കണ്ണൂര്‍- കണ്ണവത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സലാഹുദ്ദീന് കോവിഡ് ബാധിച്ചിരുന്നുവെന്ന് പരിശോധനാ ഫലം.
തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള കാര്യങ്ങള്‍ ഫോറന്‍സിക് സര്‍ജന്‍ അടക്കമുള്ളവരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം.
വെട്ടേറ്റ സലാഹുദ്ദീനെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ജീവനക്കാര്‍, പോലീസുകാര്‍, നാട്ടുകാര്‍ അടക്കമുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളോ
ടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയില്‍ സലാഹുദ്ദീന്‍ (30) കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
രണ്ട് സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരുന്നതിനിടെ കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് സലാഹുദ്ദീന്‍ വാഹനത്തില്‍നിന്ന് ഇറങ്ങി. ഈ സമയം രണ്ടുപേര്‍ പിന്നില്‍നിന്ന് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് അക്രമിസംഘം രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസില്‍ അറിയിച്ചത്.
കഴുത്തിലും തലക്കും ആഴത്തില്‍ വെട്ടേറ്റ യുവാവിനെ ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.






