Sorry, you need to enable JavaScript to visit this website.

സുനന്ദ പുഷ്‌കറിനെ കൊന്നത് ശശി തരൂരാണെന്ന് പറയിപ്പിക്കാൻ അർണബ് നിർബന്ധിച്ചു; മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ന്യൂദൽഹി- മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കർ മരണപ്പെട്ട കേസിൽ റിപ്പബ്ലിക് ടി.വി മേധാവിയും സംഘ്പരിവാർ മാധ്യമപ്രവർത്തകനുമായ അർണബ് ഗോസ്വാമിക്കെതിരെ ഗുരുതര ആരോപണവുമായി റിപ്പബ്ലിക് ടി.വിയിൽനിന്ന് രാജിവെച്ച മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. സുനന്ദയുടെ മരണത്തിൽ ശശി തരൂരിനെതിരെ മൊഴി നൽകാൻ സുനന്ദയുടെ പിതാവിനെ അർണബ് നിർബന്ധിച്ചുവെന്ന് റിപ്പബ്ലിക് ടി.വിയുടെ ജമ്മു കശ്മീർ ബ്യൂറോ ചീഫായിരുന്ന തേജീന്ദർ സിംഗ് സോധി. റിപ്പബ്ലിക് ടി.വി ഹ്യൂമൻ റിസോഴ്‌സ് മേധാവിക്ക് നൽകിയ രാജിക്കത്തിലാണ് സോധി ഗുരുതര ആരോപണം ഉന്നയിച്ചത്.

അർണബ് നിർബന്ധിച്ചത് അനുസരിച്ച് തന്നെ സുനന്ദ പുഷ്‌കറിന്റെ വീടിന് അടുത്തേക്ക് പോകാൻ റിപ്പബ്ലിക് ടി.വിയിലെ ഒരാൾ ആവശ്യപ്പെട്ടുവെന്നും ഉചിതമായ സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുവെന്നും തേജീന്ദർ സിംഗ് പറഞ്ഞു. 
എന്തിനാണ് ഒളിക്കുന്നത്? അവർക്ക് അവരുടെ ജീവനക്കാരെ വിശ്വാസമില്ല, അതുകൊണ്ട് അവസാന നിമിഷം വരെ ഞങ്ങളോട് ഒന്നും പറയില്ല. ഞാൻ ആ വീട്ടിലേക്ക് പോയി. പെട്ടെന്ന് എന്നോട് വീടിനുള്ളിലേക്ക് പ്രവേശിക്കാനും സുനന്ദ പുഷ്‌കറുടെ വൃദ്ധനായ അച്ഛന് നേർക്ക് മൈക്ക് ചൂണ്ടാനും ആവശ്യപ്പെട്ടു. തന്റെ മകളെ കൊന്നത് ശശി തരൂരാണെന്ന് പറയാൻ അദ്ദേഹത്തെ നിർബന്ധിക്കാനും എന്നോട് പറഞ്ഞു. ഞാൻ അങ്ങനെ ചെയ്യാൻ ശ്രമിച്ചു. എന്നാൽ അവരുടെ പിതാവിനെ കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു. അദ്ദേഹം അവശനായിരുന്നു. മാനസികമായി നല്ല അവസ്ഥയിലായിരുന്നില്ല. ഞാനിക്കാര്യം ഡെസ്‌കിൽ അറിയിച്ചു.
എന്നാൽ അർണബ് രോഷാകുലനായിരുന്നു. തരൂർ തന്റെ മകളെ കൊന്നുവെന്ന് പിതാവ് പറയുന്ന ബൈറ്റ് കൊണ്ടുവരണമെന്ന് നിർബന്ധിച്ചു. 
ഞാൻ അത് നിരസിക്കുകയും അവിടെ നിന്ന് മടങ്ങുകയും ചെയ്തു. ആ വീട്ടിലുണ്ടായിരുന്ന ജോലിക്കാരൻ തരൂരും സുനന്ദയും തമ്മിൽ നല്ല ബന്ധമായിരുന്നെന്ന് എന്നോട് പറഞ്ഞു. എന്നാൽ അത് സംപ്രേഷണം ചെയ്യപ്പെട്ടില്ല. അടുത്ത ദിവസം അർണബ് എന്നെ വിളിച്ചു, ആക്രോശിച്ചു. ശശി തരൂരിനെ സുനന്ദയുടെ പിതാവ് കുറ്റപ്പെടുത്തുന്നത് ക്യാമറയിൽ പകർത്താത്ത തന്റെ നടപടി അദ്ദേഹത്തെ അപമാനിതനാക്കിയെന്ന് അർണബ് പറഞ്ഞു.
ഇത്തരത്തിലുള്ള ജേർണലിസം ചെയ്യാനല്ല ഞാൻ റിപ്പബ്ലിക് ടി.വിയിലേക്ക് വന്നത്. അർണബിന്റെ താൽപ്പര്യത്തിന് ഉപയോഗിക്കുന്ന വാടകക്കൊലയാളികൾ മാത്രമാണ് റിപ്പോർട്ടർമാർ റിപ്പബ്ലിക് ചാനലെന്നാൽ അർണബ് മാത്രമാണെന്നും ടീം വർക്കിൽ അദ്ദേഹം വിശ്വസിക്കുന്നില്ലെന്നും തേജീന്ദർ പറഞ്ഞു.
 

Latest News