കൊച്ചി- ബംഗളുരു ലഹരിമരുന്നു കടത്തു കേസിൽ അറസ്റ്റിലായ പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധം, തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് തനിക്ക് കമ്മീഷൻ ലഭിച്ചുവെന്ന് പറയുന്ന കമ്പനിയുമായുള്ള ബന്ധം എന്നിവയടക്കം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനിഷ് കൊടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായി ചോദ്യം ചെയ്തു. ബുധനാഴ്ച രാവിലെ രാവിലെ 9.30ന് ചോദ്യം ചെയ്യലിന് ഹാജരായ ബിനീഷിനെ രാത്രി 10 മണിയോടെയാണ് വിട്ടയച്ചത്. ബിനീഷിന്റെ മൊഴികൾ വിശദമായി വിശകലനം ചെയ്ത ശേഷം തുടർ നടപടി തീരുമാനിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ പറഞ്ഞു. ആവശ്യമെങ്കിൽ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യത അവർ തള്ളിയില്ല.
എൻഫോഴ്സ്മെന്റിന്റെ നോട്ടിസിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ 9.30 ഓടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫിസിൽ ബിനീഷ് കൊടിയേരി ഹാജരായത്.ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയപ്പോൾ ബിനീഷ് സാവകാശം ആവശ്യപ്പെട്ടിരുന്നുവെങ്കിലും എൻഫോഴ്സ്മെന്റ് അനുവദിച്ചില്ല. ഇതേ തുടർന്നാണ് ബിനീഷ് ഇന്നലെ രാവിലെ കൊച്ചിയിലെ ഓഫിസിൽ ഹാജരായത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചെന്നൈ ജോയിന്റ് കമ്മീഷണർ ജയഗണേഷ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിയിരുന്നു.
യുഎഎഫ്എക്‌സ് കമ്പനി, ബിനീഷിൻറെ പേരിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ മറവിൽ ബിനാമി, ഹവാലാ ഇടപാടുകളിലൂടെ ബിനീഷ് സ്വർക്കള്ളക്കടത്ത് സംഘവുമായി ബസപ്പെട്ടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ബി കാപ്പിറ്റൽ ഫൈനാൽഷ്യൽ സൊലൂഷ്യൻ സ്, ബി കാപ്പിറ്റൽ ഫോറെക്‌സ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ബിനീഷിന്റെ പേരിലുള്ളത്. എന്നാൽ വാർഷിക റിട്ടേണുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തു. ഇത് അനധികൃത പണം ഇടപാടുകൾക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനമാണോ എന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. ഇതോടൊപ്പം യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്‌മെൻറുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന യുഎഎഫ്എക്‌സ് എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നു. ഇതിൻറെ ഉടമ അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നാണ് ആരോപണം. ഈ കമ്പനിയെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്‌ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. ഇതോടൊപ്പം സ്വർണ്ണക്കളക്കടത്ത് റാക്കറ്റ് ഫണ്ട് കണ്ടെത്താൻ അനൂപ് മുഹമ്മദ് ഉൾപ്പെട്ട ബെംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയതായും അന്വേഷണ ഏജൻസികൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. റാക്കറ്റിൻറെ സൂത്രധാരനായ കെടി റമീസ് മയക്ക് മരുന്നുമാഫിയയുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു.