Sorry, you need to enable JavaScript to visit this website.

സമാധാന നൊബേല്‍ പുരസ്‌കാരത്തിന്  ഡൊണാള്‍ഡ് ട്രംപിനെ ശുപാര്‍ശ ചെയ്തു

വാഷിങ്ടണ്‍- സമാധാന നൊബേല്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശുപാര്‍ശ ചെയ്തു. ഇസ്രായേല്‍യുഎഇ സമാധാന കരാര്‍ സാധ്യമാക്കിയ പശ്ചാത്തലത്തിലാണ് ശുപാര്‍ശ. നൊര്‍വീജിയന്‍ പാര്‍ലമെന്റംഗമായ ക്രിസ്റ്റ്യന്‍ ടൈബ്രിങ് ജെദ്ദെ ആണ് ട്രംപിന്റെ പേര് നിര്‍ദേശിച്ചത്. നാറ്റോ പാര്‍ലമെന്ററി അസംബ്ലിയുടെ ചെയര്‍മാന്‍ കൂടിയാണ് ജെദ്ദെ.
മുമ്പും ട്രംപിന്റെ പേര് നിര്‍ദേശിച്ച വ്യക്തിയാണ് ഇദ്ദേഹം. 2018ല്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ട്രംപ് സിംഗപ്പൂരില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു മുമ്പ് ശുപാര്‍ശ ചെയ്തത്. നൊബേല്‍ പുരസ്‌കാരത്തിന് നിര്‍ദേശിക്കപ്പെട്ട മറ്റു വ്യക്തികളേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നത് ട്രംപ് ആണ്. വിവിധ രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമാധാനം പുനസ്ഥാപിക്കാനും ട്രംപ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് ജെദ്ദെ പറഞ്ഞു.
ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ പ്രധാന പ്രശ്‌നമായ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ട്രംപ് തയ്യാറായി. ഇരു കൊറിയകള്‍ക്കിടയിലെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശ്രമം നടത്തി. ഇപ്പോള്‍ ഇസ്രായേലും യുഎഇയും തമ്മിലുള്ള സമാധാന കരാര്‍ ധാരണയിലെത്തി. എല്ലാത്തിലും ട്രംപിന്റെ കൈയ്യൊപ്പുണ്ട് എന്ന് നോര്‍വീജിയന്‍ പാര്‍ലമെന്റേറിയന്‍ നൊബേല്‍ പുരസ്‌കാര സമിതിക്ക് നല്‍കിയ കത്തില്‍ വിശദീകരിച്ചു.
 

Latest News