Sorry, you need to enable JavaScript to visit this website.

'കൊറോണ അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഇല്ലാതാക്കിയത് തൊഴിലുകള്‍'; മോഡിക്കെതിരെ രാഹുല്‍

ന്യൂദല്‍ഹി- 21 ദിവസത്തിനകം കൊറോണ വൈറസിനെ പിടിച്ചു കെട്ടുമെന്ന് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തൊട്ടാകെ നടപ്പിലാക്കിയ ലോക്ഡൗണ്‍ 21 ദിവസം കൊണ്ട് അസംഘടിത മേഖലയുടെ നടുവൊടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതുവഴി നിരവധി തൊഴിലുകള്‍ ഇല്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊടുന്നനെ നടപ്പിലാക്കിയ ലോക്ഡൗണ്‍ അസംഘടിത മേഖലയെ പാടെ തകര്‍ത്തിരിക്കുകയാണ്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത മിനിമം വേതനം ഉറപ്പാക്കുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ 'ന്യായ്' പോലുള്ള ക്ഷേമ പദ്ധതി സര്‍ക്കാര്‍ ഉടന്‍ അവതരിപ്പിക്കണമെന്നും രാഹുല്‍ ബുധനാഴ്ച പുറത്തു വിട്ട വിഡിയോയില്‍ ആവശ്യപ്പെട്ടു.

ചെറുകിട ഇടത്തരം ബിസിനസ് രംഗത്തുള്ള പാവങ്ങള്‍ ദിവസ വേതനത്തെ ആശ്രയിച്ചു കഴിയുന്നവരാണ്. ഓരോ ദിവസവും സമ്പാദിച്ചിട്ടു വേണം അവര്‍ക്കു തിന്നാന്‍. ഒരു മുന്നറിയിപ്പുമില്ലാതെ നിങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ അത് അവരെ ആക്രമിക്കുന്നതിനു തുല്യമാണ്. (കൊറോണയ്‌ക്കെതിരെ) 21 ദിവസം പോരാട്ടമായിരിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഈ 21 ദിവസം കൊണ്ട് അസംഘടിത മേഖലയുടെ നടുവൊടിക്കുകയാണ് ചെയ്തത്- രാഹുല്‍ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കു കാരണമായ മോഡി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച് രാഹുല്‍ പുറത്തു വിട്ട വിഡിയോ പരമ്പരിയില്‍ നാലാമത്തേത് ആണിത്. നോട്ടു നിരോധനം, ചരക്കു സേവന നികുതി (ജിഎസ്ടി), ലോക്ഡൗണ്‍ എന്നീ നാലു പ്രധാന കാരണങ്ങളാണ് സാമ്പത്തിക തകര്‍ച്ചയ്ക്കു കാരണമെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടി വിഡിയോകളില്‍ രാഹുല്‍ വിശദീകരിക്കുന്നു.
 

Latest News