Sorry, you need to enable JavaScript to visit this website.

ടെക്സ്റ്റ് ബോംബ് ചെറുക്കാൻ വാട്‌സ്ആപിൽ അപ്‌ഡേറ്റ്

ഉപയോക്താക്കൾക്ക് വലിയ തലവേദനയായ ടെക്സ്റ്റ് ബോംബുകളെ ചെറുക്കാനുള്ള സുരക്ഷാ അപ്‌ഡേറ്റുമായി വാട്‌സ് ആപ്പ്. ഗ്രൂപ്പുകളിലേക്കും അതിൽ അംഗങ്ങളായവർക്കും ടെക്സ്റ്റുകൾ അയച്ച് നിശ്ചലമാക്കുന്ന രീതിയാണ് ടെക്സ്റ്റ് ബോംബിംഗ്. പ്രത്യേകിച്ച് ക്രമമോ അർത്ഥമോ ഇല്ലാതെ ഒരു കൂട്ടം സ്‌പെഷ്യൽ കാരക്ടറുകൾ ഉപയോഗിച്ചാണ് ടെക്സ്റ്റ് ബോംബുകൾ തയ്യാറാക്കുന്നത്. ഇങ്ങനെ തയാറാക്കിയ ടെക്സ്റ്റ് ഗ്രൂപ്പിലേക്ക് അയക്കുന്നതോടെ ഗ്രൂപ്പുകൾ നിശ്ചലമാകുന്നു. 
ഈ സ്‌പെഷ്യൽ കാരക്ടറുകളുടെ അർത്ഥം മനസ്സിലാക്കുന്നതിൽ വാട്‌സ്ആപ് പരാജയപ്പെടുന്നതോടെയാണ് ചാറ്റും ഗ്രൂപ്പും നിശ്ചലമാകുന്നത്. ചിലപ്പോൾ ഫോൺ തന്നെ ഹാംഗാവുകയും ചെയ്യും. ഗ്രൂപ്പുകളിൽ നുഴഞ്ഞു കയറുന്നവർ അതിലെ അംഗങ്ങൾക്ക് നേരിട്ടോ ഗ്രൂപ്പുകളിലൂടെയോ ടെക്സ്റ്റ് ബോംബ് ഫോർവേഡ് ചെയ്യുന്നു. 
ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തുന്നത് തടയുന്നതിനായുള്ള അപ്‌ഡേറ്റുകളോടൊപ്പം ടെക്സ്റ്റ് ബോംബ് ചെറുക്കാനുള്ള സംവിധാനവുമുണ്ടെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്തു.
വാട്‌സ്ആപിൽ വരുന്ന അപ്‌ഡേറ്റുകളെ കുറിച്ചും പുതിയ ഫീച്ചറുകളെ കുറിച്ചും മുൻകൂട്ടി വിവരങ്ങൾ പങ്കുവെക്കുന്ന സൈറ്റാണ് വാബീറ്റാ ഇൻഫോ. 
വാട്‌സ്ആപ്പിൽ  ആഗ്രഹിക്കുന്ന പുതിയ ഫീച്ചറുകളും ആശയങ്ങളും പങ്കുവെക്കാൻ വാ ബീറ്റാ ഇൻഫോ ഈയിടെ ട്വിറ്ററിലൂടെ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഈ ട്വീറ്റിന് മറുപടിയായി ഒരാൾ ഫോണുകളെ നിശ്ചലമാക്കുന്ന വാട്‌സാപ്പ് വഴി പ്രചരിക്കുന്ന പുതിയ ടെക്സ്റ്റ് ബോംബിംഗ് രീതിയെ കുറിച്ചുള്ള വിവരം പങ്കുവെച്ചു. അതിന് പിന്നാലെയാണ് ഈ ടെക്സ്റ്റ് ബോംബിംഗ് രീതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാബീറ്റാ ഇൻഫോ പങ്കുവെച്ചത്. ആഴ്ചകൾക്ക് മുമ്പ് ഈ പ്രശ്‌നം ഉന്നയിച്ചിരുന്നുവെന്ന് വാബീറ്റാ ഇൻഫോ വെളിപ്പെടുത്തി.
ടെക്സ്റ്റ് ബോംബിംഗ് രീതിയെ ബിനാരിയോ, കോൺടാക്റ്റ് ബോംബ്‌സ്, ട്രാവാ സാപ്പ്, ക്രാഷേഴ്‌സ്, വികാർഡ് ക്രാഷ് എന്നെല്ലാമാണ് വിളിക്കുന്നതെന്നും അതിനെ വിശദീകരിക്കാൻ പ്രയാസമാണെന്നും ഈ സന്ദേശങ്ങൾ ഒരോ തവണ വാട്‌സാപ്പ് തുറക്കുമ്പോഴും ക്രാഷ് ആകുന്നതിനിടയാക്കുമെന്നും വാബീറ്റാ ഇൻഫോ പറഞ്ഞു. 


 

Latest News