Sorry, you need to enable JavaScript to visit this website.

യൂട്യൂബിൽ വന്ന കലഹം

മൽബുവിന്റെ ചെറിയ അശ്രദ്ധ കുടുംബ കലഹത്തിനു കാരണമായിരിക്കയാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ല പ്രവാസികൾക്കും സംഭവിക്കാൻ ചാൻസുള്ളതാണെങ്കിലും ചിലർക്കെങ്കിലും ദുരനുഭവമാകൻ സാധ്യതയുള്ളതാണ് വിഷയം. 
സാധാരണ കൂടെ നിൽക്കാറുള്ള മൽബി പോലും ഇക്കാര്യത്തിൽ മൽബുവിനെ കൈവിട്ടിരിക്കയാണ്. സമയം കിട്ടിയില്ലെന്നതടക്കമുള്ള ന്യായമൊന്നും വിലപ്പോയില്ല. സമയം കിട്ടിയില്ലെങ്കിൽ അതുണ്ടാക്കി ചെയ്യണമെന്നും അല്ലെങ്കിൽ പ്രശ്നം ഗുരതരമാകുമെന്നുമുള്ള മുന്നറിയിപ്പ് കൂടി നൽകിയിരിക്കയാണ് ശ്രീമതി. 


വാട്സാപ്പിലെ ഗ്രൂപ്പുകളുടെ ആധിക്യമാണ് യഥർഥത്തിൽ മൽബുവിന്റെ അശ്രദ്ധക്ക് കാരണം. സ്വന്തം വീട്ടുകാരുടെ ഗ്രൂപ്പ്, മൽബിയുടെ വീട്ടുകാരുടെ ഗ്രൂപ്പ്, പിന്നെ കസിൻസ് ഗ്രൂപ്പ് തുടങ്ങി കുടുംബക്കാരുടേതായി നിരവധിയാണ് ഗ്രൂപ്പുകൾ. എണ്ണിയാൽ തീരാത്ത ഗ്രൂപ്പുകൾ വേറെയും.
സമൂഹ മാധ്യമങ്ങളിൽ ചെറിയ അശ്രദ്ധ മതി വലിയ അപകടങ്ങൾ സംഭവിക്കാൻ എന്നു കേട്ടിട്ട് മൽബു എന്തേലും ഏടാകൂടം ഒപ്പിച്ചുവെന്ന് തെറ്റിദ്ധരിക്കരുത്. കുടുംബത്തിൽ ചെറിയ ഒരു അസ്വാരസ്യത്തിനു കാരണമായി എന്നതു മാത്രമാണ് വസ്തുത.


ആദ്യയാത്ര മുതൽ തന്നെ കലഹം പലതും അഭിമഖീകരിച്ചിട്ടുണ്ട് മൽബു. അനുഭവങ്ങളാണല്ലോ ഗുരു. അതുകൊണ്ടു തന്നെ എല്ലാ പ്രവാസികളേയും പോലെ എവിടെ, എപ്പോൾ, എന്തു സംഭവിക്കുമെന്ന് നല്ല നിശ്ചയവുമുണ്ട്. പക്ഷേ, എത്രയൊക്കെ നിശ്ചയങ്ങളും അനുഭവങ്ങളുമൊക്കെ ഉണ്ടെങ്കിലും പെട്ടുപോകുകയെന്നത് പ്രവാസിയുടെ കൂടപ്പിറപ്പാണ്. 
സ്വന്തം മകനു കൊണ്ടുപോയ അതേ നിറത്തിലുള്ള ടീ ഷർട്ട് അളിയന്റെ മകനു കൊണ്ടുപോയില്ലെന്ന് പറഞ്ഞായിരുന്നു ആദ്യയാത്രയിലെ കലഹം. 
എല്ലാ കുട്ടികൾക്കും ഒരേ ടൈപ്പ് റിമോട്ട് കൺട്രോൾ കാർ ഒപ്പിച്ചതുപോലെ ഒരേ നിറമുള്ള ടീ ഷർട്ട് തന്നെ ഒപ്പിക്കാനും മൽബു ശ്രമിച്ചിരുന്നു. സമയമുണ്ടാക്കി പല കടകളിൽ പോയി തെരഞ്ഞുവെങ്കിലും കിട്ടിയില്ല. 


ഇപ്പോഴത്തേതു പോലെ ആ കലഹത്തിലും മൽബി അവരുടെ കൂടെ നിന്നത് ആദ്യം മൽബുവിനെ വല്ലാതെ തളർത്തിയിരുന്നു. പിന്നീട് സ്ലീപ്പിംഗ് ടൈമിൽ മൽബി മനസ്സു തുറന്നപ്പോഴാണ് സമാധാനമായത്. കലഹത്തിന്റെ യഥാർഥ കാരണം ടീ ഷർട്ടല്ലെന്നും ഫ്രീ വിസ സംഘടിപ്പിക്കാത്തതിൽ അളിയനും നാത്തൂനുമുള്ള ദേഷ്യം അണ പൊട്ടിയതാണെന്നും മൽബി വിശദീകരിച്ചു. ഇങ്ങനെയുള്ള സാഹചര്യത്തിൽ മൽബി കാണിക്കുന്ന ബുദ്ധിശക്തിയോട് മൽബുവിന് മതിപ്പ് തോന്നാറുണ്ട്. 


ഒരേ നിറമുള്ള ടീ ഷർട്ട് നോക്കിയാൽ കിട്ടുമായിരുന്നുവെന്ന് പറഞ്ഞ് മൽബി അവരുടെ പക്ഷം ചേർന്നതോടെ ഇനിയിപ്പോ അതിന്റെ പേരിൽ നിങ്ങൾ തമ്മിൽ തർക്കം വേണ്ടെന്ന് പറഞ്ഞ് അവർ തന്നെ ഒരു ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. 
അളിയനൊരു ഫ്രീ വിസ പ്രശ്നം വീണ്ടും മൽബുവിനു മുന്നിൽ ഉയർന്നുവന്നിരുന്നു. വിസക്കു വേണ്ടി മൽബു ശ്രമിക്കാതിരുന്നിട്ടില്ല. നിതാഖാത് പിടികൂടുന്ന സമയമായിരുന്നു അത്. അനിശ്ചിതാവസ്ഥക്കൊടുവിൽ മൽബുവിനു തന്നെയും നിതാഖാത് പിടിച്ചതിനെ തുടർന്ന് നാട്ടിൽ പോകേണ്ടിവന്നു. 


അളിയനെ സഹായിക്കാത്തതുകൊണ്ടാണ് മൽബുവിനെ നിതാഖാത് പിടിച്ചതെന്നും അതിനു പിടികൊടുക്കാനായി അളിയൻ പോകാതിരുന്നത് നന്നായെന്നും വിഷയത്തിൽ രണ്ടഭിപ്രായമുണ്ടായി. ശത്രുക്കൾ വല്ലതും ചെയ്തുകാണുമോയെന്ന ഒരു സംശയം എളാപ്പമാരിൽ ഒരാൾ ഉന്നയിച്ചിരുന്നുവെങ്കിലും കുടുംബത്തിലും പുറത്തും അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്ന മൽബു അത് കണക്കിലെടുത്തിരുന്നില്ല. 
ഇതേ അളിയന്റെ യു.കെ.ജിയിൽ പഠിക്കുന്ന ഇളയ മോളാണ് ഇപ്പോൾ യൂട്യൂബ് വഴി കുടുംബ കലഹത്തിലേക്ക് നയിച്ചിരിക്കുന്നത്. കുടുംബത്തിലെ എല്ലാ മക്കളുടേയും യൂട്യൂബ് ചാനലുകൾ സബ്സക്രൈബ് ചെയ്യുകയും ലൈക്കടിക്കുകയും ചെയത് മൽബു ഇവളുടെ ചാനൽ മനഃപൂർവം കണ്ടില്ലെന്നു നടിച്ചുവെന്നാണ് ആക്ഷേപം. 


സത്യത്തിൽ ഈ കുട്ടിയുടെ ഡാൻസ് വീഡിയോയുടെ ലിങ്ക് വാട്സ്ആപ്പിൽ മൽബുവിനു കിട്ടിയിട്ടില്ല. ഫാമിലി ഗ്രൂപ്പിൽ ഒന്നല്ല മൂന്നു തവണ ലിങ്ക് അയച്ചിരുന്നുവെന്നാണ് അവരുടെ വാദം. ഗ്രൂപ്പിൽനിന്നാണ് എല്ലാവരും കണ്ടതെന്നും ഫോണിൽ പറഞ്ഞിരുന്നുവെന്നും മൽബിയും ആണയിടുന്നു.
മൽബു ചുമ്മാ എണ്ണിനോക്കി. കുടുംബത്തിലെ കുട്ടികളുടെ വക ഇപ്പോൾ രണ്ട് ഡസനോളം യൂട്യൂബ് ചാനലുകളുണ്ട്. കിച്ചൺ പ്രയോഗം മുതൽ പാട്ടും നൃത്തവും വരെ. അടുക്കള തന്നെയാണ് കൂടുതൽ. ചെലോൽത് മാത്രം ശരിയാക്കി ആ ചെക്കൻ ഫായിസ് വന്നതോടെയാണ് ഓരോ വീട്ടിലും വേണം അഞ്ചെണ്ണമെങ്കിലുമെന്ന തരത്തിൽ ചാനലുകൾ വർധിച്ചത്. 
കുട്ടികളെ കുറ്റം പറയരുത്. ഓൺലൈൻ പഠനത്തിനു ശേഷം കിട്ടുന്ന സമയം അവർ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇത്തരം ക്രിയേറ്റിവിറ്റിയിലൂടെ. ചില കുക്കറി ചാനലുകളൊക്കെ സൂപ്പറാണെന്നും പറയാതെ വയ്യ.


എന്നാൽ അവരുടെ മാതാപിതാക്കൾ അതിനു പിന്നാലെ ഓട്ടോ റിക്ഷയുമെടുത്ത് കൂടുന്നതെന്തിനാണെന്നാണ് മൽബുവിന് മനസ്സിലാകാത്തത്. മക്കൾക്ക് ലൈക്ക് ചോദിക്കുന്നവരായി അവർ തരം താഴുമ്പോൾ മൽബുവിനെ പോലുള്ള പ്രവാസികളും പെട്ടുപോകുന്നു. 
ഏതായാലും അവരുടെ പരിഭവവും മൽബിയുടെ താക്കീതുമൊക്കെ കണക്കിലെടുത്ത് വിട്ടുപോയ കുട്ടിയുടെ ചാനലിന് ലൈക്കും നല്ലൊരു കമന്റും കൊടുത്ത് മൽബു സമാധാനം തിരിച്ചുപിടിച്ചു. 

Latest News