ഭോപാല്‍- മധ്യപ്രദേശിലെ ദെവാസ് ജില്ലയില്‍ നാലു കോവിഡ് രോഗികള്‍ മതിയായ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള ഓക്‌സിജന്‍ ലഭ്യത പരിമിതപ്പെടുത്തിയതിനെ തുടര്‍ന്ന് രോഗികള്‍ക്ക് ഏഴു മണിക്കൂറോളം കുറഞ്ഞ അളവിലാണ് ഓക്‌സിജന്‍ നല്‍കി വന്നിരുന്നത്. മതിയായ അളവില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നാലു പേര്‍ മരിക്കുകയായിരുന്നു. കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയ അമല്‍താസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ചയാണ് സംഭവം. ഓക്‌സിജന്‍ സിലിണ്ടറുകളുടെ കുറവ് കാരണം ഇവിടെ കോവിഡ് രോഗികള്‍ കുറഞ്ഞ അളവില്‍ ഓക്‌സിജന്‍ നല്‍കുന്ന വെന്റിലേറ്ററിലാണ് കിടത്തിയിരുന്നത്.
ഓക്‌സിജന്‍ ലഭ്യത കുറവുണ്ടെന്നു സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും മരണം ഇതുകാരണമല്ലെന്നാണ് സര്‍ക്കാര്‍ വാദം. ആശുപത്രിയില്‍ 400 സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. ഇരുനൂറോളം സിലിണ്ടറുകളാണ് ദിനേന ഉപയോഗിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഭോപാലില്‍ നിന്നും സിലിണ്ടറുകള്‍ എത്തിക്കുന്നതില്‍ പ്രശ്‌നമുണ്ടായി. ആശയവിനിമയത്തിലെ ആശയക്കുഴപ്പമാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ദെവാസ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം പി ശര്‍മ പറഞ്ഞു. സമാന പ്രതിസന്ധി ഗ്വാളിയോര്‍, ഭിന്ദ്, ശിവ്പുരി, ജബല്‍പൂര്‍ എന്നീ ജില്ലകളിലുമുണ്ടായി. മഹാരാഷ്ട്രയില്‍ നിന്നുള്ള ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം കുറഞ്ഞതാണ് കാരണം. ഈ വിഷയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു.