Sorry, you need to enable JavaScript to visit this website.

ആനന്ദത്തിന്റെ  അതിരുകളില്ലാത്ത ലോകം

വിജയ മന്ത്രങ്ങൾ

സെലിബ്രേറ്റ് ദ ലൈഫ് അഥവാ ജീവിതം ആഘോഷമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു വിജയ മന്ത്രമാണ്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കി മാറ്റുമ്പോൾ ജീവിത വിജയം സ്വാഭാവികമായി സംഭവിക്കും. പക്ഷേ എങ്ങനെ ജീവിതം ആഘോഷമാക്കി മാറ്റാമെന്നത് നാം തിരിച്ചറിയണം. ജീവിതം ഒരു യാത്രയാണ്. ഒരു മൽസരമല്ല. അതിനാൽ ചുറ്റുമുള്ളവരെ സഹായിക്കാൻ സമയം കണ്ടെത്തിയാണ് ജീവിതം ആഘോഷിക്കേണ്ടത്.
നിങ്ങൾ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതും സമരസപ്പെടുമ്പോഴാണ് സന്തോഷമുണ്ടാകുന്നത്. പ്രശസ്തമായൊരു ചൈനീസ് പഴമൊഴിയുണ്ട്. നിങ്ങൾക്ക് ഒരു മണിക്കൂർ നേരത്തേക്ക് സന്തോഷം വേണമെങ്കിൽ അൽപം മയങ്ങുക, ഒരു ദിവസത്തേക്ക് സന്തോഷം വേണമെങ്കിൽ മീൻ പിടിക്കുവാൻ പോവുക, ഒരു വർഷത്തേക്ക് സന്തോഷം വേണമെങ്കിൽ ഒരു ഭാഗ്യം അനന്തരമെടുക്കുക. ജീവിതകാലം മുഴുവൻ സന്തോഷം വേണമെങ്കിൽ ആരെയെങ്കിലും സഹായിക്കുക.
വോൾട്ടയറുടെ പ്രശസ്തമായൊരു വാചകം ഇങ്ങനെ വിവർത്തനം ചെയ്യാം. ആനന്ദം തേടി നടക്കുകയാണ് നാമെല്ലാം; പക്ഷേ എവിടെയാണതിരിക്കുന്നതെന്ന് നമുക്കറിയുകയുമില്ല; സ്വന്തം വീടു തേടി നടക്കുന്ന കുടിയന്മാരെപോലെ: തങ്ങൾക്കൊരു വീടുണ്ടെന്ന മങ്ങിയ ബോധമേ അവർക്കുള്ളു.


സത്യം കൊണ്ട് മനസ്സും സ്നേഹം കൊണ്ട് ഹൃദയവും സേവനം കൊണ്ട് ജീവിതവും സമ്പന്നമാകുമ്പോഴാണ് സന്തോഷമുണ്ടാകുന്നത്. ജീവിതത്തിൽ നാം പലപ്പോഴും ചെയ്യുന്ന ഗുരുതരമായ തെറ്റ് നമുക്ക് ഇനിയും സമയമുണ്ട് എന്ന് തെറ്റിദ്ധരിക്കുന്നതാണ്. എത്രയോ നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളുമാണ് കടന്നുപോയത്. അവയൊന്നും ഇനി ഒരിക്കലും തിരിച്ചുവരില്ല.
വിജയമെന്നത് യാദൃഛികമല്ല. അത് കഠിനാധ്വാനവും നിരന്തര പ്രയത്നവും അറിവും ത്യാഗവും അതിലെല്ലാമുപരി ചെയ്യുന്ന പ്രവൃത്തിയോടുള്ള സ്നേഹവുമാണെന്നാണ് ഫുട്ബോൾ ഇതിഹാസം പെലെ അഭിപ്രായപ്പെട്ടത്.
നിങ്ങൾ പറക്കാനുള്ള ചിറകുകളുമായാണ് ജനിച്ചിരിക്കുന്നത്. പിന്നെ എന്തിന് ജീവിതം മുഴുവൻ ഇഴയാൻ മുതിരണമെന്ന റൂമിയുടെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. വിജയപാതയിൽ പാറിപ്പറന്ന് ജീവിതം ആഘോഷമാക്കി സന്തോഷത്തിന്റേയും ക്രിയാത്മകതയുടേയും വികാരങ്ങൾ പരത്താനാണ് നാം ശ്രദ്ധിക്കേണ്ടത്.


നാം തളർന്നു വീണതോ തകർന്നു പോയതോ അവരറിയണ്ട. നാം വസന്തത്തെ വരവേൽക്കാനായി പഴയ ഇലകൾ പൊഴിക്കുകയാണെന്ന് അവർ ധരിക്കട്ടെ എന്നാണ് റൂമി പറഞ്ഞത്. എന്റെ ജീവിതത്തിൽ എനിക്ക് ഒരു പാട് പ്രശ്നങ്ങളുണ്ട്. പക്ഷേ എന്റെ ചുണ്ടുകൾക്ക് അതറിയില്ല. അതിനാൽ അതെപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നു എന്ന ചാർലി ചാപ്ളിന്റെ പ്രശസ്തമായ വാക്കുകളും നാം ഓർക്കുക. സ്വയം ഉന്മേഷമാവാനുള്ള ഏറ്റവും നല്ല വഴി മറ്റൊരാളെ ഉന്മേഷവാനാക്കുക എന്നതാണ്. തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാൻ മനുഷ്യനു കഴിയില്ല. ഒരു മനുഷ്യനും അയാൾ നയിക്കുന്ന ജീവിതവും തമ്മിലുള്ള പൊരുത്തത്തെയല്ലാതെ മറ്റെന്തിനെയാണു നാം ആനന്ദം എന്നു വിളിക്കുക, വിഖ്യാത സാഹിത്യകാരനായ മാർക് ട്വയിന്റെ വാക്കുകളാണിത്.
ജീവിതത്തിൽ എല്ലാവരും സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കിലും തിരക്കുപിടിച്ച ജീവിതത്തിൽ അത് കേവലം ആഗ്രഹം മാത്രമായി ചുരുങ്ങുന്നത് ഒഴിവാക്കുവാൻ നമ്മുടെ ജീവിത രീതിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകുമെന്നാണ് ഇവ്വിഷയകമായി നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഇനി പറയുന്ന ശീലങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ ജീവിതം സമാധാനപൂർവവും സന്തോഷകരവുമായേക്കും.


1. ആവശ്യമില്ലാത്തവ ഉപേക്ഷിക്കുക. ആവശ്യമില്ലാത്ത എന്തും മനസ്സിൽ വെക്കാതിരിക്കുകയെന്നതാണ് സമാധാനം ഉറപ്പാക്കുന്നതിനുളള ആദ്യ പടി. ആവശ്യമില്ലാത്ത ചിന്തകളും വേവലാതികളും മനസ്സിന് ഭാരമാണ് നൽകുക. അവ ഒഴിവാക്കിയാൽ വലിയ ആശ്വാസം ലഭിക്കും. ചിന്തകൾ മാത്രമല്ല, ആവശ്യമില്ലാത്ത സാധനങ്ങളും ഒഴിവാക്കുന്നത് അഭികാമ്യമാണ്.
2. ജോലിയേക്കാൾ നിങ്ങൾക്ക് പ്രാധാന്യം നൽകുക. ഓരോരുത്തരും വ്യക്തി എന്ന നിലക്ക് സ്വന്തത്തിന് പ്രാധാന്യവും പരിഗണനയും നൽകുമ്പോൾ മനസ്സ് ശാന്തമാവുകയും ജീവിതത്തിൽ സന്തോഷമുണ്ടാവുകയും ചെയ്യും. നമുക്ക് ജീവിക്കുവാൻ ജോലി ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ നാം ജീവിക്കുന്നത് തന്നെ ജോലി ചെയ്യുവാനാണ് എന്ന അവസ്ഥ ഒരിക്കലുമുണ്ടാവരുത്. ഏത് തിരക്കുപിടിച്ച ജോലിക്കിടയിലും സ്വന്തത്തിനായി കുറച്ച് സമയം കണ്ടെത്തുക. ഇത് ശാരീരിക വ്യായാമങ്ങൾക്കും വായനക്കും പ്രയോജനപ്പെടുത്താം.
3. കുട്ടികളോടും കുടുംബത്തോടുമൊപ്പം ഗുണപരമായ കുറച്ച് സമയം ചെലവഴിക്കുക. ജീവിതത്തിലെ സമ്മർദങ്ങൾ ലഘൂകരിക്കുന്നതിലും സമാധാനം ഉറപ്പു വരുത്തുന്നതിലും കുടുംബത്തിന് വലിയ പങ്കുണ്ട്. കുട്ടികളോടൊപ്പം കളിച്ചും രസിച്ചും സമയം ചെലവഴിക്കുമ്പോൾ മനസ്സും ശരീരവും കൂടുതൽ ഉന്മേഷഭരിതമാകും.
4. ജീവിതത്തിൽ അടുക്കും ചിട്ടയുമുണ്ടാവുക എന്നതും വളരെ പ്രധാനമാണ്. എല്ലാം വ്യവസ്ഥാപിതമായി നടക്കുമ്പോൾ മനസ്സിന് അനുഭവപ്പെടുന്ന സുഖവും സമാധാനവും അവാച്യമായിരിക്കും. ഓരോന്നും ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട രീതിയിൽ ചെയ്യുക.


5. ഉന്മേഷഭരിതരാക്കുന്ന കാര്യങ്ങൾ നിത്യേന ചെയ്യുക. ഓരോരുത്തർക്കും ഉന്മേഷവും ആവേശവും പകരുന്ന കാര്യങ്ങൾ വ്യത്യസ്തമാകാം. അതിനാൽ ഓരോരുത്തരും അവനവന്റെ അഭിരുചിക്കനുസരിച്ച് ഉന്മേഷം ലഭിക്കുന്ന കാര്യങ്ങളിൽ വ്യാപൃതരാവുക. കായിക വിനോദങ്ങൾ, കലാപരിപാടികൾ, സംഗീതം, യാത്രകൾ, പിക്നിക്കുകൾ തുടങ്ങി മനസ്സിന് ഊർജം നൽകുന്ന പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇടപെടുകയും ചെയ്യുക.
6. നിത്യേന ചെയ്യുന്ന കാര്യങ്ങൾ സന്തോഷത്തോടെ ചെയ്യുക. സന്തോഷമുളള കാര്യങ്ങൾ മാത്രം ചെയ്യാൻ ശ്രമിക്കുക, ചെയ്യുന്ന കാര്യങ്ങൾ സന്തോഷത്തോടെ ചെയ്യുക. എന്തു ജോലിയും ഇഷ്ടപ്പെട്ട് സന്തോഷത്തോടെ ചെയ്യുമ്പോഴാണ് മികച്ചതാകുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ സന്തോഷം അനിവാര്യ ഫലമാകും.


7. പ്രചോദനം നൽകുന്ന സാധനങ്ങൾ ശേഖരിക്കുക. പല കാര്യങ്ങളും പല തരത്തിൽ നമ്മെ പ്രചോദിപ്പിക്കും. പ്രശസ്തരായവരുടെയും മറ്റും പ്രചോദനം നൽകുന്ന വാക്കുകൾ, കഥകൾ തുടങ്ങി ചിത്രങ്ങൾ, ലേഖനങ്ങൾ എന്നിവയെല്ലാം ശേഖരിക്കാം. ഇതെല്ലാം നിങ്ങൾ മാനസികമായി തളർന്നിരിക്കുന്ന സമയങ്ങളിൽ പ്രചോദനം നൽകും. വിവിധ വിഷയങ്ങളിൽ പ്രചോദനം നൽകുന്ന ധാരാളം വീഡിയോകളാണ് യുട്യൂബിലൊക്കെ ഉള്ളത്. സമയത്തിനും താൽപര്യത്തിനുമനുസരിച്ച് ഇവയൊക്കെ പ്രയോജനപ്പെടുത്താം.
8. സന്തോഷം നൽകുന്ന കാര്യങ്ങളെക്കുറിച്ച് എഴുതുക. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങളെക്കുറിച്ച് എഴുതുന്നത് മനഃസമാധാനവും ശാന്തിയും നൽകും. ഗ്രാറ്റിറ്റിയൂഡ് ജേർണലായോ ഡയറിക്കുറിപ്പായോ ഇത് പരീക്ഷിക്കാം. മനസ്സിന് കുളിരേകുന്ന ഓർമകൾ അയവിറക്കുമ്പോൾ മനസ്സ് ആനന്ദത്തിന്റെ അതിരുകളില്ലാത്ത ലോകത്താണ് വിരാജിക്കുക
9. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പാലിക്കുക. നിങ്ങളുടെ ഭക്ഷണമാണ് നിങ്ങളുടെ മരുന്ന്. രോഗപ്രതിരോധവും രോഗശമനവുമൊക്കെ നൽകുവാൻ കഴിയുന്ന ഭക്ഷണക്രമം ശീലിക്കുക. ആരോഗ്യത്തിന് ഹാനികരമായ ഒന്നും ഉപയോഗിക്കാതിരിക്കുക.


10. നെഗറ്റീവ് ഇംപാക്റ്റ് നൽകുന്നവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. ജീവിതത്തിലെ അമൂല്യ മുഹൂർത്തങ്ങളെ നശിപ്പിക്കാൻ ചില ചെറിയ നെഗറ്റീവ് പരാമർശങ്ങൾ മതിയാകും. അതിനാൽ നിങ്ങളെ ദ്വേഷ്യം പിടിപ്പിക്കുകയോ മാനസികമായി തളർത്തുന്നതോ ആയ വ്യക്തികളുമായുള്ള സമ്പർക്കങ്ങൾ പരമാവധി ഒഴിവാക്കുക. പോസിറ്റീവ് ചിന്താഗതിയുള്ളവരുമായി മാത്രം ചങ്ങാത്തം കൂടുവാൻ പരിശ്രമിക്കുകയെന്നത് എപ്പോഴും നമ്മെ നന്മയിലേക്കാണ് നയിക്കുക.
മറ്റുള്ളവർ നിങ്ങൾക്കു നേരെ കല്ലെറിയുന്നുവെങ്കിൽ നിങ്ങൾ അവയെ നാഴികകല്ലുകളാക്കി മാറ്റുക എന്ന ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ പകരുന്ന വികാരവും മറ്റൊന്നല്ല. ജീവിതത്തിലെ ഓരോ നിമിഷങ്ങളുടേയും വിലയറിഞ്ഞ് ആഘോഷിക്കാൻ നാം തയാറാകുമ്പോഴാണ് വിജയപാതയിലുള്ള നമ്മുടെ യാത്ര അനായാസമാകുന്നത്. 

Latest News