റിയാദ് - ബഖാല ജീവനക്കാരനായ വിദേശിയെ ആക്രമിച്ച് രണ്ടംഗ സംഘം പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സംഭവം. യുവാക്കളില്‍ ഒരാള്‍ ആദ്യം കയറി സാധനം ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് കൂട്ടാളി ബഖാലക്ക് പുറത്ത് നിലയുറപ്പിച്ചു. ഓര്‍ഡര്‍ പ്രകാരമുള്ള സാധനം എടുക്കാന്‍ തൊഴിലാളി നീങ്ങിയ തക്കത്തില്‍ പിന്നിലൂടെ പതുങ്ങി എത്തിയ പ്രതി വിദേശിയുടെ കഴുത്തില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു.
ഈ സമയം രണ്ടാമന്‍ സ്ഥാപനത്തിനകത്ത് പ്രവേശിച്ച് കൗണ്ടറില്‍ ചാടിക്കയറി പണം കൈക്കലാക്കി. ഇതിനു ശേഷം ഇരുവരും ചേര്‍ന്ന് ബഖാല ജീവനക്കാരനെ മര്‍ദിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തു. അക്രമികളെ ചെറുക്കാനുള്ള തൊഴിലാളിയുടെ ശ്രമം വിജയിച്ചില്ല. ഇതിനിടെ തൊഴിലാളിയുടെ മൊബൈല്‍ ഫോണും പഴ്‌സും സംഘം കൈക്കലാക്കി.
ആക്രമണത്തിലൂടെ തൊഴിലാളിയെ നിലത്ത് തള്ളിയിട്ട് പ്രതികള്‍ ബഖാലയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ബഖാലയിലെ നിരീക്ഷണ ക്യാമറ പകര്‍ത്തിയിട്ടുണ്ട്. ഈ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് സംഭവമെന്ന് വീഡിയോ വ്യക്തമാക്കുന്നു.