കേരളവും മയക്കുമരുന്നുകളുടെ പറുദീസയായിരിക്കുന്നു. മലയാള സിനിമാ രംഗത്തെ ആരൊക്കെയാണ് ലഹരിയുടെ ഉപഭോക്താക്കളും വിൽപനക്കാരുമെന്നറിയാൻ കേരളം ഉദ്വേഗത്തോടെ കാത്തിരിക്കുകയാണ്. സിനിമക്ക് മാത്രമല്ല, രാഷ്ട്രീയത്തിനും ഈ കറുത്ത വ്യാപാരത്തിൽ പങ്കാളിത്തമുണ്ടോ എന്ന് കാതുകൂർപ്പിക്കുകയാണ് മലയാളി.
സിനിമ, രാഷ്ട്രീയം, മയക്കുമരുന്ന്. അന്താരാഷ്ട്ര തലത്തിലെ ആ കുപ്രസിദ്ധമായ കൂട്ടുകെട്ട് ഇന്ത്യയിലേക്ക് ചിറകുവിരിച്ചതിന്റെ സൂചനകളും തെളിവുകളും കഴിഞ്ഞ ഏതാനും മാസങ്ങളായി ദിനേനയെന്നോണം പുറത്തേക്ക് വരുന്നു. ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഇടപാടുകൾ വെളിച്ചത്തു വന്നുകഴിഞ്ഞു. ബംഗളൂരു കേന്ദ്രമായി പ്രവർത്തിച്ച വലിയൊരു മയക്കുമരുന്ന് ശൃംഖലയുടെ ചില തുമ്പുകളിൽ അന്വേഷണ ഉദ്യോഗസ്ഥർ പിടിമുറുക്കിയിട്ടുണ്ട്. അതിന്റെ ചുവട് പിടിച്ച് കേരളത്തിലേക്ക് നീണ്ട അന്വേഷണങ്ങൾക്കിടയിൽ പ്രമുഖരായ പല സെലിബ്രിറ്റികളേയും ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് അന്വേഷകർ കോടതിക്ക് നൽകിയ റിപ്പോർട്ട്. ഉദ്വേഗജനകമായ വാർത്തകൾക്കായി കേരളം കാത്തിരിക്കുന്നു.
ബംഗളൂരു മയക്കുമരുന്നു കേസിലെ ബന്ധങ്ങൾ മലയാള സിനിമക്ക് തലവേദനയാകുമെന്നതിന്റെ സൂചനകൾ കണ്ടുകഴിഞ്ഞു. നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കിടയിൽ ഏതാനും മാസം മുമ്പ് നിർമാതാക്കളുടെ സംഘടന തന്നെ മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ 2019 ൽ പുറത്തിറങ്ങിയ മലയാള സിനിമകളുടെ വിവരങ്ങൾ തേടിയിരിക്കുകയാണ് സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച്. ഈ കാലയളവിൽ എത്ര സിനിമകൾ പുറത്തിറങ്ങി, എത്ര സിനിമകൾ വിജയിച്ചു, വിജയിച്ച ചിത്രങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ കൈമാറാൻ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു സ്‌പെഷ്യൽ ബ്രാഞ്ച് കത്ത് നൽകിയതായാണ് വാർത്ത. സിനിമാ മേഖലയിലെ ചിലർക്കു കള്ളപ്പണ, ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് സിനമാ മേഖലയിലെ സാമ്പത്തിക കാര്യങ്ങളിലടക്കം സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
മയക്കുമരുന്ന് ഉപയോഗം മാത്രമല്ല, അതിന്റെ വിൽപനയും വിതരണവും സിനിമാ സെറ്റുകളേയും സിനിമാ നടീ-നടന്മാരേയും ഉപയോഗിച്ച് നടക്കുന്നുണ്ടെന്നതിന്റെ ശക്തമായ സൂചനകൾ പുറത്തു വന്നുകഴിഞ്ഞു. ശരിയായ അന്വേഷണം നടക്കുകയാണെങ്കിൽ സിനിമ എന്ന മായികലോകത്തെക്കുറിച്ച കറുത്ത കഥകൾ പുറത്തു വരുമെന്നുറപ്പാണ്. ആ ബന്ധങ്ങൾ സിനിമയിൽ മാത്രം ഒതുങ്ങില്ലെന്നും രാഷ്ട്രീയത്തിലേക്ക് കൂടി നീളുമെന്നും വ്യക്തമായിക്കഴിഞ്ഞു. അവിശുദ്ധമായ സാമ്പത്തിക വ്യാപാരങ്ങൾക്ക് രാഷ്ട്രീയ നേതാക്കളോ അവരുമായി ബന്ധപ്പെട്ടവരോ കൂട്ടുനിൽക്കുന്നുണ്ടോയെന്ന സംശയം ശക്തമായിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമാണ്. അഴിമതിയുടേയും ക്രമക്കേടുകളുടേയുമൊക്കെ ധാരാളം കഥകൾ നമുക്ക് മുന്നിലുണ്ടെങ്കിലും സ്വർണക്കടത്ത്, ലഹരികടത്ത് തുടങ്ങി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയേയും സാമൂഹികാരോഗ്യത്തേയും തകർക്കുന്ന കാര്യങ്ങളിൽ രാഷ്ട്രീയ പ്രവർത്തകരുടെ പങ്കാളിത്തം തീർച്ചയായും നടുക്കുന്ന വാർത്തയായിരിക്കും.
നടൻ സുശാന്ത് സിംഗിന്റെ 'ആത്മഹത്യ' കേസ് അന്വേഷണം പുതിയ തലങ്ങളിലേക്ക് വ്യാപിച്ചപ്പോൾ തന്നെ, ലഹരി സംഘങ്ങളുടെ പ്രവർത്തനം ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. ബോളിവുഡിന് ഇത്തരം ആരോപണങ്ങൾ പുത്തരിയല്ല. അറസ്റ്റിലായ നടി റിയ ചക്രവർത്തി, തനിക്ക് മയക്കു മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് മാത്രമല്ല, അതിമാരക ലഹരി മരുന്നുകൾ താൻ ഉപയോഗിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. സുശാന്തിന് വേണ്ടി സഹോദരൻ മുഖേന മയക്കു മരുന്ന് എത്തിച്ചു നൽകിയെന്നായിരുന്നു ആദ്യ ദിവസത്തെ മൊഴി. എന്നാൽ സഹോദരനൊപ്പം ചോദ്യം ചെയ്തതോടെ റിയക്ക് എല്ലാം തുറന്നു പറയേണ്ടിവന്നു. കഞ്ചാവടക്കം മാരക ലഹരി മരുന്നുകൾ താൻ ഉപയോഗിച്ചിട്ടുണ്ടെന്നും സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽ വെച്ചും പല പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു. സമാനമായ കാര്യങ്ങളാണ് മലയാളത്തിലെ സിനിമാ സെറ്റുകളെക്കുറിച്ചും ആ മേഖലയിലുള്ളവർ തന്നെ ഉയർത്തുന്നത്. നടീ നടന്മാർ ഉപയോഗിക്കുന്ന കാരവനുകളിൽ റെയ്ഡ് നടത്തണമെന്ന് പോലും അവരിൽ ചിലർ ആവശ്യപ്പെടുകയുണ്ടായി
ബംഗളൂരുവിൽ അറസ്റ്റിലായ ലഹരി സംഘത്തിന് കന്നഡ സിനിമാ മേഖലയുമായുള്ള ബന്ധം മറനീക്കി പുറത്തു വന്നിട്ടുണ്ട്. ഇതിനകം രണ്ട് നടിമാർ അറസ്റ്റിലായി. മറ്റു പലരേയും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. സുശാന്ത്‌സിംഗ് ജീവനൊടുക്കുന്നതിന് ഒരാഴ്ച മുമ്പ് നടന്ന ഒരു കന്നട യുവ നടന്റെ മരണത്തെക്കുറിച്ചും സമാനമായ അന്വേഷണ ആവശ്യങ്ങൾ ഉയർന്നെങ്കിലും ആരും അത് ഗൗരവത്തിലെടുത്തിരുന്നില്ല. മലയാളത്തിലടക്കം നായികയായിരുന്ന നടി മേഘ്‌ന രാജിന്റെ ഭർത്താവും നടനുമായിരുന്ന ചിരഞ്ജീവി സർജയുടെ മരണമാണ് അത്. ഹൃദയസ്തംഭനമാണ് മരണ കാരണമായി പറഞ്ഞിരുന്നതെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന് നടനും സംവിധായകനുമായ ഇന്ദ്രജിത് ലങ്കേഷ് ആരോപണമുയർത്തിയത് കന്നട സിനിമാ ലോകത്ത് വലിയ ഒച്ചപ്പാടുണ്ടാക്കി.
മരണത്തിന് പിന്നിൽ കന്നട സിനിമാ മേഖലയിലെ മയക്കുമരുന്ന് മാഫിയയുടെ പങ്കുണ്ടോ എന്നത് അന്വേഷണവിധേയമാക്കണമെന്നാണ് ഇന്ദ്രജിത് ആവശ്യപ്പെട്ടത്. എന്നാൽ, സംഭവം കന്നട സിനിമയിലെ പ്രമുഖർ വൈകാരിക വിഷയമായി ഉയർത്തുകയും നടി മേഘ്‌ന എതിർക്കുകയും ചെയ്തതോടെ ഇന്ദ്രജിത്തിന് മേഘ്‌നയോട് മാപ്പു പറയേണ്ടിവന്നു. രണ്ടു വർഷം മുമ്പ് ബംഗളൂരുവിൽ ചില യുവ നടന്മാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടപ്പോൾ നടത്തിയ തെരച്ചിലിൽ കാറിനകത്തുനിന്ന് മയക്കുമരുന്ന് കണ്ടെടുത്തെങ്കിലും കേസിൽ പിന്നീട് അന്വേഷണമൊന്നുമുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ഇവിടെയാണ് മയക്കുമരുന്ന് മാഫിയയും രാഷ്ട്രീയ അധികാര കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച ചോദ്യം പ്രസക്തമാകുന്നത്.
അനൂപ് മുഹമ്മദും മറ്റും ഉൾപ്പെട്ട മയക്കുമരുന്ന കേസിൽ പിടിയിലായ നടി അനിഘയിൽനിന്ന് കണ്ടെടുത്ത ഡയറിയിൽ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്ന പല കന്നട സിനിമാ താരങ്ങളുടെയും പേരുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് സംവിധായകൻ ഇന്ദ്രജിത് ബംഗളൂരു പോലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ചിന് മുമ്പാകെ നൽകിയ മൊഴിയിൽ കന്നഡ സിനിമയിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട 15 നടീനടന്മാരുടെ പേരുവിവരം കൈമാറുകയുണ്ടായി. ഇവരെയെല്ലാം പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
കേരളത്തിൽ ബിനീഷ് കോടിയേരിയെ അടക്കം ചോദ്യം ചെയ്ത അന്വേഷണ ഏജൻസികൾ, ഇരുപതോളം പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും ഇവരിൽ മലയാള സിനിമയിലെ സെലിബ്രിറ്റികൾ തന്നെയുണ്ടെന്നുമാണ് വാർത്ത. മാസങ്ങൾക്ക് മുമ്പ് കർണാടക പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റുമായി ബന്ധപ്പെട്ട് ചില കളിക്കാരെ ഹണിട്രാപ്പിൽ കുടുക്കിയ വാർത്ത പുറത്തു വന്നിരുന്നു. ചില കന്നട സിനിമാ നടിമാർക്കൊപ്പമാണ് കളിക്കാർ വിദേശ രാജ്യങ്ങളിൽ പോയി ഉല്ലസിച്ചതെന്നും ഇതിന് പിന്നിൽ മയക്കുമരുന്ന് ഇടപാട് സംശയിക്കുന്നതായും അന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കളിക്കാരുടെ അറസ്റ്റിനപ്പുറം ലഹരി ഇടപാടിലേക്കൊന്നും ഈ കേസിന്റെ അന്വേഷണം നീങ്ങിയില്ല.
മയക്കുമരുന്നും രാഷ്ട്രീയ അധികാരവും അവിശുദ്ധ ബന്ധത്തിലേർപ്പെട്ട ലാറ്റിൻ അമേരിക്കയിലെ ചില രാജ്യങ്ങൾ പോലെ കേരളവും മാറുകയാണോ എന്നതാണ് സംശയം. ലഹരി കേരളത്തിൽ വ്യാപകമായ വിപത്തായി മാറിയിട്ടുണ്ട് എന്നത് ഇതിനകം വ്യക്തമായ വസ്തുതയാണ്. ദിനേന കേരളത്തിൽ പിടിച്ചെടുക്കുന്ന കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ കണക്കെടുത്താൽ തന്നെ ഇത് ബോധ്യമാകും. അന്യ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് നല്ലയളവിൽ മയക്കുമരുന്ന് എത്തുന്നുണ്ട്. ആന്ധ്രയിലും മറ്റും കഞ്ചാവ് തോട്ടങ്ങൾ വരെ കേരളത്തിലെ ലഹരി മാഫിയക്കുണ്ട് എന്ന വാർത്തയും പുറത്തു വന്നിരുന്നു. അവിടെനിന്നു പല രീതിയിൽ എത്തുന്ന മയക്കുമരുന്നുകളുടെ പ്രധാന ഉപഭോക്താക്കൾ മലയാളി കൗമാരക്കാരാണ് എന്നതാണ് ഏറ്റവും നടുക്കുന്ന വസ്തുത.
ഇതിനൊപ്പമാണ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും ഗോവ പോലെയുള്ള ടൂറിസ്റ്റ് പ്രദേശങ്ങൾ വഴി കേരളത്തിലേക്കെത്തുന്ന അത്യന്തം അപകടകാരിയായ മയക്കുമരുന്നുകൾ. കോടികളുടെ ഇടപാടുകളാണ് ഈ രംഗത്തു നടക്കുന്നത്. ഒരു തലമുറയെത്തന്നെ അത് നശിപ്പിച്ചുകളയുന്നു. സിനിമയുടെ തിളങ്ങുന്ന ലോകത്തിനപ്പുറം കറുത്ത മറ്റൊരു ലോകത്തെക്കുറിച്ച സൂചനകളാണ് അത് നൽകുന്നത്. മുളയിലേ നുള്ളാവുന്ന പരുവത്തിലാണ് കേരളത്തിലെങ്കിലും മയക്കുമരുന്ന് ബിസിനസ്. അതിന് ഇഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം വേണം. അവരും മയക്കുമരുന്നിന്റെ മായിക ലഹരിയിൽ ഉറങ്ങിക്കിടക്കുകയാണെങ്കിലോ.. നാം പേടിക്കുക തന്നെ വേണം.