Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊല: പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകി

കണ്ണൂർ - കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് കോടതിയിൽ അപേക്ഷ നൽകി. പിടിയിലായ മൂന്നു പ്രതികളെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം മട്ടന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. അതിനിടെ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തുന്നതിനായി തെരച്ചിൽ വ്യാപകമാക്കി.
സലാഹുദ്ദീനെ ചിറ്റാരിപ്പറമ്പിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മാനന്തേരി പൂവത്തിൻ കീഴിൽ അമൽരാജ് (22), ചൂണ്ട ആഷിൽ നിവാസിൽ എം.ആഷിഖ് ലാൽ (25), ധന്യ നിവാസിൽ പി.കെ.പ്രബിൻ (22) എന്നിവരെ വിട്ടുകിട്ടുന്നതിനായാണ് ഹരജി നൽകിയത്. ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും കൃത്യം നടത്തുന്നതിനുള്ള സഹായം നൽകിയവരാണിവർ. മാത്രമല്ല, കൊലയാളി സംഘത്തിലെ എല്ലാവരേയും നേരിട്ട് അറിയുന്നവരുമാണ്. കണ്ണവത്തെ ശിവജി വോയ്‌സ് എന്ന സംഘടനയുടെ പ്രവർത്തകരാണിവർ. സജീവ ആർ.എസ്.എസ് പ്രവർത്തകനും ചിറ്റാരിപ്പറമ്പ് ചൂണ്ട സ്വദേശിയുമായ അബി എന്ന അമൽരാജാണ് കൊലപാതകത്തിന്റെ സൂത്രധാരൻ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇയാൾ ഉൾപ്പെടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പേരും ഒളിവിലാണ്. പദ്ധതി തയാറാക്കി എല്ലാ ആസൂത്രണവും നടപ്പാക്കിയതും ആയുധവും വാഹനവും സംഘടിപ്പിച്ചതും പിടിയിലാകാനുള്ള അമൽരാജാണ്. എ.ബി.വി.പി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തുന്നതിനായി ആസൂത്രണം ചെയ്തതിന്റെ പ്രതികാരമായാണ് സലാഹുദ്ദീനെ കൊലപ്പെടുത്തിയത്. ശ്യാമപ്രസാദ് വധത്തിന്റെ മുഖ്യ ആസൂത്രകനായി അന്വേഷണ സംഘം കണ്ടെത്തിയയാളാണ് സലാഹുദ്ദീൻ.
കൊലപാതകം നടത്തുന്നതിനായി കോളയാട് സ്വദേശിയായ സുഹൃത്തിൽ നിന്നും കാർ വാടകക്കെടുത്തതും അമൽരാജാണ്. വിവാഹ ആവശ്യത്തിനെന്നു പറഞ്ഞാണ് 3 ദിവസത്തേക്ക് വാഹനം വാടകക്കെടുത്തത്. 1200 രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. ഉദ്ദേശിച്ച സമയത്ത് കൃത്യം നടത്താൻ കഴിയാത്തതിനാൽ ദിവസം നീട്ടി വാങ്ങി. സലാഹുദ്ദീനെ കൊലപ്പെടുത്തുന്നതിനായി സംഘം രണ്ടു ദിവസം കാത്തിരുന്നുവെങ്കിലും ഫലമുണ്ടായില്ല. സംഭവ ദിവസം കൃത്യം നടത്തിയ ശേഷം സംഘം കാറിലാണ് രക്ഷപ്പെട്ടത്. പിന്നീട് സംഘം കണ്ണവം വനത്തിൽ ഒളിവിൽ കഴിഞ്ഞുവെന്നാണ് വിവരം. സൈബർ സെല്ലിന്റെ സഹായത്തോടെ ലഭിച്ച പരിശോധനയിൽ ഇവർ അഞ്ചു പേരുടെ മൊബൈൽ ഫോൺ റേഞ്ച് വനത്തിനകത്തായിരുന്നു. ഇതേത്തുടർന്ന് കണ്ണവം സി.ഐ സുധീറിന്റെ നേതൃത്വത്തിൽ വനത്തിനകത്ത് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അതിനിടെ, കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് സലാഹുദ്ദീന്റെ വിലാപ യാത്രയിലും സംസ്‌കാര ചടങ്ങുകളിലും പങ്കെടുത്തതിന് കണ്ടാലറിയാവുന്ന 500 ഓളം എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കണ്ണവം പോലീസ് കേസെടുത്തു. കോവിഡ് പോസറ്റീവാണെന്നറിഞ്ഞിട്ടും ചടങ്ങിൽ ഇത്രയധികം പേരെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു.

Latest News