ഓക്‌സ്ഫഡ് വാക്‌സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാത രോഗം; പരീക്ഷണം നിര്‍ത്തി

ലണ്ടന്‍- ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയോടൊപ്പം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്ര സെനെക്ക വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തി. മരുന്ന് പരീക്ഷിക്കുന്നവരില്‍ ഒരാളില്‍ ഗുരുതരമായ പ്രതികൂല പ്രതികരണമുണ്ടായതിനെത്തുടര്‍ന്നാണ്  മൂന്നാം ഘട്ട പരീക്ഷണം മരുന്ന് കമ്പനി താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നത്.  കോവിഡ് വാക്‌സിന്‍ യു.കെയിലും യു.എസിലും പരീക്ഷിച്ചു വരികയായിരുന്നു.

വാക്‌സിന്‍ പരീക്ഷണം സ്വമേധയാ നിര്‍ത്തുകയാണെന്നും ഇതുവരെ നടന്ന പരീക്ഷണങ്ങളുടെ സുരക്ഷാ ഡാറ്റ പരിശോധിക്കുന്നതിന് സ്വതന്ത്ര സമിതിയെ അനുവദിക്കുമെന്നും ആസ്ട്രാ സെനെക്ക വക്താവ് പറഞ്ഞു.

ഇത് പതിവ് നടപടിയാണെന്നും പരീക്ഷണങ്ങളിലൊന്നില്‍ വിശദീകരിക്കാനാകാത്ത ഏതെങ്കിലും അസുഖമോ പ്രതികരണമോ ഉണ്ടായാല്‍ പരിശോധന അനിവാര്യമാണ്. ഇതിലൂടെ  പരീക്ഷണങ്ങളുടെ സമഗ്രത ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും വക്താവ് പറഞ്ഞു.
മരുന്ന് പരീക്ഷിച്ചയാള്‍ ഏതുതരം പ്രതികരണമാണ്  ഉണ്ടായതെന്നോ പരിശോധന എപ്പോള്‍ പുനരാരംഭിക്കുമെന്നോ  ആസ്ട്ര സെനെക്ക നല്‍കിയിട്ടില്ല. കാര്യമായ കാലതാമസമുണ്ടാകില്ലെന്ന പ്രതീക്ഷയില്‍ അവലോകനം ത്വരിതപ്പെടുത്തുകയാണെന്ന് വക്താവ് വ്യക്തമാക്കി.

യു.കെയുടെ വാക്‌സിന്‍ പരിശോധനയുടെ ഫലം സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡ് ആഴത്തില്‍തന്നെ അവലോകനം ചെയ്യുകയാണെന്നും പ്രതികൂല സംഭവമുണ്ടാകുമ്പോള്‍ ഇത് സ്വാഭാവിക നടപടിയാണെന്നും ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡിന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. മുഹമ്മദ് സ്ലൗയി പറഞ്ഞു.

വാക്‌സിന്‍ പരീക്ഷണം ഇടക്കുവെച്ച് താല്‍ക്കാലികമായി നിര്‍ത്തുന്നത് അസാധാരണമല്ലെന്ന് പരീക്ഷണം നടത്തുന്ന കേന്ദ്രങ്ങളിലൊന്നായ വിസ്‌കോണ്‍സിന്‍ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ ചീഫ് ക്വാളിറ്റി ഓഫീസര്‍ ഡോ. ജെഫ് പോത്തോഫിന്‍ അവകാശപ്പെട്ടു.
കൂടുതല്‍ വിവരങ്ങള്‍  അറിയില്ലെന്നും  ആസ്ട്രാ സെനെക്ക, ഫൈസര്‍, മോഡേണ  എന്നീ കമ്പനികള്‍ സുരക്ഷയില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുണ്ടെന്നും അപാകതയുണ്ടെന്ന് ചെറിയ സൂചന ലഭിച്ചാല്‍ തന്നെ നീങ്ങാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest News