വാഷിംഗ്ടണിലെ മാല്‍ഡന്‍ പട്ടണം കാട്ടുതീ നക്കിത്തുടച്ചു; 80 ശതമാനം വീടുകള്‍ക്ക് നാശം

സക്രാമെന്റോ- അമേരിക്കയില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കാട്ടതീ പടരുന്നു. ശക്തമായ കാറ്റും ഉയര്‍ന്ന താപനിലയും കാരണമാണ് കാട്ടുതീ അനിയന്ത്രിതമാം വിധം വ്യാപിക്കുന്നത്. വാഷിംഗ്ടണ്‍ പട്ടണമായ മാല്‍ഡനില്‍ വ്യാപക നാശമുണ്ടാക്കിയ തീ  ഒറിഗണ്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

സിയാറ്റിലിന് 480 കിലോമീറ്റര്‍ കിഴക്കായുള്ള  ചെറിയ പട്ടണമായ മാല്‍ഡനില്‍ കാണാതായവര്‍ക്കായി അഗ്‌നിശമന സേനാംഗങ്ങളും ദ്രുതകര്‍മ സേനയും തിരച്ചില്‍ നടത്തി. ഇവിടെ  80     ശതമാനം വീടുകളും ഫയര്‍ സ്‌റ്റേഷന്‍, പോസ്‌റ്റോഫീസ്, സിറ്റി ഹാള്‍, ലൈബ്രറി എന്നിവയും കത്തിനശിച്ചു.

ദുരന്തത്തിന്റെ വ്യാപ്തി വിവരണാതീതമാണെന്നും 200-300 പേര്‍ താമസിച്ചിരുന്ന  വിറ്റ്മാന്‍ കൗ  ണ്ടിയിലെ ഷെരീഫ് ബ്രെറ്റ് മിയേഴ്‌സ് പറഞ്ഞു. എല്ലാവരും യഥാസമയത്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ഉച്ചയോടെയാണ് മണിക്കൂറില്‍ 40 മൈല്‍ വേഗതയില്‍ വീശയ കാറ്റില്‍ ആളിപ്പടര്‍ന്ന കാട്ടുതീ   മാല്‍ഡനെ നക്കിത്തുടച്ചത്.

തീ പടരുന്നതിനുമുമ്പ് അധികൃതര്‍ വീടുതോറും കയറി ആളുകളോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഏകദേശം മൂന്ന് മണിക്കൂറിനുള്ളില്‍ നഗരത്തിന്റെ ഭൂരിഭാഗവും തീ പടര്‍ന്നു.
താപനില കുതിച്ചുയരുന്നതിനിടെ വാഷിംഗ്ടണ്‍, ഒറിഗണ്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ പടര്‍ന്ന  ഡസന്‍ കണക്കിന് കാട്ടുതീയില്‍ ഏറ്റവും രൂക്ഷമായിരുന്നു മാല്‍ഡനിലേത്.

 

Latest News