Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ നേതാവിന്റെ പരാമർശം വിവാദമായി

തിരുവനന്തപുരം- ഡി.വെ.എഫ്.ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാൻ പറ്റുകയുളളൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്ന പരാമർശത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പ്രതിഷേധം. 
കുളത്തുപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവർത്തകൻ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയിൽപ്പെട്ട ആരോഗ്യപ്രവർത്തകനാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ വിവാദ മറുപടി. താൻ അന്വേഷിച്ചപ്പോൾ അദ്ദേഹം കോൺഗ്രസുകാരനല്ലെന്നാണ് അറിഞ്ഞതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 


യു.ഡി.എഫ് ഉന്നതാധികാരസമിതി യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിച്ച  വാർത്താ സമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പരാമർശം. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
പരമാർശം വിവാദമായതോടെ വിശദീകരണവുമായി ചെന്നിത്തല രംഗത്തെത്തി. താൻ നടത്തിയ പത്രസമ്മേളനത്തിൽനിന്ന് ഒരു വാചകം മാത്രം അടർത്തിയെടുത്ത്, വളച്ചൊടിച്ച് തന്നെ പരിഹസിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പത്രലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഡി.വൈ.എഫ്.ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാവു എന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ എന്ന് താൻ മറുപടി നൽകി എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. 


ഡി.വൈ.എഫ്.ഐക്കാർ മാത്രമല്ല, ഭരണപക്ഷ സർവീസ് സംഘടനയായ എൻ.ജി.ഒ യൂനിയൻകാരും പീഡിപ്പിക്കുന്നുണ്ട് എന്ന അർഥത്തിലാണ് താൻ പറഞ്ഞത്. തന്റെ മറുപടിയിലെ അടുത്ത വാചകങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും. സ്ത്രീകൾക്കെതിരെ ഒരു തരത്തിലുമുള്ള പീഡനവും പാടില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.
സി.പി.എം സൈബർ ഗുണ്ടകളും ചില കേന്ദ്രങ്ങളും നേരത്തേയും ഇതുപോലെ തന്റെ പത്രസമ്മേളനത്തിലെ ഏതാനും വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. അതിന്റെ ഭാഗം മാത്രമാണ് ഇതും. കോവിഡ് രോഗികളായ രണ്ട് യുവതികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി രോഷം അലടയിക്കുകയാണ്. അതിൽ നിന്ന് ശ്രദ്ധതിരിച്ച് വിടുന്നതിനുള്ള കുതന്ത്രം മാത്രമാണ് ഇത്. നിക്ഷിപ്ത താൽപര്യക്കാരുടെ ആ കുതന്ത്രത്തിൽ വീണുപോകരുതെന്നും ചെന്നിത്തല പറഞ്ഞു.


സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പിൽ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് അത്യന്തം പ്രതിഷേധാർഹവും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 


തന്റെ പ്രസ്താവന പരസ്യമായി പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ പ്രതിപക്ഷ നേതാവ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ഏത് പദവിയിലുള്ള ആളായാലും ആർക്കും എന്തും ആകാമെന്ന ധാർഷ്ട്യമാണ് ചെന്നിത്തലയുടെ മറുപടിയെന്ന് സംസ്ഥാന വനിതാകമ്മീഷൻ ചെയർപേഴ്‌സൺ എം.സി. ജോസഫൈൻ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ചെന്നിത്തല പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട്, പ്രത്യേകിച്ച് സ്ത്രീകളോട് മാപ്പ് പറയണമെന്ന് വനിതാകമ്മിഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. 
വിഷയം വനിതാ കമ്മിഷൻ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അവർ അറിയിച്ചു.

 

Latest News