Sorry, you need to enable JavaScript to visit this website.

അലനും താഹയും പുറത്തിറങ്ങി; ഇരുവരും കോഴിക്കോട്ടേക്ക് മടങ്ങി

തൃശൂർ- പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന അലൻ ഷുഹൈബും താഹ ഫസലും ജയിൽ മോചിതരായി. പത്ത് മാസത്തെ തടവിന് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിക്കുന്നത്., രണ്ടേമുക്കാലോടെയാണ് ഇരുവരും നടപടിക്രമങ്ങൾ പൂർത്തിയാക്കി ജയിലിന് പുറത്തിറങ്ങിയത്. പ്രതികരണത്തിനായി മാധ്യമങ്ങൾ ഇരുവരെയും സമീപിച്ചുവെങ്കിലും സന്തോഷമുണ്ടെന്ന ഒറ്റവരിയിൽ പ്രതികരണമൊതുക്കി. ഇരുവരും കാറിൽ കയറി കോഴിക്കോട്ടേക്ക് തിരിച്ചു. ബുധനാഴ്ച രാവിലെ തന്നെ എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ഉത്തരവ് ലഭിക്കാൻ വൈകിയതും ജാമ്യ വ്യവസ്ഥയിലെ ബോണ്ട് തയ്യാറാക്കുന്നതുമടക്കം വൈകിയതാണ് മോചനം ഒന്നര ദിവസത്തിലേറെ വൈകിയത്. ഉച്ചക്ക് ഒരു മണിയോടെ തന്നെ അലൻറെയും താഹയുടെയും രക്ഷിതാക്കൾ ജാമ്യ ഉത്തരവും ബോണ്ടുകളുമായി വിയ്യൂർ അതിസുരക്ഷാ ജയിലിൽ എത്തിയിരുന്നു. ഒരു മണിക്കൂറോളമെടുത്ത നടപടികൾക്ക് ശേഷമാണ് ഇരുവരും പുറത്തിറങ്ങിയത്. കടുത്ത ജാമ്യവ്യവസ്ഥകൾ ഉള്ളതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനുൾപ്പെടെ നിയന്ത്രണങ്ങളുണ്ട്. യു.എ.പി.എ അറസ്റ്റ് ചെയ്ത് വിയ്യൂർ അതി സുരക്ഷാ ജയിലിൽ നിന്നും മോചിതരാവുന്ന ആദ്യ തടവുകാർ കൂടിയാണ് അലനും താഹയും.

Latest News