ന്യൂദല്‍ഹി- സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയോ അല്ലെങ്കില്‍ സര്‍ക്കാര്‍ സര്‍വീസിലെ സമുദായത്തിന്റെ പ്രാതിനിധ്യക്കുറവോ ചൂണ്ടിക്കാട്ടി 50 ശതമാനമെന്ന സംവരണ പരിധി ലംഘിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത് സംവരണ പരിധി ലംഘിക്കുന്നതിനുള്ള ന്യായീകരണമല്ല. കോടതി നിശ്ചയിച്ച സംവരണ പരിധിയായ 50 ശതമാനം എന്ന കര്‍ശന ചട്ടത്തില്‍ അസാധാരണ സാഹചര്യങ്ങളിലെ ഇളവ് നല്‍കാവൂ എന്നും ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. മറാത്ത സമുദായത്തിന് സംവരണം നല്‍കുന്ന മഹാരാഷ്ട്ര നിയമം റദ്ദാക്കിയ കഴിഞ്ഞ ദിവസത്തെ ഉത്തരവിലാണ് കോടതിയുടെ ഈ നിരീക്ഷണം. മറാത്ത സംവരണം നടപ്പിലാക്കിയ തീരുമാനത്തിന് വ്യക്തമായ ന്യായീകരണം നല്‍കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഥമദൃഷ്ട്യാ പരാജയപ്പെട്ടെന്നും ബെഞ്ച് വ്യക്തമാക്കി.
50 ശതമാനത്തിനു മുകളിലുള്ള സംവരണം ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി 1993ലെ ഇന്ദ്ര സാഹ്നി കേസില്‍ വ്യക്തമാക്കിയിരുന്നു. ഈ കേസോടെയാണ് കോടതി സംവരണ പരിധി നിശ്ചയിച്ചത്. ഭരണഘടന അനുസരിച്ച് സംവരണ മാനദണ്ഡം സാമ്പത്തിക പിന്നോക്കാവസ്ഥ മാത്രമാകരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.






