്ര ചെയ്ത യുവതിക്കെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തി. പുരഷന്‍ കൂടെയില്ലാതെ യാത്ര ചെയ്തതിനു പോലീസ് അടക്കം പലരും യുവതി പഴിച്ചു. ഇതോടെയാണ് സ്ത്രീകളും പൗരാവകാശ പ്രവര്‍ത്തകരും ഇരയാക്കപ്പെട്ട യുവതിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുവന്നത്. പാക്കിസ്ഥാനിലെ നിരവധി പട്ടണങ്ങളിലേക്ക് ഈ പ്രതിഷേധം പടര്‍ന്നു.
കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ലാഹോര്‍ പോലീസ് മേധാവി ഉമര്‍ ശൈഖാണ് പുരുഷന്‍ കൂടെയില്ലാതെ രാത്രി ഒറ്റയ്ക്കു യാത്ര ചെയ്തതിന് യുവതിയെ തള്ളിപ്പറഞ്ഞത്. പാക്കിസ്ഥാനി സമൂഹത്തില്‍ ആരും ഇത്ര വൈകി പെണ്‍മക്കളെയോ സഹോദരിമാരെയോ ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞത് വിവാദത്തിന് തിരകൊളുത്തിയിരിക്കുകയാണ്. ഇരയാക്കപ്പെട്ടത് ഫ്രാന്‍സില്‍ നിന്നുള്ള യുവതി ആയതിനാല്‍ പാക്കിസ്ഥാനില്‍ സുരക്ഷിതമാണെന്ന് തെറ്റിദ്ധരിച്ചതാവാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലാഹോര്‍ പോലീസ് മേധാവിയുടെ പ്രസ്താവന അസ്വീകാര്യമാണെന്നും ബലാത്സംഗമെന്ന കുറ്റകൃത്യത്തെ ഒരുനിലയ്ക്കും ന്യായീകരിക്കാനാവില്ലെന്നും പാക്കിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരി പറഞ്ഞു. പോലീസ് മേധാവി രാജിവെക്കണമെന്ന് പ്രതിപക്ഷമടക്കം വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരിക്കുകയാണ്.






