Sorry, you need to enable JavaScript to visit this website.

ജീവന്റെ വിലയും വർധിക്കുന്ന കൊലപാതകങ്ങളും

രുംകൊലകളെ കുറിച്ചുള്ള വാർത്തകളാണ് ഇന്ന് കേരളം ഏറെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ കൊലകൾ കേരളത്തിന്റെ സമാധാനവും സൈ്വരവും  തകർത്തു കൊണ്ടിരിക്കുകയാണ്. ഭരണചക്രങ്ങൾ തിരിക്കുന്ന അധികാരികളും ചാണക്യ സൂത്രങ്ങൾ നെയ്യുന്ന രാഷ്ട്രീയ നേതാക്കളും പരസ്പരം പഴി ചാരിയും ആരോപണങ്ങൾ ഉന്നയിച്ചും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങളിൽ മാത്രം കണ്ണും നട്ട് കൗമാരപ്രായക്കാരെയും യുവാക്കളെയും ദുരുപയോഗം ചെയ്യുകയാണ് പ്രബുദ്ധതയും സാക്ഷരതയും അവകാശപ്പെടുന്ന കേരളത്തിലെ പാർട്ടികൾ. കേരളം രൂപം കൊണ്ട കാലം തൊട്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ഒട്ടേറെയുണ്ടായിട്ടുണ്ടെങ്കിലും ഇന്നതിന് കുറേകൂടി ഭീകരമായ സ്വഭാവം കൈവന്നിരിക്കുകയാണ്. മതവും രാഷ്ട്രീയവും പൊതുപ്രവർത്തനങ്ങളുമെല്ലാം ബിസിനസായി കാണുന്ന സമൂഹത്തിനു ജീവന്റെ യഥാർത്ഥ വിലയെന്താണെന്നറിയാൻ സാധിച്ചുകൊള്ളണമെന്നില്ല. അലമുറയിട്ടു കരയുന്ന മാതൃത്വത്തിനും കണ്ണുനീരിന്റെ കയങ്ങളിൽ നഷ്ടങ്ങളെയോർത്ത് വിലപിച്ച് നൊമ്പരപ്പെടുന്ന വൈധവ്യത്തിനും ലാളനകളും വാത്സല്യങ്ങളും അറ്റുപോയ ബാല്യത്തിനും മാത്രമേ അവർ അനുഭവിക്കുന്ന മനോവ്യഥകളുടെ ആഴം തിരിച്ചറിയാൻ സാധിക്കൂ.

പാർട്ടികൾക്കും സംഘടനകൾക്കും മനുഷ്യന്റെ മൂല്യം മനസ്സിലാക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാൽ മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവ് മനുഷ്യന് നൽകിയ മൂല്യം വളരെ വലുതാണ്. ഭൂമിയെ സൃഷ്ടിച്ച് അതിൽ മനുഷ്യന് വാസസ്ഥലം നൽകി ഭൂമിയിലുള്ളത് മുഴുവനും മനുഷ്യരുടെ നന്മക്ക് വേണ്ടിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കരുണാവാരിധിയായ സ്രഷ്ടാവ് മനുഷ്യനെ ഒട്ടേറെ സവിശേഷഗുണങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നുവെന്നും മറ്റുള്ള സൃഷ്ടികളിൽ നിന്നും സവിശേഷ സ്ഥാനം നൽകിയിരുന്നുവെന്നും, ഏറ്റവും നല്ല ഘടന നൽകിയാണ് മനുഷ്യനെ സംവിധാനിച്ചിരിക്കുന്നതെന്നും, സ്വർഗത്തിൽ വെച്ച് മനുഷ്യേതര സമൂഹങ്ങളോട് മനുഷ്യന് സാഷ്ടാംഗം നമിക്കാൻ കല്പിച്ചിട്ടുണ്ടായിരുന്നുവെന്നും  ഖുർആനിക വചനങ്ങൾ നമുക്ക് വിവരിച്ചു തരുന്നുണ്ട്. ദൈവം ആദരിച്ച ഒന്നിനെയും നിന്ദിക്കുവാനോ അനർഹമായ നിലക്ക് ഉന്മൂലനം ചെയ്യുവാനോ പാടില്ല എന്നതാണ് ദൈവികനിയമം. മനുഷ്യർ പരസ്പരം ആദരിക്കണമെന്നും പരസ്പരം രക്തം ചിന്തുകയോ ജീവനെടുക്കുകയോ ചെയ്യാൻ പാടില്ലെന്നുമാണ് പ്രവാചകന്മാർ മുഖേന പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.   അന്തിമപ്രവാചകന്റെ വിശ്വപ്രസിദ്ധമായ അവസാന പ്രസംഗം നമ്മെ ബോധ്യപ്പെടുത്തുന്നത് മനുഷ്യജീവന്റെ ഉത്കൃഷ്ടതയെയാണ്. മനുഷ്യരുടെ ജീവനും രക്തവും, അഭിമാനവും അസ്തിത്വവും, സമ്പത്തും മുതലുകളുമെല്ലാം പരസ്പരം സംരക്ഷിച്ച് ആദരവോടെ കാണണമെന്ന അദ്ദേഹത്തിന്റെ ശക്തമായ ഉപദേശം മാനവികതയുടെയും പരസ്പരസ്‌നേഹത്തിന്റെയും സന്ദേശമാണ് മനുഷ്യർക്ക് പകർന്നു നൽകിയത്.

മനുഷ്യജീവന് ഏറ്റവും പ്രാധാന്യം നൽകിയ ദർശനമാണ് ഇസ്‌ലാം. ഒരു മനുഷ്യന്റെ ജീവനെടുക്കുന്നത് ലോകത്തെ മുഴുവൻ മനുഷ്യരുടെയും ജീവനെടുക്കുന്നതിന് തുല്യമാണെന്ന ഖുർആനിക ആശയം മനുഷ്യജീവന്റെ മൂല്യത്തെയാണ് എടുത്തുകാണിക്കുന്നത്.  മനുഷ്യജീവൻ എന്ന് പറയുമ്പോൾ അവിടെ മതവിഭാഗീയതകൾക്കോ ജാതി പരിഗണനകൾക്കോ ഒട്ടും പ്രസക്തിയില്ല. അന്യമതത്തിൽ പെട്ടവനെ വധിക്കുന്നതും സ്വന്തം മതത്തിൽ പെട്ടവനെ വധിക്കുന്നതും ഒരുപോലെയാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ദൈവബോധവും പരലോകഭയവുമുള്ള ഒരാൾക്കും മറ്റൊരാളെ കൊലപ്പെടുത്താൻ സാധിക്കില്ല. ഇങ്ങോട്ട് അക്രമത്തിനു  വരുന്നവനാണെങ്കിൽ പോലും അങ്ങോട്ട് കൈനീളാൻ പാടില്ല എന്നതാണ് ദൈവികനിയമം. ലോകത്ത് ആദ്യമായി നടന്ന കൊലപാതകത്തെ കുറിച്ച് വിശദീകരിക്കുമ്പോൾ ഖുർആൻ അത് വ്യക്തമാക്കുന്നുണ്ട്. ആദമിന്റെ രണ്ടു പുത്രന്മാർ പരസ്പരം കലഹിച്ച സംഭവം. ധർമ്മനിഷ്ഠ പാലിച്ചിരുന്ന ഒരു പുത്രനിൽ നിന്ന്  സൽകർമ്മം സ്വീകരിക്കുകയും അത് പാലിക്കാതിരുന്ന മറ്റൊരു പുത്രനിൽ നിന്നും സ്വീകരിക്കപ്പെടാതിരിക്കുകയും ചെയ്ത സംഭവം. അതിന്റെ പേരിൽ അധർമ്മകാരിയായ സഹോദരൻ തന്റെ നല്ലവനായ സഹോദരനെ വധിക്കുവാൻ കൈയോങ്ങിയപ്പോൾ ധർമ്മബോധമുള്ള സഹോദരൻ പറഞ്ഞു: 'എന്നെ കൊല്ലുവാൻ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാൽ തന്നെയും, നിന്നെ കൊല്ലുവാൻ വേണ്ടി ഞാൻ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീർച്ചയായും ഞാൻ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു.' (ഖുർആൻ 5:28). ദൈവബോധമുള്ളവർക്കും ധർമ്മനിഷ്ഠയുള്ളവർക്കും ഒരിക്കലും നിർവഹിക്കാൻ മനസ്സുറക്കാത്ത വൻപാപമാണ്  കൊലപാതകം എന്ന കാര്യമാണ് ഈ സംഭവം പഠിപ്പിക്കുന്നത്.

മൂസാ നബി പ്രവാചകനാകുന്നതിനു മുമ്പ് അദ്ദേഹത്തിൽ നിന്നും പെട്ടെന്നുണ്ടായ വികാരത്തിൽ സംഭവിച്ച അടിയിൽ അദ്ദേഹത്തോട് ശത്രുത പുലർത്തിയിരുന്ന ഖിബ്ത്വികളിൽ പെട്ട ഒരാളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം  ഖുർആൻ വിവരിക്കുന്നുണ്ട്. മറ്റൊരാളെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയാണ് അദ്ദേഹം അത് ചെയ്തതെങ്കിലും അങ്ങനെ സംഭവിക്കാൻ പാടുണ്ടായിരുന്നില്ല എന്നതാണ് ദൈവികനിയമം.  അതുകൊണ്ടാണ് സംഭവത്തിൽ പിന്നീട് മൂസാ നബി (അ) നിഷ്‌കളങ്കമായി ഖേദപ്രകടനം നടത്തിയത്. അദ്ദേഹം പറഞ്ഞു: 'ഇത് പിശാചിന്റെ പ്രവർത്തനത്തിൽ പെട്ടതാകുന്നു. അവൻ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു. എന്റെ രക്ഷിതാവേ, തീർച്ചയായും ഞാൻ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോൾ അദ്ദേഹത്തിന് അവൻ പൊറുത്തുകൊടുത്തു.' (ഖുർആൻ 28:16). പിശാച് മനുഷ്യനിൽ ചെലുത്തുന്ന സ്വാധീനമാണ് കൊലപാതകത്തിൽ കലാശിക്കുന്നത് എന്ന കാര്യമാണ് ഈ സംഭവത്തിലൂടെ ഖുർആൻ ബോധ്യപ്പെടുത്തുന്നത്.

മനുഷ്യവധം വലിയ പാതകമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അല്ലാഹുവിൽ പങ്കുചേർക്കുന്നതിനോട് ചേർത്തുകൊണ്ടാണ് ഖുർആൻ അത് വിവരിച്ചത്. 'അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനെയും വിളിച്ചു പ്രാർത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവർ. ആ കാര്യങ്ങൾ വല്ലവനും ചെയ്യുന്ന പക്ഷം അവൻ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.' (25:68). ജീവൻ പവിത്രമാണെന്നും അതിനെ ഹനിക്കൽ വൻപാപമാണെന്നും പഠിപ്പിച്ച ഖുർആൻ കൊലപാതകികൾ നരകത്തിൽ ശാശ്വതരായിരിക്കുമെന്നുകൂടി മുന്നറിയിപ്പ് നൽകുന്നുണ്ട്. അല്ലാഹുവിന്റെ കോപവും ശാപവും കഠിനശിക്ഷയും അവനുണ്ടായിരിക്കുമെന്നും തുടർന്നുപറയുന്നു. സോദ്ദേശ്യത്തോടെയല്ലാതെ അബദ്ധവശാൽ സംഭവിച്ചതാണെങ്കിൽ പോലും വലിയ പ്രതിക്രിയകൾ വേണമെന്നാണ് ഖുർആൻ പറയുന്നത്. പ്രതിക്രിയകൾ പ്രവർത്തികമാക്കിയാലും അല്ലാഹുവിന്റെ കോടതിയിൽ രക്ഷപ്പെടണമെങ്കിൽ ആത്മാർത്ഥമായ പശ്ചാത്താപം അനിവാര്യമാണ്. കാരണം ജീവൻ അമൂല്യമാണ്. സ്രഷ്ടാവാണ് അതിന്റെ ഉടമ. അവൻ നൽകിയ ജീവനെ തിരിച്ചെടുക്കാൻ അവന് മാത്രമേ അധികാരമുള്ളൂ. അവന്റെ അധികാരത്തിൽ കൈകടത്തുന്നത് അതിക്രമമാണ്.

പരസ്പരം വാളോങ്ങി സംഘട്ടനത്തിലേർപ്പെട്ടു ഒടുവിൽ ഒരാൾ കൊലചെയ്യപ്പെടുകയും മറ്റെയാൾ രക്ഷപ്പെടുകയും ചെയ്താലും അവരിരുവരും നരകാവകാശികൾ ആയിരിക്കുമെന്നാണ് പ്രവാചകൻ പറഞ്ഞത്. അബീബക്‌റ (റ) പറയുന്നു: 'രണ്ടു വിശ്വാസികൾ പരസ്പരം വാളോങ്ങിയാൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലായിരിക്കുമെന്നു അല്ലാഹുവിന്റെ തിരുദൂതർ പറയുകയുണ്ടായി.  അപ്പോൾ ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരെ, കൊന്നവൻ നരകത്തിൽ പോകുമെന്നത് മനസ്സിലായി. എന്നാൽ ഈ കൊല്ലപ്പെട്ടവന്റെ കാര്യം? അദ്ദേഹം പറഞ്ഞു: സ്വന്തം കൂട്ടുകാരനെ കൊല്ലുവാൻ അയാൾക്കും വലിയ ആവേശമായിരുന്നു.'(ബുഖാരി, മുസ്‌ലിം).  നമ്മുടെ നാടുകളിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ചില കൊലപാതകങ്ങൾ ഇത്തരത്തിൽ പരസ്പരം ഏറ്റുമുട്ടി സംഭവിക്കുന്നതാണ്. വലിയ സംഘങ്ങളായി പരസ്പരം ഏറ്റുമുട്ടി മരണം  ഏറ്റുവാങ്ങുന്ന ദൃശ്യങ്ങൾ പോലും ഇന്ന് സമൂഹ മാധ്യമങ്ങളിൽ ധാരാളമാണ്. കൊല്ലുന്നതുപോലെ അല്ലെങ്കിൽ അതിലേറെ കുറ്റകരമാണ് കൊല്ലിക്കുന്നത്.    ക്വട്ടേഷൻ സംഘങ്ങളെയും ഗുണ്ടകളെയും ഏർപ്പെടുത്തി തിരശീലകൾക്ക് പിറകിൽ നിന്നുകൊണ്ട് തങ്ങൾക്കിഷ്ടമില്ലാത്തവരെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന കൊലപാതകങ്ങളെ ആസൂത്രണം ചെയ്യുന്ന ഉന്നതർ തിരിച്ചറിയേണ്ടത് ഭൂമിയിലെ  വിജയങ്ങളും നേട്ടങ്ങളും കേവലം ക്ഷണികവും താത്കാലികവുമാണെന്ന യാഥാർഥ്യമാണ്. ഒരു അധികാരവും ഗുണം ചെയ്യാത്ത  വരാനിരിക്കുന്ന ലോകത്ത് ശാശ്വതമായി നരകശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന സത്യം അവർ തിരിച്ചറിയണം.

കൊലപാതകികൾക്കെതിരെ എന്തു നടപടികളാണ് സ്വീകരിക്കേണ്ടത് എന്നതിനെ കുറിച്ച് ഖുർആൻ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ശക്തമായ ശിക്ഷാനടപടികൾ എടുക്കുന്നതുമൂലമേ കൊലപാതകങ്ങളെ നിയന്ത്രിക്കാൻ സാധിക്കൂ എന്നതുകൊണ്ടുതന്നെ 'ജീവനു ജീവൻ' എന്ന ശിക്ഷയാണ് അടിസ്ഥാനപരമായി ഖുർആൻ വ്യക്തമാക്കുന്നത്. 'സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങൾക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു.' (2:178). കൊലപാതകിക്ക് വധശിക്ഷ നൽകുക എന്നതാണ് തുല്യശിക്ഷ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.  കൊലപാതകിയുടെ കാര്യത്തിൽ കൊലചെയ്യപ്പെട്ട ആളുകളുടെ ഏറ്റവും അടുത്ത ബന്ധുവിന് നിലപാടുകൾ സ്വീകരിക്കാം. ശിക്ഷ നൽകണമെന്ന കാര്യത്തിൽ ഉറച്ചു നിൽക്കാം, അതല്ലെങ്കിൽ വിട്ടുവീഴ്ച നൽകാം. പ്രതിക്രിയ നടപ്പാക്കേണ്ടത് വ്യക്തികളല്ല, ഉത്തരവാദപ്പെട്ട ഭരണകൂടമാണ്. പ്രതിക്രിയ നടപ്പാക്കുമ്പോൾ അതിരുകവിയാൻ പാടില്ല. കൊലപാതകിയുടെ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ വധിക്കുകയോ അക്രമിക്കുകയോ ചെയ്യാൻ പാടില്ല. വധശിക്ഷ നടപ്പാക്കുമ്പോൾ ക്രൂരമായി നടപ്പാക്കാനും പാടില്ല എന്നും ഖുർആൻ പറയുന്നുണ്ട്. 

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ സംഭവമായിരുന്നു ഉമർ ബ്‌നുൽ ഖത്താബ് (റ) വിന്റെ കൊലപാതകം. മജൂസിയായ അബൂ ലുഅ്‌ലുഅത്ത് ആയിരുന്നു കൊലപാതകി. അബൂലുഅ്‌ലുഅത്തിനെ അതിനായി പ്രേരിപ്പിച്ച ഹുർമുസിനെ ഉമർ (റ) വിന്റെ പുത്രൻ ഉബൈദുല്ല (റ) വധിച്ചപ്പോൾ അന്നത്തെ ഖലീഫ ഉഥ്മാൻ ബ്‌നു അഫ്ഫാൻ (റ) ഉബൈദുല്ലയെ  ജയിലിൽ അടക്കുകയായിരുന്നു.  സ്വയം പ്രതിക്രിയകൾ നടപ്പാക്കാൻ ഒരു വ്യക്തിക്കും സ്വാതന്ത്ര്യമില്ല. നീതിന്യായ നടപടികൾക്കുശേഷം ഭരണകൂടമാണ് പ്രതിക്രിയകൾ നടപ്പാക്കേണ്ടത്. ഉബൈദുല്ലക്ക് വധശിക്ഷ നൽകാൻ ആലോചനയുണ്ടായെങ്കിലും ഹുർമുസിന്റെ കുടുംബാംഗങ്ങൾ മാപ്പ് നൽകിയതിനെ തുടർന്ന് അതൊഴിവാക്കി.  പകരം നഷ്ടപരിഹാരം വിധിച്ചു. അതു നൽകിയ ശേഷമാണ് ഉബൈദുല്ലയെ ജയിലിൽ നിന്നും മോചിപിപ്പിച്ചത്. എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും സ്വയം നടപടികൾ സ്വീകരിക്കാൻ അവകാശമില്ലെന്ന ഇസ്‌ലാമിന്റെ ഉന്നതമായ ആശയമാണ് ഇതിലൂടെ ബോധ്യപ്പെടുന്നത്.

ആയുധങ്ങൾ ശേഖരിക്കുകയും അത് മറ്റുള്ളവരുടെ ജീവൻ ഹനിക്കുന്നതിനു വേണ്ടിയോ ആക്രമിച്ച് പരിക്കേൽപ്പിക്കുന്നതിനു വേണ്ടിയോ ഉപയോഗിക്കുകയും ചെയ്യുന്നത് ഇസ്‌ലാം വിലക്കിയിട്ടുള്ള കാര്യമാണ്. പ്രവാചകൻ പറഞ്ഞു: 'നിങ്ങളിലൊരാളും തന്റെ സഹോദരന് നേരെ ആയുധം ചൂണ്ടരുത്. കാരണം, പിശാച് അവന്റെ കയ്യിൽ എപ്പോഴാണ് ഇറങ്ങുക എന്ന് അവൻ അറിയില്ല. അപ്രകാരം സംഭവിച്ചാൽ അവൻ നരകത്തിൽ ആപതിക്കും.' (ബുഖാരി). അപകട സാധ്യത ഇല്ലെങ്കിൽ പോലും ആയുധം ചൂണ്ടുന്നതും ഭീഷണിപ്പെടുത്തുന്നതും ശാപത്തിനു കാരണമായിത്തീരുമെന്ന് പ്രവാചകൻ പഠിപ്പിച്ചു:   'ആരെങ്കിലും തന്റെ സഹോദരന്റെ നേരെ ആയുധം ചൂണ്ടിയാൽ മലക്കുകൾ അവനെ ശപിച്ചുകൊണ്ടിരിക്കും.' (മുസ്‌ലിം). 

സംഘടനകളും പാർട്ടികളും ആയുധപ്പുരകളുണ്ടാക്കി പ്രതിയോഗികളെയും ഇതരവിഭാഗങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള ഗൂഢ പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ അതിന്റെ ഉപകരണങ്ങളായി മാറാതിരിക്കാൻ യുവസമൂഹത്തിന് സാധിക്കേണ്ടതുണ്ട്. ഉന്നതന്മാർ അവരുടെ അധികാര സോപാനങ്ങൾക്കു വേണ്ടി പരസ്പരം പോരടിക്കുമ്പോൾ എന്തിനുവേണ്ടിയാണ് ഒന്നുമറിയാത്ത, ജീവിതം തുടങ്ങിവെച്ചിട്ടുള്ള ചെറുപ്പക്കാർ അവരുടെ സ്‌ക്വാഡുകളായി സ്വയം ജീവിതം ഹോമിക്കുന്നത്?   സംഘടനകൾക്കും പാർട്ടികൾക്കും വേണ്ടിയല്ല, മനുഷ്യനും സമൂഹത്തിനും വേണ്ടിയാണ് മനുഷ്യൻ  പ്രവർത്തിക്കേണ്ടത്. ആരുടേയും ഉപകരണങ്ങളോ ഉപഗ്രഹങ്ങളോ ആവാതെ, നേതാക്കൾ ഉദ്‌ബോധിപ്പിക്കുന്ന സദ്കർമ്മങ്ങളിൽ മാത്രം പങ്കാളിയാകാൻ ശ്രമിക്കുക. എങ്കിൽ മാത്രമേ മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലുമുള്ള കൊലപാതകങ്ങളും അനഭിലഷണീയ പ്രവണതകളും ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. കൊടികളുടെ നിറങ്ങൾ പലതാണെങ്കിലും രക്തത്തിന്റെ നിറം ഒന്നുതന്നെയാണെന്നു മനസ്സിലാക്കുക. ആശയങ്ങൾ സംഘട്ടനത്തിനു വേണ്ടിയല്ല. സർഗാത്മകമായ സംവേദനത്തിനാണെന്ന ഉത്കൃഷ്ടമായ ചിന്തകൾ യുവസമൂഹത്തെ നയിക്കേണ്ടതുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാതാപിതാക്കളും സഹധർമ്മിണികളും പിഞ്ചോമനകളും ആയിരിക്കണം നമ്മുടെ ജീവിതത്തിന്റെ ഭാവി പരിപാടികൾ നിശ്ചയിക്കേണ്ടത്. കൊലപാതക രാഷ്ട്രീയക്കാരും വൈരം വളർത്തുന്ന മതനേതാക്കളുമായിരിക്കരുത് നമ്മുടെ ആശയപ്രപഞ്ചത്തിന്റെ വേലികൾ തീർക്കേണ്ടത്.

മനുഷ്യരെന്ന നിലക്ക് നാം പരസ്പരം സ്‌നേഹിക്കുക. നാം ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രങ്ങൾ മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനു പകരം അവരെ ഉന്മൂലനം ചെയ്യാനാണ് പഠിപ്പിക്കുന്നതെങ്കിൽ അവകളോട് ഉടൻ സലാം ചൊല്ലിപ്പിരിയുക. അപരനെ കൊലപ്പെടുത്താൻ പറയുന്ന ഒരു പ്രത്യയശാസ്ത്രവും ഇഹത്തിലോ പരത്തിലോ മനുഷ്യന്റെ രക്ഷക്കെത്തില്ല എന്ന് തിരിച്ചറിയുക.

''സ്‌നേഹിക്കയില്ല ഞാൻ
നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും''

എന്ന വയലാറിന്റെ സുന്ദരമായ വരികൾ മലയാളികളോട് പറഞ്ഞ സ്‌നേഹസന്ദേശം ഉൾക്കൊണ്ടുകൊണ്ട് മതത്തിനും രാഷ്ട്രീയത്തിനും തത്ത്വശാസ്ത്രങ്ങൾക്കുമപ്പുറമുള്ള സ്‌നേഹത്തിന്റെ മതിൽക്കെട്ടുകൾ തീർത്ത് കൊലപാതകങ്ങളെ ഭൂമിമലയാളത്തിൽ നിന്നും പിഴുതെറിയാനുള്ള ശ്രമങ്ങളും ഉദ്‌ബോധനങ്ങളും നടത്താൻ എല്ലാവർക്കും സാധിക്കട്ടെ.
 

Latest News