റിയാദ് - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണില്‍ ബന്ധപ്പെട്ടു. സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ജി-20 കൂട്ടായ്മ നടത്തുന്ന പ്രവര്‍ത്തനങ്ങളും കൊറോണ വെല്ലുവിളികളെ നേരിടാനും കോവിഡ്-19 പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും ജി-20 യോഗങ്ങളുടെ ഭാഗമായി നടത്തിയ ശ്രമങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു.
ആഗോള ജനതയുടെയും സമ്പദ്‌വ്യവസ്ഥയുടെയും മേല്‍ കൊറോണ വ്യാപനം ചെലുത്തുന്ന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ ജി-20 രാജ്യങ്ങള്‍ ശ്രമങ്ങള്‍ തുടരേണ്ടതിന്റെ പ്രാധാന്യം സല്‍മാന്‍ രാജാവ് ഊന്നിപ്പറഞ്ഞു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സഹകരണവും വ്യത്യസ്ത മേഖലകളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും സല്‍മാന്‍ രാജാവും ഇന്ത്യന്‍ പ്രധാനമന്ത്രിയും അവലോകനം ചെയ്തതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു.